എംപിമാർക്ക് അജ്ഞാതന്റെ ഭീഷണിക്കത്ത്
Mail This Article
ന്യൂഡൽഹി ∙ ലോക്സഭയിലെ എംപിമാർക്ക് അജ്ഞാതന്റെ ഭീഷണിക്കത്ത്. ലോക്സഭയിൽ നൽകിയ വീട്ടഡ്രസ്സിലാണ് എല്ലാ എംപിമാർക്കും ഇംഗ്ലിഷിലുള്ള കത്ത്. കേരളത്തിലെ പല എംപിമാർക്കും കത്തു കിട്ടി. വി.വി.ശ്രീനിവാസ റാവു എന്നയാൾ താങ്കളുടെ എല്ലാ ഇടപാടുകളും നിരീക്ഷിക്കുകയാണെന്നും താങ്കളെ ബ്ലാക്ക് മെയിൽ ചെയ്യാനിടയുണ്ടെന്നും പറഞ്ഞാണ് കത്ത്. റാവുവിന്റേതെന്ന പേരിൽ മൊബൈൽ നമ്പറും നൽകിയിട്ടുണ്ട്.
ടി.എൻ.പ്രതാപൻ അടക്കമുള്ള പലരും സ്പീക്കർക്കു പരാതി നൽകിയിട്ടുണ്ട്. കത്തു കിട്ടിയ കേരളത്തിലെ ഒരു എംപി കത്തിൽ സൂചിപ്പിച്ച നമ്പറിൽ വിളിച്ച് ‘നന്നായി’ പ്രതികരിച്ചതോടെ ഫോൺ പെട്ടെന്നു ഓഫായി. ഇപ്പോഴും സ്വിച്ച്ഡ് ഓഫ് എന്നാണു പ്രതികരണം. കത്തിൽ സൂചിപ്പിച്ച നമ്പറിൽ മാധ്യമപ്രവർത്തകർ വിളിച്ചപ്പോൾ ഫോണെടുത്തയാൾ താൻ ആന്ധ്ര ബാങ്കിലെ ജീവനക്കാരനാണെന്നും ആരെങ്കിലും തന്റെ നമ്പർ ദുരുപയോഗം ചെയ്തതായിരിക്കാമെന്നുമാണു പറഞ്ഞത്.
കോൺഗ്രസുകാർ ധൈര്യശാലികൾ: രാഹുൽ
∙ ഇത്തരം ഭീഷണിക്കത്തുകൾ കൊണ്ട് ടി.എൻ. പ്രതാപനെയും വി.കെ. ശ്രീകണ്ഠനെയും പോലുളള കോൺഗ്രസ് എംപിമാരെ തളർത്താൻ കഴിയില്ലെന്നായിരുന്നു ഇതേക്കുറിച്ചു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘ബിജെപി എംപിമാർ ഇതെല്ലാം കണ്ടു പേടിച്ചോടും. പക്ഷേ, നിങ്ങൾ പ്രതാപനെയും ശ്രീകണ്ഠനെയുമൊക്കെ നോക്കൂ. ഇതുകൊണ്ടൊന്നും കോൺഗ്രസുകാരെ തളർത്താനാവില്ല–’ രാഹുൽ ‘മനോരമ’യോടു പറഞ്ഞു.