ന്യൂഡൽഹി∙ ഇന്ത്യയുടെ വലിയ ചരിത്രവും സംസ്കാരവും സൈനിക കരുത്തും വിളംബരം ചെയ്ത വർണാഭമായ ചടങ്ങുകളോടെ രാജ്യം 70–ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറിൽ റമഫോസ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സേനകളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു.
16 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 22 ടാബ്ലോകൾ അണിനിരന്നു.‘ഗാന്ധിജിയുടെ ജീവിതവും ദർശനവും’ എന്ന വിഷയം ആസ്പദമാക്കിയായിരുന്നു നിശ്ചലദൃശ്യങ്ങൾ.
സമാധാനകാലത്തു നൽകുന്ന പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര, കശ്മീർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലാൻസ് നായിക് നസീർ അഹമ്മദ് വാനിയുടെ ഭാര്യ മഹാജബീനും മാതാവ് രാജാ ബാനോയും ചേർന്ന് രാഷ്ട്രപതിയിൽനിന്നു സ്വീകരിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ചരിത്രത്തിലാദ്യമായി ഒട്ടേറെ പുതുമുകൾക്കും ഇത്തവണ ചടങ്ങ് വേദിയായി.
∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷനൽ ആർമിയിലെ അംഗങ്ങളായ നാലുപേർ - പരമാനന്ദ്, ലാൽട്ടി റാം, ഹിര സിങ്, ഭാഗ്‌മാൽ എന്നിവർ ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തു.
∙ ചരിത്രത്തിലാദ്യമായി വനിതകൾ മാത്രം ഉൾപ്പെടുന്ന സൈനികസംഘവും പരേഡിനെത്തി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാരാമിലിറ്ററി വിഭാഗമായ അസം റൈഫിൾസിന്റെ സ്ത്രീസംഘമാണ് രാജ്പഥിൽ മാർച്ച് ചെയ്തത്. സിഗ്നൽസ് വിഭാഗത്തിലെ ക്യാപ്റ്റൻ ശിഖ സുരഭിയുടെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് അഭ്യാസവുമായും രംഗത്തെത്തി.
∙ അമേരിക്കയിൽനിന്ന് വാങ്ങിയ ഭാരംകുറഞ്ഞ പീരങ്കികളായ എം777, കെ9 വജ്ര പീരങ്കിവാഹനം തുടങ്ങിവ റിപ്പബ്ലിക് ദിനത്തിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു. മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈലും (എംആർഎസ്എഎം) പരേഡിൽ ആദ്യമായെത്തി.
∙ 10% ജൈവ ഇന്ധനം ചേർത്ത പുതിയ വിമാന ഇന്ധനവുമായി വ്യോമസേന. റിപ്പബ്ലിക് ദിനത്തിൽ വ്യോമാഭ്യാസം നടത്തിയ എഎൻ 32 ചരക്കു വിമാനങ്ങളിൽ തദ്ദേശീയമായി വികസിപ്പിച്ച സങ്കര ഇന്ധനമാണ് ഉപയോഗിച്ചതെന്ന് വ്യോമസേന അധികൃതർ അറിയിച്ചു.
∙ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി, അയൽ രാജ്യമായ നേപ്പാളിന് 30 ആംബുലൻസുകളും 6 ബസുകളും ഇന്ത്യ സമ്മാനമായി നൽകി.
∙ അട്ടാരി – വാഗ അതിർത്തിയിൽ പാക്കിസ്ഥാന്റെ അതിർത്തി സംരക്ഷണ സേനയായ റേഞ്ചേഴ്സിന് ഇന്ത്യ മധുര പലഹാരങ്ങൾ നൽകി.
∙ മോസ്കോ, ബെയ്ജിങ്, യുഎസിലെ ഹൂസ്റ്റൺ തുടങ്ങി വിവിധ വിദേശ നഗരങ്ങളിൽ ഇന്ത്യക്കാർ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
ജനക്കൂട്ടത്തിലേക്കിറങ്ങി മോദി
റിപ്പബ്ലിക് ദിനച്ചടങ്ങിൽ പതിവുകൾ തെറ്റിച്ച് പ്രധാനമന്ത്രിയും. ചടങ്ങുകൾക്കു ശേഷം രാജ്പഥിൽ നടക്കാനിറങ്ങിയ നരേന്ദ്ര മോദി ജനങ്ങളെ നേരിൽക്കണ്ട് അഭിവാദ്യം ചെയ്തു. ബാരിക്കേഡുകൾ ഭേഭിച്ച് ജനക്കൂട്ടം മോദിക്ക് അരികിലെത്തി. അടുത്ത മേയിലെ പൊതുതിരഞ്ഞെടുപ്പിനു മുൻപുള്ള സർക്കാരിന്റെ പ്രധാന ഔദ്യോഗിക പരിപാടിയായിരുന്നു ഇത്.