ഒടുവിൽ ശങ്കർസിങ് വഗേല എൻസിപിയിൽ

Shankersinh-Vaghela
SHARE

അഹമ്മദാബാദ് ∙ ആദ്യം ബിജെപിയുടെയും പിന്നീട് കോൺഗ്രസിന്റെയും നേതാവായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർ സിങ് വഗേല എൻസിപിയിൽ ചേ‍ർന്നു. അധ്യക്ഷൻ ശരദ് പവാറിന്റെ സാന്നിധ്യത്തിൽ അംഗത്വമെടുത്ത വഗേലയെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് വഗേല അറിയിച്ചു.

ബിജെപിയുടെ ഗുജറാത്തിലെ കരുത്തനായ ക്ഷത്രിയ നേതാവായിരുന്ന വഗേല, 1996 ൽ മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് പാർട്ടി പിളർത്തി പുറത്തുവന്നു. രാഷ്ട്രീയ ജനതാ പാർട്ടി (ആർജെപി) എന്ന സ്വന്തം പാർട്ടിയുണ്ടാക്കി. കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായി. പിന്നീടു കോൺഗ്രസിൽ ചേർന്നു.

ഡോ. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായും ഗുജറാത്തിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. എന്നാൽ, 2016 ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേൽ സ്ഥാനാർഥിയായപ്പോൾ വഗേല കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി. എംഎൽഎമാർക്കൊപ്പം പാർട്ടി വിട്ടു. മകനടക്കമുള്ള എംഎൽഎമാർ ബിജെപിയിൽ ചേർന്നെങ്കിലും വഗേല വിട്ടുനിന്നു. തുടർന്നു വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർഥികളെ നിർത്തിയെങ്കിലും ഒരിടത്തും പച്ചതൊട്ടില്ല.

വഗേലയുടെ വരവോടെ ഗുജറാത്തിലെ തിരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചു.കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ കണ്ണിലെ കരടായ വഗേലയുടെ എൻസിപി പ്രവേശം, എൻസിപി– കോൺഗ്രസ് രാഷ്ട്രീയധാരണയിൽ വിള്ളലുണ്ടാക്കുമെന്നു സംശയമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA