ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് ഇന്നു തുടങ്ങുന്ന സമ്മേളനത്തിൽ പാർലമെന്റിൽ വച്ചേക്കുമെന്നു സൂചന. തങ്ങളുടെ അവസാനവട്ട ചോദ്യങ്ങൾക്കു പ്രതിരോധ മന്ത്രാലയം നൽകിയ മറുപടിയും ഉൾപ്പെടുത്തി റിപ്പോർട്ടിന് അന്തിമ രൂപം നൽകിയതായി സിഎജി വൃത്തങ്ങൾ സൂചിപ്പിച്ചു.
റിപ്പോർട്ടിന്റെ 3 കോപ്പികളിൽ മാത്രമേ വിമാനങ്ങളുടെ വില സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കൂ എന്നാണു സൂചന. ഈ കോപ്പികൾ പ്രതിരോധ മന്ത്രാലയത്തിനു നൽകും. പാർലമെന്റിൽ ലഭ്യമാക്കുന്ന കോപ്പികളിൽ വിലവിവരങ്ങൾ ഒഴിവാക്കും. പിന്നീട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ആവശ്യപ്പെട്ടാൽ വില വിവരങ്ങളുള്ള കോപ്പികൾ മന്ത്രാലയം ലഭ്യമാക്കും.
റഫാൽ കേസിൽ സിഎജി റിപ്പോർട്ട് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്നു സുപ്രീം കോടതി വിധിയിൽ പരാമർശിച്ചതു വിവാദമായിരുന്നു. പരാമർശം തെറ്റാണെന്നും അതു തിരുത്തണമെന്നും സർക്കാർ സുപ്രീം കോടതിയിൽ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
അവസാന പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ, വിവാദമായ പൗരത്വ (ഭേദഗതി) ബിൽ രാജ്യസഭയിൽ പാസാക്കിയെടുക്കാമെന്ന കണക്കുകൂട്ടലിലാണു മോദി സർക്കാർ.
മുത്തലാഖ് ഓർഡിനൻസിനു പകരമുള്ള ബിൽ, പ്രവാസി വോട്ടവകാശ ബിൽ തുടങ്ങിയവയും രാജ്യസഭയുടെ പരിഗണനയ്ക്കുവരും.
രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇന്നു പാർലമെന്റിനെ അഭിസംബോധന ചെയ്യും. അടുത്ത 13ന് അവസാനിക്കുന്ന സമ്മേളനത്തിൽ ആകെ 10 ദിവസമാകും സഭകൾ ചേരുക. ബജറ്റ് ചർച്ചയും മറ്റുമുള്ളതിനാൽ 3 ദിവസമേ നിയമനിർമാണത്തിനു ലഭിക്കൂ.
പൗരത്വ (ഭേദഗതി) ബിൽ ലോക്സഭ കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കിയിരുന്നു. ബില്ലിനെതിരെ അസമിലും മറ്റും ശക്തമായ പ്രതിഷേധം തുടരുകയാണ്.
മുത്തലാഖ് ഓർഡിനൻസിനു പകരമുള്ള ബില്ലും ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ, ബിൽ സിലക്ട് കമ്മിറ്റി പരിശോധിക്കണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നു.
രാജ്യസഭയിൽ പാസാക്കാൻ സാധിച്ചില്ലെങ്കിൽ വീണ്ടും ഓർഡിനൻസ് എന്നതാണു സർക്കാർ നിലപാട്. പ്രവാസികൾക്ക് പകരക്കാരെ ഉപയോഗിച്ചു നാട്ടിൽ വോട്ട് ചെയ്യാൻ അനുമതി നൽകുന്നതിനുള്ള ജനപ്രാതിനിധ്യ നിയമ ഭേദഗതി ബിൽ രാജ്യസഭയുടെ അജൻഡയിൽ കഴിഞ്ഞ സമ്മേളനത്തിൽ പല ദിവസവും ഉൾപ്പെടുത്തിയെങ്കിലും പരിഗണിക്കാനായില്ല.
പ്രവാസികൾക്കു നൽകുന്ന ആനുകൂല്യം ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികൾക്കുകൂടി നൽകണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ബില്ലിനെ എതിർക്കുന്നു.
സമ്മേളനം സുഗമമായി നടത്താൻ സഹകരിക്കുമെന്ന് എല്ലാ പാർട്ടികളും ഉറപ്പുനൽകിയെന്നു സർവകക്ഷി യോഗത്തിനുശേഷം ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു.