ഇനി നീതി ഉറപ്പെന്ന് കോൺഗ്രസ്; ഒരിക്കൽ കൂടിയെന്ന് ബിജെപി
നീതിക്കു വേണ്ടിയുള്ള വിലാപം രാജ്യത്ത് ഉയരുന്നു. പാവപ്പെട്ടവന് അതു നിഷേധിക്കപ്പെട്ടിരിക്കുന്നു. ഹൃദയങ്ങൾ കീഴടക്കാനാണു തങ്ങളുടെ പ്രചാരണം | Manorama Election News ∙ General Elections 2019 ∙ Lok Sabha Elections
നീതിക്കു വേണ്ടിയുള്ള വിലാപം രാജ്യത്ത് ഉയരുന്നു. പാവപ്പെട്ടവന് അതു നിഷേധിക്കപ്പെട്ടിരിക്കുന്നു. ഹൃദയങ്ങൾ കീഴടക്കാനാണു തങ്ങളുടെ പ്രചാരണം | Manorama Election News ∙ General Elections 2019 ∙ Lok Sabha Elections
നീതിക്കു വേണ്ടിയുള്ള വിലാപം രാജ്യത്ത് ഉയരുന്നു. പാവപ്പെട്ടവന് അതു നിഷേധിക്കപ്പെട്ടിരിക്കുന്നു. ഹൃദയങ്ങൾ കീഴടക്കാനാണു തങ്ങളുടെ പ്രചാരണം | Manorama Election News ∙ General Elections 2019 ∙ Lok Sabha Elections
ആദ്യഘട്ട വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം അവശേഷിക്കെ ബിജെപിയും കോൺഗ്രസും തിരഞ്ഞെടുപ്പു മുദ്രാവാക്യം പ്രഖ്യാപിച്ചു.
ഇനി നീതി ഉറപ്പെന്ന് കോൺഗ്രസ്
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പിലെ പ്രധാനവാഗ്ദാനമായ ‘ന്യായ് പദ്ധതി’ കൂടി ഓർമിപ്പിച്ച് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു മുദ്രാവാക്യം –അബ് ഹോഗാ ന്യായ് (ഇനി നീതി ഉറപ്പ്). രാജ്യത്തു വളരുന്ന അനീതിക്കെതിരെ ന്യായം ഉറപ്പാക്കാൻ കോൺഗ്രസിനു വോട്ടു ചെയ്യുവെന്ന ആഹ്വാനമാണു കോൺഗ്രസ് നൽകുന്നത്. ജാവേദ് അക്തർ രചിച്ച തിരഞ്ഞെടുപ്പു പ്രചാരണ ഗാനവും കോൺഗ്രസ് പുറത്തിറക്കി.
നീതിക്കു വേണ്ടിയുള്ള വിലാപം രാജ്യത്ത് ഉയരുന്നു. പാവപ്പെട്ടവന് അതു നിഷേധിക്കപ്പെട്ടിരിക്കുന്നു. ഹൃദയങ്ങൾ കീഴടക്കാനാണു തങ്ങളുടെ പ്രചാരണം. പാർട്ടിയുടെ ന്യായ് പദ്ധതിക്കൊപ്പം രാജ്യത്തെ നാനാവിധ ജനതയുടെയും നീതി ഉറപ്പാക്കുന്നതാണു പ്രചാരണവാക്യമെന്നു പ്രചാരണ സമിതി അധ്യക്ഷൻ ആനന്ദ് ശർമയും വക്താവ് രൺദീപ് സിങ് സുർജേവാലയും പറഞ്ഞു.
കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് ‘മേം ഹി തോ ഹിന്ദുസ്ഥാൻ ഹു’ (ഞാനെന്നാൽ ഇന്ത്യയാണ്) എന്നു തുടങ്ങുന്ന വിഡിയോ ഗാനമെഴുതിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന 'പിഎം നരേന്ദ്രമോദി' എന്ന സിനിമയിൽ താൻ ഗാനമെഴുതിയതായി വ്യാജപ്രചാരണം നടന്നതായി ജാവേദ് അക്തർ ആരോപിച്ചിരുന്നു. പോസ്റ്ററിലടക്കം പേരും നൽകിയിരുന്നു. ‘കൽ ഹോ ന ഹോ’ സിനിമയുടെ സംവിധായകൻ നിഖിൽ അഡ്വാനിയാണു സംവിധായകൻ. അർജുന ഹർജയ് സംഗീതവും തുഷാർ കാന്തി റായ‌് ദൃശ്യാവിഷ്കാരവും നിർവഹിച്ചു.
പാട്ടിൽ പ്രത്യക്ഷ വിമർശനം വേണ്ട
ന്യൂഡൽഹി∙ മോദി സർക്കാരിനെതിരെ പ്രത്യക്ഷ വിമർശനം ഉൾക്കൊള്ളിച്ച വരികൾ കോൺഗ്രസിന്റെ പ്രചാരണഗാനത്തിൽ നിന്നു നീക്കി. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരമായിരുന്നു ഇത്. ഗാനം പുറത്തിറക്കും മുൻപേ കമ്മിഷന്റെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് സമിതി പരിശോധിച്ചിരുന്നു. ‘പൊള്ള വാഗ്ദാനങ്ങൾ നൽകി’, ‘നഗരങ്ങളുടെ പേരുകൾ മാറ്റി’, ‘നോട്ടുകൾ നുറുക്കിക്കളഞ്ഞ് ’, ‘പാവങ്ങളെ വഞ്ചിച്ച് ’, ‘വെറുപ്പിന്റെ പുക പടർത്തി’, ‘സഹോദരങ്ങളെ തമ്മിലടിപ്പിച്ച് ’ തുടങ്ങിയ ഭാഗങ്ങളാണ് നീക്കം ചെയ്തത്.
ബിജെപി പറയുന്നു: ഒരിക്കൽ കൂടി
ന്യൂഡൽഹി ∙ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തരംഗം സമ്മാനിച്ച മുദ്രാവാക്യം പരിഷ്കരിച്ച്, വോട്ടുറപ്പാക്കാൻ ബിജെപി. നേരത്തേ തന്നെ നിശ്ചയിച്ച ‘ഫിർ ഏക് ബാർ മോദി സർക്കാർ’ (വീണ്ടുമൊരിക്കൽ കൂടി മോദി സർക്കാർ) ഇന്നലെ ബിജെപി ഔദ്യോഗികമായി പുറത്തിറക്കി. 2014–ൽ, ‘അബ് കി ബാർ മോദി സർക്കാർ’ (ഇത്തവണ മോദി സർക്കാർ) എന്നതായിരുന്നു ബിജെപിയുടെ ആഹ്വാനം. കഴിഞ്ഞ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ ഉപയോഗിച്ചതും സമാന മുദ്രാവാക്യമായിരുന്നു–ഫിർ ഏക് ബാർ നിതീഷ് കുമാർ.
ഡിജിറ്റൽ പ്രചാരണത്തിൽ അൽപം നീട്ടി, കമൽ കാ ബട്ടൺ ദബായെ ബിജെപി കോ ജീതായെ, ഫിർ ഏക് ബാർ മോദി സർക്കാർ എന്നതാണ് ബിജെപിയുടെ ആവശ്യം. ‘താമര ചിഹ്നത്തിൽ വോട്ടു ചെയ്ത് ബിജെപിയെ ജയിപ്പിക്കൂ, ഒരിക്കൽ കൂടി മോദി സർക്കാർ’എന്നർഥം. സ്ത്രീശാക്തീകരണം, ഗ്രാമവികസനം, കാർഷിക പദ്ധതി, ജിഎസ്ടി എന്നിവ നേട്ടമായി ചിത്രീകരിക്കുന്ന ഡിജിറ്റൽ പ്രചാരണം, നോട്ടുനിരോധനം, വ്യോമാക്രമണവും എന്നിവ അടങ്ങിയ പ്രചാരണഗാനം, വൺ റാങ്ക് വൺ പെൻഷൻ, ചൗക്കിദാർ, ഗംഗാ ശുചീകരണം എന്നിവയെക്കറിച്ചുള്ള വെബ‌്, ടിവി പരസ്യങ്ങൾ തുടങ്ങിയവയും പുറത്തിറക്കി.
നരേന്ദ്ര മോദി ഡോട്ട് ഇൻ എന്ന വെബ്സൈറ്റും ബിജെപിയുടെ പ്രചാരണത്തിനായി സജ്ജമായി.
അരാജകത്വം നിറഞ്ഞ മഹാസഖ്യമാണോ ബിജെപിയുടെ സുസ്ഥിര സർക്കാരാണോ രാജ്യത്തിനു കരുത്താവുകയെന്നു ജനങ്ങൾ തീരുമാനിക്കുമെന്നു കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, പിയൂഷ് ഗോയൽ എന്നിവർ പറഞ്ഞു.
ബിജെപിയുടെ പ്രകടനപത്രിക ഇന്ന്
കോൺഗ്രസിൽ നിന്നു വിപരീതമായി തിരഞ്ഞെടുപ്പു പ്രഖ‌്യാപനങ്ങളെക്കുറിച്ചു നിശബ്ദത തുടരുന്ന ബിജെപിയുടെ പ്രകടനപത്രിക ഇന്നു 11നു പുറത്തിറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും പങ്കെടുക്കുന്ന ചടങ്ങിൽ മുതിർന്ന കേന്ദ്രമന്ത്രിമാരും എത്തും.