ADVERTISEMENT

ന്യൂഡൽഹി ∙ ആംആദ്മി പാർട്ടിക്കും (എഎപി) അരവിന്ദ് കേജ്‌രിവാളിനും ഡൽഹിയിൽ ആധികാരിക ജയത്തോടെ ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. വിവിധ ദേശീയ മാധ്യമങ്ങൾ നടത്തിയ 12 എക്സിറ്റ് പോളുകളും നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിക്കു വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു. 70ൽ 67 സീറ്റും തൂത്തുവാരിയ 2015ലെ പ്രകടനം ആവർത്തിക്കാനുള്ള സാധ്യത പറയുന്നത് ഇന്ത്യ ടുഡേ–ആക്സിസ് മാത്രം. ബിജെപി നില മെച്ചപ്പെടുത്തുമെന്നു മറ്റെല്ലാവരും പറയുന്നു.

വിവിധ പോളുകളിലായി കോൺഗ്രസിനു പരമാവധി പറയുന്നത് 2– 4 സീറ്റ് മാത്രം. കഴിഞ്ഞ തവണയെന്ന പോലെ സമ്പൂർണ പരാജയം പ്രവചിക്കുന്നവരുമുണ്ട്. തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മുൻപ് എഎപിക്ക് 54–60 സീറ്റ് പ്രവചിച്ച ടൈംസ് നൗ, എക്സിറ്റ് പോളിൽ 44 സീറ്റ് മാത്രമാണു പറയുന്നതെന്നതു ശ്രദ്ധേയം.

വികസന വിഷയങ്ങളെക്കാൾ, പൗരത്വ നിയമവും ഷഹീൻ ബാഗ് സമരവും പ്രചാരണ വിഷയങ്ങളാക്കിയ ബിജെപിയെ നിരാശപ്പെടുത്തുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും ഭരണനഷ്ടത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഡൽഹിയിൽ പ്രചാരണം നയിക്കാനിറങ്ങിയിരുന്നു. മറ്റന്നാളാണു വോട്ടെണ്ണൽ.

പോളിങ് കുറഞ്ഞു; 57.06 %

ന്യൂഡൽഹി ∙ വൈകിട്ട് 6 വരെയുള്ള കണക്കനുസരിച്ച് പോളിങ് 57.06 %. അവസാന കണക്കുകളിൽ നില അൽപം കൂടി മെച്ചപ്പെട്ടേക്കും.

കഴിഞ്ഞ 4 തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണിത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 67.12 % ആയിരുന്നു പോളിങ്. 2014, ’19 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 65.1, 60.6 വീതവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com