ഭോപാൽ ∙ മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ഒച്ചപ്പാടുണ്ടാക്കിയ, ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ‘സുകുമാരക്കുറുപ്പ് സംഭവ’ത്തിന്റെ മാതൃകയിലുള്ള നാടകമാണെന്നു തെളിഞ്ഞു. 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക നേടാനായി ഹിമ്മത്ത് പട്ടീദാർ (36) താൻ കൊല്ലപ്പെട്ടതായി വരുത്തിത്തീർക്കുകയായിരുന്നുവെന്നും മൃതദേഹം പട്ടീദാറുടെ ജോലിക്കാരനായ മദൻ മാളവിയ (32) യുടേതാണെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു.
കഴുത്തറുത്തു കൊന്നശേഷം ആളെ തിരിച്ചറിയാതിരിക്കാൻ മൃതദേഹം കത്തിക്കുകയും ചെയ്തു. ഒളിവിൽ പോയ പട്ടീദാറിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി. കൊല്ലപ്പെട്ടതു മാളവിയ തന്നെയാണെന്നു ഡിഎൻഎ പരിശോധനയിലൂടെയാണു പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ 23 നു മധ്യപ്രദേശിലെ രത്തം ജില്ലയിൽ കമീദ് ഗ്രാമത്തിൽ ഹിമ്മത്ത് പട്ടീദാറുടെ പാടത്താണു കഴുത്തറുത്ത നിലയിൽ അയാളുടേതെന്ന് ആദ്യം സംശയിച്ച മൃതദേഹം കണ്ടെത്തിയത്. മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പട്ടീദാറെ കൊലപ്പെടുത്തിയശേഷം മാളവിയ മുങ്ങിയെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ, മൃതദേഹത്തിനു സമീപത്തു നിന്ന് പട്ടീദാറുടെ ഇൻഷുറൻസ് പോളിസി നമ്പർ, ബാങ്ക് അക്കൗണ്ട് പിൻനമ്പർ എന്നിവ ലഭിച്ചതു സംശയത്തിനിടയാക്കി.
സുകുമാരക്കുറുപ്പ് സംഭവം
തന്റെ പേരിലുള്ള ഇൻഷുറൻസ് തുക സ്വന്തമാക്കാനായി സുകുമാരക്കുറുപ്പും സംഘവും ചേർന്ന് ഫിലിം റപ്രസന്റേറ്റീവായ ചാക്കോയെ വധിച്ചത് 1984 ജനുവരി 22 വെളുപ്പിനാണ്. മരിച്ചതു കുറുപ്പാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം കാറിലിട്ടു കത്തിക്കുകയും ചെയ്തു. ഗൂഢോലോചന കണ്ടെത്തിയതോടെ ഒളിവിൽ പോയ സുകുമാരക്കുറുപ്പിനെ പിടികൂടാനുള്ള പൊലീസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.