ന്യൂഡൽഹി∙ അയോധ്യ ഭൂമി തർക്കക്കേസ് നാളെ വാദം കേൾക്കാനിരുന്നതു ബെഞ്ചിലെ ഒരു ജഡ്ജി ലഭ്യമല്ലാത്തതു മൂലം സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് എസ്.എ.ബോബ്ഡെ നാളെ ഇല്ലാത്തതുകൊണ്ടു കേസ് പരിഗണിക്കുന്നതു റദ്ദു ചെയ്യുന്നുവെന്നാണു സുപ്രീംകോടതി റജിസ്ട്രി അറിയിപ്പിൽ പറയുന്നത്.
ബെഞ്ചിലെ മറ്റംഗങ്ങൾ ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.എ.നസീർ എന്നിവരാണ്. ജസ്റ്റിസ് യു.യു.ലളിത് പിന്മാറിയതു മൂലം കഴിഞ്ഞ 25നാണ് ഇപ്പോഴത്തെ അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ ബെഞ്ചിനു രൂപം നൽകിയത്. അയോധ്യ കേസിൽ 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണു സുപ്രീംകോടതി പരിഗണിക്കുന്നത്.
യുപി മുൻ മുഖ്യമന്ത്രി കല്യാൺസിങ്ങിനുവേണ്ടി 1997 ആദ്യം താൻ അയോധ്യ കേസിൽ അഭിഭാഷകനായി ഹാജരായിട്ടുള്ളതിനാൽ ഒഴിവാക്കണമെന്നായിരുന്നു ജസ്റ്റിസ് യു.യു.ലളിത് അഭ്യർഥിച്ചത്. പുതിയ ബെഞ്ച് രൂപീകരിച്ചപ്പോൾ ബെഞ്ചിൽ നേരത്തെ അംഗമായിരുന്ന ജസ്റ്റിസ് എൻ.വി. രമണയെയും ഒഴിവാക്കിയിരുന്നു.