ന്യൂഡൽഹി ∙ സമീപകാലത്തു സർക്കാരിന് ഏറെ തലവേദനയുണ്ടാക്കിയ സിബിഐയുടെ തലപ്പത്ത് ആരെ നിയമിക്കണമെന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരടങ്ങിയ മൂന്നംഗ സമിതി ഒരു മണിക്കൂറോളം ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല.
അടുത്തയാഴ്ച വീണ്ടും യോഗം ചേരുമെന്നാണ് അറിയുന്നത്. പരിഗണനാ പട്ടികയിൽ എൺപതോളം പേരുണ്ടെന്നു ഖർഗെ യോഗത്തിനു ശേഷം പറഞ്ഞു. അവർ സർവീസിലെത്തിയതും വിരമിക്കുന്നതുമായ തീയതി മാത്രമാണു നൽകിയതെന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.