എഎപി നോട്ടൗട്ട് 62*, ബിജെപി റൺഔട്ട് 8, കോൺഗ്രസ് ക്ലീൻ ബോൾഡ് 0
Mail This Article
ന്യൂഡൽഹി ∙ വീണ്ടും ഡൽഹി തൂത്തുവാരിയെടുത്ത് ആം ആദ്മി പാർട്ടി (ആപ്). നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ൽ 62 സീറ്റുകളുമായി സൂപ്പർ സിക്സറടിച്ച് അരവിന്ദ് കേജ്‍രിവാൾ മൂന്നാമതും ഭരണം പിടിച്ചു. 2015 ലെ മൂന്നിൽ നിന്ന് 8 സീറ്റുവരെ ഓടിയെങ്കിലും ബിജെപി റൺഔട്ടായി; കഴിഞ്ഞ തവണത്തേതു പോലെ സ്കോർ ബോർഡ് തുറക്കാതെ കോൺഗ്രസ് ക്ലീൻ ബോൾഡും!
∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 7 സീറ്റുകളും നേടിയ ബിജെപിക്ക് വൻ തിരിച്ചടി. ലോക്സഭയിലേക്ക് ലഭിച്ച 56.56% വോട്ട് ഇത്തവണ 38.51% ആയി കുറഞ്ഞു.
∙ തുടർച്ചയായ ആറാം തിരഞ്ഞെടുപ്പിലും ഡൽഹി പിടിക്കാനാകാതെ ബിജെപി (1998, 2003, 2008, 2013, 2015, 2020).
∙ ഒന്നര വർഷത്തിനിടെ ബിജെപിക്ക് ആറാം നിയമസഭാ തിരഞ്ഞെടുപ്പു തോൽവി. (മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി)
∙ കോൺഗ്രസ് ഡൽഹിയിൽ നേരിട്ട ഏറ്റവും വലിയ പരാജയം. കിട്ടിയത് 4.27% വോട്ട് മാത്രം. മത്സരിച്ച 66 സീറ്റിൽ 63 ലും കെട്ടിവച്ച കാശ് പോയി.
∙ കേജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അടക്കം എഎപി മന്ത്രിസഭയിലെ 7 മന്ത്രിമാരും ജയിച്ചു.
∙ പാർലമെന്റ് മന്ദിരം ഉൾപ്പെടുന്ന ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ സുനിൽ കുമാർ യാദവിനെ 21,650 വോട്ടിനു കേജ്‍രിവാൾ പരാജയപ്പെടുത്തി.
∙ പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീൻ ബാഗ്, ജാമിയ പ്രദേശങ്ങൾ ഉൾപ്പെട്ട ഓഖ്‌ല മണ്ഡലത്തിൽ എഎപിയുടെ അമാനത്തുല്ല ഖാന് വൻ വിജയം. ഭൂരിപക്ഷം: 71,827.
∙ പൗരത്വ നിയമ ഭേദഗതി, ഷഹീൻ ബാഗ് സമരം, പാക്കിസ്ഥാൻ വിരുദ്ധ പരാമർശങ്ങൾ തുടങ്ങി ബിജെപി ഉയർത്തിയ മുദ്രാവാക്യങ്ങൾ തള്ളി ഡൽഹി വോട്ടർമാർ; എഎപിയുടെ വികസന ഇടപെടലുകൾക്കു പിന്തുണയാവർത്തിച്ചു.
∙ സംവരണ മണ്ഡലങ്ങളിലെല്ലാം എഎപി വിജയം നേടി.
∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെ കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരും നടത്തിയ പ്രചാരണം ഫലം ചെയ്തില്ല.
∙ ‘‘ഇതെന്റെ മാത്രം വിജയമല്ല. മികച്ച വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ വിജയമാണ്. മികച്ച ചികിത്സ കിട്ടിയ കുടുംബങ്ങളുടെ വിജയമാണ്. ഇതൊരു പുതിയ രാഷ്ട്രീയത്തിന്റെ ഉദയമാണ്. ഗാന്ധി രാഷ്ട്രീയത്തിന്റെ ഉദയം. ഡൽഹിക്കാർ രാജ്യത്തിനു പുതിയ സന്ദേശം നൽകുകയാണ്.’’ – അരവിന്ദ് കേജ്‍രിവാൾ
English Summary: Aravind Kejriwal on a hattrick term as delhi chief minister