വെനീസ് ബിനാലെയിൽ ഗാന്ധിയും ഇന്ത്യയും
Mail This Article
ന്യൂഡൽഹി ∙ വെനീസ് ബിനാലെയിൽ, ഗാന്ധിജീവിതത്തിന്റെ വഴികൾ തുറന്നിട്ട് ഇന്ത്യയും. ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധി ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യ ബിനാലെ പവിലിയൻ സജ്ജമാക്കിയിരിക്കുന്നത്.
ഒരുകാലത്ത് വെനീസിലെ സേനാ തുറമുഖമായിരുന്ന ആഴ്സനലിലാണ് ഇന്ത്യ കലാവിരുന്നൊരുക്കിയിരിക്കുന്നത്. ഗാന്ധിജീവിതത്തിനൊപ്പം ഇന്ത്യയുടെ ഒരു നൂറ്റാണ്ടിന്റെ ചരിത്രവും ഇതൾ വിരിയുന്നുണ്ടെന്ന് ഡൽഹി കിരൺ നാഡാർ മ്യൂസിയം ഓഫ് ആർട്ട് ഡയറക്ടറും ക്യുറേറ്ററുമായ കിരൺ നാഡാർ പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതു രണ്ടാം വട്ടമാണ് ഇന്ത്യ ഔദ്യോഗികമായി വെനീസ് ബിനാലെയിൽ പങ്കെടുക്കുന്നത്. വെനീസ് ബിനാലെയുടെ വരുംപതിപ്പുകളിൽ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പാക്കാൻ വേണ്ട നടപടികൾക്കു സർക്കാർ ഔദ്യോഗിക തലത്തിൽ തുടക്കമിടുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം സെക്രട്ടറി അരുൺ ഗോയൽ വ്യക്തമാക്കി. നവംബർ 24 വരെയാണ് വെനീസ് ബിനാലെ.