ഇൻഡോർ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിലോ എന്നു പേടിച്ചാണ് കോൺഗ്രസ് പാർട്ടി പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയതെന്നു പറഞ്ഞ ബിജെപി നേതാവ് കൈലാഷ് വിജയ്‌വാർഗിയ പുലിവാലു പിടിച്ചു. പ്രിയങ്കയെക്കുറിച്ചു പറഞ്ഞപ്പോൾ ‘ചോക്‌ലേറ്റ്’മുഖമെന്നു പരാമർശിച്ചതാണു വിവാദമായത്. ബോളിവുഡ് താരങ്ങളായ കരീന കപൂറിനെയും സൽമാൻ ഖാനെയും സൂചിപ്പിച്ചാണ് ആ പ്രയോഗം നടത്തിയതെന്നു പറഞ്ഞു നേതാവു പിന്നീടു തടിതപ്പാൻ ശ്രമിച്ചു.
‘കരീന കപൂറിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കണമെന്ന് ഒരു നേതാവ് പറയുന്നു. ഇൻഡോറിൽ സൽമാൻ ഖാനെ രംഗത്തിറക്കണമെന്നു മറ്റു ചിലർ പറയുന്നു. അങ്ങനെയിപ്പോഴിതാ പ്രിയങ്കയെയും സജീവരാഷ്ട്രീയത്തിലേക്ക് അവർ കൊണ്ടുവന്നിരിക്കുന്നു. കോൺഗ്രസിന്റെ കയ്യിൽ ശക്തരായ സ്ഥാനാർഥികളാരുമില്ല. ആത്മവിശ്വാസമില്ലാത്തതു കൊണ്ടാണ് ഇത്തരം ‘ചോക്‌ലേറ്റ് മുഖങ്ങൾ’ ഉപയോഗിച്ചു കോൺഗ്രസ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്’ എന്നായിരുന്നു വിവാദപ്രസ്താവന.