ന്യൂഡൽഹി∙ അയോധ്യാ വിഷയത്തിൽ സമർഥമായ കരുനീക്കമാണ് നരേന്ദ്ര മോദി സർക്കാർ ചൊവ്വാഴ്ച നടത്തിയത്. വിവാദഭൂമി ഒഴിച്ചുള്ള സ്ഥലം ഉടമകൾക്ക് വിട്ടുകൊടുക്കാൻ അനുവദിക്കണം എന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജി രാഷ്ട്രീയമായി മുൻകൂർ ജാമ്യമെടുക്കലാണ്. ഈ ഭൂമി വിട്ടുകൊടുക്കാൻ കോടതി അനുവദിച്ചാൽ അത് ഉടൻ രാമജന്മഭൂമി ന്യാസിനു കൈമാറുകയും അവിടെ ക്ഷേത്രനിർമാണം ആരംഭിക്കുകയും ചെയ്യാം. കോടതി നിരസിച്ചാൽ സർക്കാരിന് തങ്ങളുടെ നിസ്സഹായത പറഞ്ഞ് പ്രചാരണം നടത്താം.
അയോധ്യാ വിഷയത്തിൽ കേന്ദ്രസർക്കാർ ഉടൻ നടപടിയെടുക്കണം എന്നാണ് ആർഎസ്എസും വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടുപോന്നത്. സർക്കാർ രാമക്ഷേത്ര നിർമാണത്തിനായി പാർലമെന്റിൽ നിയമം പാസ്സാക്കുകയോ ഓർഡിനൻസ് പുറപ്പെടുവിക്കുകയോ വേണം എന്നും അവർ ആവശ്യപ്പെട്ടു. 2014ൽ അധികാരമേറി 5 വർഷമായിട്ടും നരേന്ദ്ര മോദി സർക്കാർ രാമക്ഷേത്ര നിർമാണത്തിന് ഒന്നും ചെയ്തില്ല എന്നായിരുന്നു ഈ സംഘടനകളുടെ വിമർശനം.
കുംഭമേള നടക്കുന്ന സമയത്താണ് സർക്കാർ ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതും അയോധ്യക്കേസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കാനിരിക്കെ. ക്ഷേത്രനിർമാണത്തിന് സർക്കാർ ശ്രമിക്കുകയാണ് എന്ന മറുപടിയും ഈ നടപടിയിലുണ്ട്.
അയോധ്യയിലെ 2.77 ഏക്കർ ഭൂമിയിൽ 1993 ൽ കേന്ദ്രസർക്കാർ ഏറ്റെടുത്ത 67.39 ഏക്കർ സ്ഥലത്തിനു വേണ്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതിൽ ബാബറി മസ്ജിദ് നിലനിന്ന 0.313 ഏക്കർ സ്ഥലം മാത്രമാണ് വിവാദഭൂമി എന്നാണ് സർക്കാർ നിലപാട്. ബാക്കി ഭൂമി രാമജന്മഭൂമി ന്യാസിന്റേതാണ് എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.