മോദിക്കെതിരെ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധം

മധുര∙ കാവേരി നദീജലം അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രം തമിഴ്നാടിന്റെ താൽപര്യങ്ങൾ അവഗണിക്കുന്നതായി ആരോപിച്ച് എംഡിഎംകെയുടെ നേതൃത്വത്തിൽ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധിച്ചു. എയിംസിനു തറക്കല്ലിടാൻ പ്രധാനമന്ത്രി എത്തുന്നതിനു മുൻപ് മധുരയിലെ പെരിയാർ ബസ് സ്റ്റാൻഡിലായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി വൈകോയുടെ നേതൃത്വത്തിൽ പ്രതിഷേധം .

ജനറൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ 10% സംവരണത്തെ എതിർക്കുന്ന വിവിധ സംഘടനകളും കറുത്ത കൊടി വീശി പ്രതിഷേധത്തിൽ പങ്കാളികളായി. 2 ദിവസമായി ട്വിറ്ററിൽ 'ഗോ ബാക്ക് മോദി', 'ടിഎൻ വെൽകംസ് മോദി' എന്നിങ്ങനെ ഹാഷ് ടാഗുകളിൽ  സന്ദർശനത്തെ  എതിർത്തും അനുകൂലിച്ചും പ്രചാരണങ്ങൾ ശക്തമായിരുന്നു.

സുരക്ഷാ കാരണങ്ങളാലാണ് എയിംസ് സ്ഥാപിക്കുന്ന തോപ്പൂരിൽ നിന്നു 10 കിലോമീറ്റർ അകലെ   മണ്ടേല നഗറിൽ  തറക്കല്ലിടൽ ചടങ്ങു നടത്തിയത്.