ജിഎസ്ടി വരുമാനം ഉയരുന്നില്ല: ഐടിസിയിൽ തട്ടിപ്പെന്ന് സംശയം

ന്യൂഡൽഹി ∙ നികുതിക്കുമേ‍ൽ നികുതി ഒഴിവാക്കുന്ന ‘ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്’(ഐടിസി) ദുരുപയോഗം ചെയ്യപ്പെടുന്നതായി  സംശയമുയർന്നതോടെ വിശദ പരിശോധനയ്ക്ക് നികുതി മന്ത്രാലയം. ചരക്ക്, സേവന നികുതിയിൽ നിന്നുള്ള വരുമാനം പ്രതീക്ഷിച്ച രീതിയിൽ ഉയരാത്തതുകൂടി പരിഗണിച്ചാണു നീക്കം. പല സംസ്ഥാനങ്ങളിലും നികുതി വരുമാനത്തിൽ വലിയ ഇടിവുണ്ടാകുന്നതു കഴിഞ്ഞ ജിഎസ്ടി കൗൺസിലിൽ ചർച്ചയായിരുന്നു. 

ഉൽപ്പന്ന നിർമാണത്തിനായി വാങ്ങിയ സാധനങ്ങൾക്കു നൽകിയ നികുതി(ഇൻപുട് ടാക്സ്) കഴിച്ച ശേഷമുള്ള തുക, വിൽപ്പന നികുതിയായി നൽകുന്നതാണ് ഇൻപുട് ടാക്സ് ക്രെഡിറ്റ്. യഥാർഥ വിൽപനയിൽ ഇത് ആവശ്യപ്പെട്ടതു കൊണ്ട് നികുതി വരുമാനം കുറയില്ലെന്നാണ് സർക്കാർ പക്ഷം. എന്നാൽ, വ്യാജ ഇൻവോയിസുകളിലൂടെ തട്ടിപ്പു നടക്കുകയും ഐടിസി ആവശ്യപ്പെടുകയും ചെയ്യുന്നതാണു പ്രശ്നം. നികുതിയടവിൽ ഏറിയ പങ്കും ഐടിസിയിലൂടെയാണെന്നും കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

നടപ്പുസാമ്പത്തിക വർഷം ശരാശരി 96,000 കോടി രൂപയാണ് ജിഎസ്ടി വരുമാനം. ഇതു പ്രതിമാസം ഒരു ലക്ഷം കോടി രൂപ കടക്കാതെ ജിഎസ്ടി വരുമാനം സ്ഥിരത കൈവരിക്കില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.