ന്യൂഡൽഹി ∙ സ്വപ്നങ്ങൾ കാട്ടുന്ന നേതാക്കളെ ജനങ്ങൾ ഇഷ്ടപ്പെടും. എന്നാൽ ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാതെ പോയാൽ ജനങ്ങൾ തല്ലുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌ക്കരി. ‘അതുകൊണ്ടു യാഥാർഥ്യമാക്കാൻ കഴിയുന്ന സ്വപ്നങ്ങൾ മാത്രം ജനങ്ങളോടു പറയുക. സ്വപ്നങ്ങൾ മാത്രം വിറ്റു നടക്കുകയല്ല ഞാൻ. പറയുന്ന കാര്യങ്ങൾ 100 ശതമാനവും നടപ്പിലാക്കുന്നുണ്ട്’– ഞായറാഴ്ച മുംബെയിൽ പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരോഷ വിമർശനമാണു ഗഡ്‌ക്കരി നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചതോടെ, ഗഡ്‌കരി ഉദ്ദേശിച്ചതു കോൺഗ്രസിനെയാണെന്ന വിശദീകരണവുമായി ബിജെപിയും രംഗത്തെത്തി. മഹാരാഷ്ട്രയിൽ പൊതുമരാമത്തു മന്ത്രിയായിരുന്ന കാലത്തു താൻ വാഗ്ദാനം ചെയ്ത എല്ലാ പദ്ധതികളും യഥാസമയം പൂർത്തിയാക്കിയതും ഗഡ്കരി അനുസ്മരിച്ചു. ‘മുംബൈയിൽ 50 മേൽപ്പാലങ്ങൾ നിർമിക്കുമെന്നും (എക്‌സ്പ്രസ് വേയിലൂടെ) മുംബൈ– പുണെ യാത്രാസമയം 2 മണിക്കൂറായി കുറയ്ക്കുമെന്നും പറഞ്ഞപ്പോൾ പലരും എന്നെ പരിഹസിച്ചു.
പക്ഷേ, ഞാൻ എല്ലാ പദ്ധതികളും പൂർത്തിയാക്കി.’ നരേന്ദ്ര മോദിയെയും അമിത് ഷായെയും പരോഷമായി വിമർശിക്കുന്ന ഒന്നിലധികം പ്രസ്താവനകളാണു സമീപകാലത്തു ബിജെപി മുൻ ദേശീയ അധ്യക്ഷൻ കൂടിയായ ഗഡ്‌ക്കരി നടത്തിയത്. നടപ്പിലാക്കാൻ കഴിയില്ലെന്ന ബോധ്യത്തോടെ ‘പാഴ്‌വാഗ്ദാന’ങ്ങളാണു 2014 ൽ ബിജെപി നൽകിയതെന്ന പരാമർശം വിവാദമായിരുന്നു. രാഷ്ട്രീയ പരാജയങ്ങൾക്കു നേതൃത്വം ഉത്തരവാദിത്തമേൽക്കണമെന്നും താനാണു പാർട്ടി അധ്യക്ഷനെങ്കിൽ പാർട്ടി എംപിമാരുടെയും എംഎൽഎമാരുടെയും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അദ്ദേഹം ഡിസംബറിൽ അഭിപ്രായപ്പെട്ടിരുന്നു.