ന്യൂഡൽഹി∙ അയോധ്യയിൽ ഏറ്റെടുത്തിട്ടുള്ളതിൽ തർക്കത്തിലില്ലാത്ത 67.39 ഏക്കർ ഭൂമി, രാമജന്മഭൂമി ന്യാസ് ഉൾപ്പെടെയുള്ള ഉടമകൾക്കു തിരികെനൽകാൻ അനുവദിക്കണമെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്റെ അപേക്ഷ. രാമജന്മഭൂമി – ബാബറി മസ്ജിദ് കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം തുടങ്ങാനിരിക്കെയാണ് രാഷ്ട്രീയമായും ശ്രദ്ധേയമായ നീക്കം സർക്കാർ നടത്തിയത്.
തർക്കത്തിലുള്ള 2.77 ഏക്കർ ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി വിഭജിക്കണമെന്നാണ് 2010 സെപ്റ്റംബർ 30ന് അലഹാബാദ് ഹൈക്കോടതി വിധിച്ചത്. അതിനെതിരെയുള്ള അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. എന്നാൽ, 0.313 ഏക്കർ ഭൂമി സംബന്ധിച്ചു മാത്രമാണ് തർക്കമുള്ളതെന്നാണു സുപ്രീം കോടതിയിലെ അപേക്ഷയിൽ കേന്ദ്ര സർക്കാർ പറയുന്നത്. ഈ ഭൂമിയിലേക്കു പ്രവേശിക്കുന്നതിന് സൗകര്യമുറപ്പാക്കി, ബാക്കി ഭൂമിയത്രയും ഉടമകൾക്കു വിട്ടുനൽകണമെന്നും.
1993 ൽ നിയമം പാസ്സാക്കിയാണ്, തർക്കത്തിലുള്ളതും ചുറ്റുമുള്ളതുമായി മൊത്തം 67.703 ഏക്കർ ഭൂമി കേന്ദ്ര സർക്കാർ ഏറ്റെടുത്തത്. ഇത്രയും ഭൂമിയിൽ യഥാസ്ഥിതി തുടരണമെന്ന് 2003 മാർച്ച് 31നു സുപ്രീം കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് പരിഷ്കരിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. തർക്കത്തിലില്ലാത്തതിൽ 42 ഏക്കർ രാമജന്മഭൂമി ന്യാസിന്റേതാണ്. തർക്കഭൂമിയിൽ യഥാസ്ഥിതി തുടരാമെന്നും, ഏറ്റെടുത്ത ബാക്കി ഭൂമിയിൽ മതപരമായ ചടങ്ങുകൾ പാടില്ലെന്നുമാണ് 2011 മേയ് 9ന് ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്തപ്പോൾ സുപ്രീം കോടതി വ്യക്തമാക്കിയത്. അതിനാൽ തർക്കഭൂമിയിലെ താൽക്കാലിക ക്ഷേത്രത്തിൽ പൂജകൾക്കു തടസ്സമുണ്ടായില്ല.