ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ചു മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ രംഗത്ത്. അനാരോഗ്യം അലട്ടുന്ന പരീക്കറെ കഴിഞ്ഞ ദിവസം ഗോവയിൽ സന്ദർശിച്ച രാഹുൽ, അതിനു പിറ്റേന്നു പ്രസംഗത്തിൽ നടത്തിയ പരാമർശമാണു വിവാദത്തിനു തിരികൊളുത്തിയത്.
പ്രതിരോധ മന്ത്രിയെ അറിയിക്കാതെയാണു റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റങ്ങൾ വരുത്തിയതെന്നു പരീക്കർ പറഞ്ഞിട്ടുണ്ടെന്നാണു രാഹുൽ പ്രസംഗിച്ചത്. കരാർ നടപ്പാക്കുന്ന വേളയിൽ പ്രതിരോധ മന്ത്രിയായിരുന്ന പരീക്കറെ ഇരുട്ടിൽ നിർത്തി, അനിൽ അംബാനിക്കു നേട്ടമുണ്ടാക്കുന്നതിനു മോദി നേരിട്ടാണ് ഇടപാടു നടത്തിയതെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഇതോടെ സ്വകാര്യ സന്ദർശനം രാഹുൽ രാഷ്ട്രീയ ലാഭത്തിനുപയോഗിച്ചു എന്നാരോപിച്ചു പരീക്കർ രംഗത്തെത്തി. എന്നാൽ സന്ദർശന വേളയിൽ പറഞ്ഞതൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പ്രസംഗത്തിൽ പരാമർശിച്ചത് നേരത്തേ തന്നെ ചർച്ചാവിഷയമായ കാര്യങ്ങളാണെന്നും രാഹുൽ തിരിച്ചു പരീക്കറിനു കത്തെഴുതി.
രാഹുലിനെ കണ്ടത് രാഷ്ട്രീയ മര്യാദ: പരീക്കർ
തരംതാണ പ്രവൃത്തിയാണു രാഹുലിന്റേതെന്ന് അദ്ദേഹത്തിനുള്ള കത്തിൽ പരീക്കർ വിമർശിച്ചു. ഗുരുതര രോഗത്തിനു ചികിത്സയിലായിരുന്നിട്ടും രാഷ്ട്രീയ മര്യാദയുടെ ഭാഗമായാണു രാഹുലിനെ കണ്ടത്. 5 മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ചയിൽ റഫാൽ ചർച്ചയായില്ല.
ജീവനു തന്നെ ഭീഷണിയായ രോഗത്തിനു ചികിത്സയിലിരിക്കുന്ന ഒരാളോട് ഇത്തരം പ്രവൃത്തികൾ പാടില്ല. പ്രതിരോധ ചട്ടങ്ങൾ പാലിച്ചും ദേശീയ സുരക്ഷയ്ക്കു മുൻഗണന നൽകിയുമാണു റഫാൽ വിമാനങ്ങൾ വാങ്ങിയത് – പരീക്കർ പറഞ്ഞു.
പരീക്കറിനു മേൽ വൻ സമ്മർദം: രാഹുൽ
പരീക്കറിന്റെ അവസ്ഥ പൂർണമായി മനസ്സിലാക്കുന്നതായി രാഹുലിന്റെ കത്ത്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു.
തന്റെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രിയിൽ നിന്ന് അദ്ദേഹം നേരിടേണ്ടി വന്നത് വലിയ സമ്മർദമാണ്. തന്നെ ആക്രമിച്ച് വിധേയത്വം ഉറപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണെന്നും രാഹുൽ പറഞ്ഞു. താങ്കളുടെ കത്തു പുറത്തു വന്നതാണ് ഇക്കാര്യം വിശദീകരിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതെന്നും രാഹുൽ പറഞ്ഞു.