ചന്ദ കോച്ചറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ മാറ്റി

Chanda-Kochhar
SHARE

ന്യൂഡൽഹി∙ വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കോച്ചറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനു സ്ഥലംമാറ്റം. 22ന് എഫ്ഐആറിൽ ഒപ്പുവച്ചതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി സുധാൻഷു ധർ മിശ്രയെ 23നു റാഞ്ചിയിലേക്കു സ്ഥലംമാറ്റിയ വിവരമാണു പുറത്തുവന്നത്. സിബിഐ നീക്കങ്ങൾ ചോർത്തിയതിന്റെ പേരിലാണു സ്ഥലംമാറ്റം എന്നാണ് അനൗദ്യോഗിക വിശദീകരണം. ചന്ദ കോച്ചറിനെതിരെ കേസെടുത്ത നടപടിയെ ചോദ്യം ചെയ്തു കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡയറക്ടറും സ്പെഷൽ ഡയറക്ടറും ഉൾപ്പെട്ട വിവാദത്തിൽ മുഖം നഷ്ടപ്പെട്ട സിബിഐയെ പുതിയ വിവാദം വീണ്ടും പ്രതിസന്ധിയിലാക്കി.

3,250 കോടി രൂപയുടെ വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ, വിഡിയോകോൺ ഡയറക്ടർ വേണുഗോപാൽ ധൂത് എന്നിവർക്കെതിരെയാണു സിബിഐ കേസെടുത്തത്. ഇതിനു പിന്നാലെ എസ്പി സുധാൻഷു ധർ മിശ്രയെ ബാങ്കിങ് ആൻഡ് സെക്യൂരിറ്റീസ് ക്രമക്കേടുകൾ അന്വേഷിക്കുന്ന വിഭാഗത്തിൽനിന്ന് റാഞ്ചിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. 

കേസെടുക്കുന്നതു വൈകിപ്പിച്ചതിനും റെയ്ഡ് അടക്കമുള്ള വിവരങ്ങൾ ചോർത്തി നൽകിയതിനുമാണു നടപടിയെന്നു സിബിഐ വിശദീകരിക്കുന്നു. മിശ്രയും ഏജൻസിയിലെ മറ്റു ചിലരും നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കുമെന്നും സിബിഐ വ്യക്തമാക്കി. 

കേസെടുത്തതിനെ വിമർശിച്ച് 25ന് ആണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി ട്വിറ്ററിലൂടെ പരാമർശം നടത്തിയത്. അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ആരെയും പ്രതി ചേർക്കരുതെന്നും, കോച്ചറിനെതിരായ കേസ് അന്വേഷണം സാഹസമാണെന്നുമാണ് യുഎസിൽ ചികിൽസയിൽ കഴിയുന്ന ജയ്റ്റ്‌ലി വിമർശിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA