അയോധ്യ: തർക്കമില്ലാത്ത ഭൂമി കൈമാറ്റം വാജ്പേയി സർക്കാർ വേണ്ടെന്നു വച്ചത്

ന്യൂഡൽഹി ∙ വാജ്പേയി സർക്കാരിന്റെ പിഴവ് മോദി സർക്കാർ തിരുത്തുന്നു– അയോധ്യയിൽ തർക്കത്തിലില്ലാത്ത 67.39 ഏക്കർ ഭൂമി ഉടമകൾക്കു നൽകാൻ അനുവദിക്കണമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ നൽകിയ അപേക്ഷയെ ബിജെപി വൃത്തങ്ങൾ ഇങ്ങനെയാണു വിശേഷിപ്പിക്കുന്നത്.

തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി അയോധ്യയിലെ രാമപ്രതിഷ്ഠയ്ക്കും മുസ്‌ലിംകൾക്കും നിർമോഹി അഖാഡയ്ക്കുമായി വിഭജിക്കണമെന്നാണ് 2010 സെപ്റ്റംബർ 30ന് അലഹബാദ് ഹൈക്കോടതി വിധിച്ചത്. അതിനെതിരെയുള്ള ഹർജി പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചാണ് ഈ അപേക്ഷയും പരിഗണിക്കുന്നത്. ആദ്യം ഇപ്പോഴത്തെ അപേക്ഷയിൽ നിലപാടു പറഞ്ഞശേഷം മറ്റു വിഷയങ്ങളിലേക്കു കടക്കാമെന്നു കോടതി തീരുമാനിക്കുമോയെന്നതു പ്രസക്തമാണ്. കോടതി നിലപാട് അനുകൂലമല്ലെങ്കിൽ ക്ഷേത്ര നിർമാണത്തിനായി വാദിക്കുന്നവർ വീണ്ടും സമ്മർദം ചെലുത്താം. അപ്പോൾ ഓർഡിനൻസ് ഇറക്കാൻ സർക്കാർ മടിക്കില്ലെന്ന സൂചനയുമുണ്ട്.

എന്തുകൊണ്ട് ഇപ്പോൾ അപേക്ഷ?

അയോധ്യാ വിഷയത്തിന് പഴയതുപോലുള്ള വോട്ട് പിടിത്തശേഷിയില്ലെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. അയോധ്യയുടെ പേരിൽ പുതിയ വിവാദം വരുന്നത് പ്രധാനമന്ത്രിയുടെ രാജ്യാന്തര പ്രതിഛായയ്ക്കു മങ്ങലുണ്ടാക്കുമെന്ന ആശങ്കയുമുണ്ട്. എന്നാൽ, സംഘപരിവാർ താൽപര്യങ്ങൾ കണക്കിലെടുത്തില്ലെന്ന പരാതി ഒഴിവാക്കുകയും വേണം. അതുകൊണ്ടാണ്, പ്രശ്നത്തിനു ‘നിയമപരമായ പരിഹാരം’ എന്ന മട്ടിലുള്ള അപേക്ഷ.തർക്കമില്ലാത്ത സ്ഥലം ലഭിച്ചാൽ അവിടെ ക്ഷേത്ര നിർമാണം തുടങ്ങി വയ്ക്കാനാകും.

വിമർശനം ജയ്റ്റ്ലിക്ക്

തർക്കമുള്ളതും അല്ലാത്തതുമായ ഭൂമി ഏറ്റെടുത്തുള്ള നിയമം പ്രാബല്യത്തിലായത് 1993 ലാണ്. നടപടി സുപ്രീം കോടതി ശരിവച്ചു. എന്നാൽ, തർക്കമില്ലാത്ത ഭൂമി തിരികെ നൽകണമെന്ന് 1996 ൽ രാമജന്മഭൂമി ന്യാസ് ആവശ്യപ്പെട്ടിരുന്നു. അന്ന് ആവശ്യം സർക്കാർ തള്ളി. തർക്കമുള്ളതും ഇല്ലാത്തതുമായ ഭൂമിയിൽ യഥാസ്ഥിതി തുടരണമെന്ന് 2003 ൽ സുപ്രീം കോടതി വ്യക്തമാക്കി.

തർക്കമില്ലാത്തതിൽ 42 ഏക്കർ രാമജന്മഭൂമി ന്യാസിന്റേതാണ്. കല്യാൺ സിങ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഏറ്റെടുത്ത 22 ഏക്കർ ഭൂമിയുമുണ്ട്. 

തർക്കത്തിലില്ലാത്ത ഭൂമി വിട്ടുകൊടുക്കുകയെന്ന ആവശ്യം വാജ്പേയി സർക്കാരിന്റെ കാലത്തു പരിഗണിക്കപ്പെട്ടില്ല. അതിന് അന്നത്തെ നിയമമന്ത്രി അരുൺ ജയ്റ്റ്ലിയെയാണ് ഇപ്പോൾ പാർട്ടിവൃത്തങ്ങൾ വിമർശിക്കുന്നത്.