ലക്നൗ ∙ കോൺഗ്രസിന്റെ പോരാട്ടം ബിജെപിക്കെതിരെയാണെങ്കിൽ യുപിയിൽ എസ്പി– ബിഎസ്പി സഖ്യത്തെ പിന്തുണയ്ക്കുകയാണു വേണ്ടതെന്ന് അഖിലേഷ് യാദവ്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം കോൺഗ്രസിന്റെ സമർഥമായ കരുനീക്കമായി കരുതുന്നുവോ എന്നു ചോദിച്ചപ്പോഴായിരുന്നു എസ്പി അധ്യക്ഷന്റെ പ്രതികരണം.
അതേസമയം, പ്രിയങ്കയുടെ വരവിനെ അഖിലേഷ് സ്വാഗതം ചെയ്തു. കുംഭമേളയോടനുബന്ധിച്ചു ത്രിവേണീ സംഗമത്തിൽ പവിത്രസ്നാനത്തിനെത്തിയ അഖിലേഷ് യുപി സർക്കാരിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിക്കാനും മറന്നില്ല. തന്റെ കാലത്തു മുസ്‌ലിം നേതാക്കളും ഉദ്യോഗസ്ഥരും വരെ കുംഭമേളയുടെ ഒരുക്കങ്ങളിൽ പങ്കാളികളായി. ബിജെപിയെപ്പോലെ ആളുകളെ ഭിന്നിപ്പിക്കുന്നതിലല്ല, ഒന്നിപ്പിക്കുന്നതിലാണു തന്റെ പാർട്ടി വിശ്വസിക്കുന്നത്.
24 മണിക്കൂറിനകം രാമക്ഷേത്ര പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന ആദിത്യനാഥിന്റെ അവകാശവാദത്തെയും അഖിലേഷ് പരിഹസിച്ചു. കന്നുകാലികൾ വിളകൾ തിന്നുനശിപ്പിക്കാതെ, കർഷകരെ 90 ദിവസത്തിനകം രക്ഷിക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നായിരുന്നു നിർദേശം.