കൊടനാട്: സിബിഐ അന്വേഷണ ആവശ്യം തള്ളി

ചെന്നൈ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേനൽകാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിൽ നടന്ന കവർച്ചയ്ക്കും കൊലപാതകങ്ങൾക്കും പിന്നിൽ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയാണെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സാമൂഹിക പ്രവർത്തകൻ ട്രാഫിക് രാമസ്വാമിയാണു ഹർജി നൽകിയത്.

സംഭവത്തിൽ എടപ്പാടിക്കു പങ്കുണ്ടെന്നു പ്രതികളായ സയനും വാളയാർ മനോജും ആരോപിച്ചിരുന്നു. എന്നാൽ ആരോപണത്തിന് എന്തു തെളിവാണുള്ളതെന്ന് ചോദിച്ച കോടതി കേസിലെ പ്രതികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കി അന്വേഷണം പ്രഖ്യാപിക്കാനാകില്ലെന്നും അറിയിച്ചു.