ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ കോഴക്കേസിലെ പ്രതി അഭിഭാഷകൻ ഗൗതം ഖെയ്താനെ മറ്റൊരു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
പണംതട്ടിപ്പു നിരോധന നിയമ പ്രകാരം (പിഎംഎൽഎ) വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഗൗതം ഖെയ്താന് 500 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നും 7 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നുമാണ് ഇഡി കോടതിയിൽ ആവശ്യപ്പെട്ടത്. കോടതി 2 ദിവസത്തെ കസ്റ്റഡി അനുവദിച്ചു.
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ കോഴക്കേസുമായി ഇപ്പോഴത്തെ അറസ്റ്റിനു ബന്ധമില്ലെന്നും ഇതു വേറെ കേസാണെന്നും ഇഡിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. എന്നാൽ ഖെയ്താന്റെ അഭിഭാഷകൻ പി.കെ. ദുബൈ ഇതു ചോദ്യം ചെയ്തു. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ കോഴക്കേസിൽ ഖെയ്താൻ ജാമ്യത്തിലാണെന്നും ഒരേ കുറ്റത്തിനു പല പേരിൽ കേസെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.