പ്രണബ്, സഞ്ചരിക്കുന്ന വിജ്ഞാനഗ്രന്ഥം
ന്യൂഡൽഹി ∙ ‘സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ’ എന്നായിരുന്നു പ്രണബ് മുഖർജിക്കുള്ള വിശേഷണം. അപാരമായ ഓർമശക്തി. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം, ഭരണം എന്നിവയെക്കുറിച്ച് അഗാധ പാണ്ഡിത്യം. പ്രണബിന്റെ | Pranab Kumar Mukherjee | Malayalam News | Manorama Online
ന്യൂഡൽഹി ∙ ‘സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ’ എന്നായിരുന്നു പ്രണബ് മുഖർജിക്കുള്ള വിശേഷണം. അപാരമായ ഓർമശക്തി. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം, ഭരണം എന്നിവയെക്കുറിച്ച് അഗാധ പാണ്ഡിത്യം. പ്രണബിന്റെ | Pranab Kumar Mukherjee | Malayalam News | Manorama Online
ന്യൂഡൽഹി ∙ ‘സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ’ എന്നായിരുന്നു പ്രണബ് മുഖർജിക്കുള്ള വിശേഷണം. അപാരമായ ഓർമശക്തി. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം, ഭരണം എന്നിവയെക്കുറിച്ച് അഗാധ പാണ്ഡിത്യം. പ്രണബിന്റെ | Pranab Kumar Mukherjee | Malayalam News | Manorama Online
ന്യൂഡൽഹി ∙ ‘സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ’ എന്നായിരുന്നു പ്രണബ് മുഖർജിക്കുള്ള വിശേഷണം. അപാരമായ ഓർമശക്തി. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം, ഭരണം എന്നിവയെക്കുറിച്ച് അഗാധ പാണ്ഡിത്യം. പ്രണബിന്റെ പേരിൽ ബംഗാളിലെ വസതിയിൽ ലൈബ്രറി ആരംഭിക്കുമെന്ന് മകൻ അഭിജിത് മുഖർജി പറയുമ്പോൾ അത് ഉചിത സ്മാരകവുമാകുന്നു.
രാഷ്ട്രപതിയാകും മുൻപ് ഇത്രയേറെ വകുപ്പുകൾ കൈകാര്യം ചെയ്ത ഭരണപരിചയവും മറ്റാർക്കുമില്ല. രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞ ശേഷവും ക്ലാസുകളും പുസ്തക പ്രകാശനച്ചടങ്ങുകളുമൊക്കെയായി പൊതുജീവിതത്തിൽ സജീവം.
പ്രധാനമന്ത്രിയാകാതെ 8 വർഷം ലോക്സഭാ നേതാവായതും പ്രണബിന് അവകാശപ്പെടാവുന്ന അപൂർവതയാണ്. 2004– ’12 കാലത്ത് പ്രധാനമന്ത്രി മൻമോഹൻസിങ് രാജ്യസഭാംഗമായിരുന്നതിനാലാണ് ലോക്സഭയെ നയിക്കാനുള്ള ചുമതല പ്രണബിനായത്. 1980–’85 കാലത്ത് രാജ്യസഭാ നേതാവുമായിരുന്നു.
2012 ൽ രാഷ്ട്രപതിയാകുന്നതുവരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായിരുന്നു. ഉന്നതപദവികളിലെത്തിയപ്പോഴും സംസാരത്തിലെ ബംഗാളിച്ചുവയും ധോത്തിയും പ്രണബ് കൈവിട്ടിരുന്നില്ല.
നിയമത്തിൽ ബിരുദവും പൊളിറ്റിക്സ്, ചരിത്രം എന്നിവയിൽ ബിരുദാനന്തര ബിരുദവുമുണ്ടായിരുന്ന അദ്ദേഹം ജനാധിപത്യത്തിൽ സമവായത്തിനു വലിയ പ്രാധാന്യമുണ്ടെന്നു വിശ്വസിച്ചു.
2018 ൽ നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തു ചെന്ന് ബഹുസ്വരതയുടെ പ്രാധാന്യത്തെക്കുറിച്ചു പ്രസംഗിച്ചതു വലിയ വാർത്തയായി.
ഭരണത്തിൽ രണ്ടാമനായി, സുപ്രധാന ദൗത്യങ്ങളുടെ അമരക്കാരനായ പ്രണബ്, ഒന്നിലേറെ തവണ താൻ പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിച്ചു. ഏറ്റവുമൊടുവിൽ 2012ൽ മൻമോഹൻസിങ് രാഷ്ട്രപതിയാകുകയും താൻ പ്രധാനമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുകയും ചെയ്യുമെന്നു കരുതി. എന്നാൽ അദ്ദേഹത്തെ കാത്തിരുന്നത് രാഷ്ട്രപതി സ്ഥാനവും.
അന്ത്യോപചാരത്തിനും കോവിഡ് പ്രോട്ടോക്കോൾ
ന്യൂഡൽഹി ∙ കോവിഡ് ബാധിതനായെന്ന വിവരം പ്രണബ് മുഖർജി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നതിനാൽ അന്ത്യോപചാരവും കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരുന്നു. രാജാജി മാർഗിലെ 10–ാം നമ്പർ വസതിയിലെ സ്വീകരണ മുറിയിൽ വച്ചിരുന്ന അദ്ദേഹത്തിന്റെ വലിയ ചിത്രത്തിനു മുൻപിലാണ് രാഷ്ട്രപതിയടക്കമുളള പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചത്. ഭൗതിക ശരീരം പ്രത്യേക സജ്ജീകരണങ്ങളോടെ അകത്തെ മുറിയിലായിരുന്നു. അന്ത്യോപചാരമർപ്പിക്കാൻ എത്തിയവരോടു അകലം പാലിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഓർമിപ്പിച്ചു.
സാധാരണ വിവിഐപികളുടെ സംസ്കാരച്ചടങ്ങിൽ ഉപയോഗിക്കാറുള്ള തുറന്ന വാഹനത്തിനു (ഗൺ കാര്യേജ്) പകരം സൈനിക ആംബുലൻസിലാണ് ഭൗതികശരീരം ലോധി റോഡ് ശ്മശാനത്തിലേക്കു കൊണ്ടുപോയത്. പെട്ടി ചുമലിലേറ്റിയ സൈനികരും ബന്ധുക്കളും പിപിഇ കിറ്റ് ധരിച്ചിരുന്നു. മകൻ അഭിജിത് മുഖർജി അന്ത്യകർമങ്ങൾക്കു നേതൃത്വം നൽകി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മറ്റു കേന്ദ്രമന്ത്രിമാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, സേനാ മേധാവികൾ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തി.
നികത്താനാകാത്ത നഷ്ടം: കോൺഗ്രസ്
ന്യൂഡൽഹി ∙ പ്രണബ് മുഖർജിയുടെ നിര്യാണം രാജ്യത്തിനും പാർട്ടിക്കും നികത്താനാവാത്ത നഷ്ടമാണെന്നു കോൺഗ്രസ്.
പ്രണബിന്റെ അറിവും അനുഭവസമ്പത്തും ഉപദേശങ്ങളും കോൺഗ്രസിന് ഇനിയില്ലെന്നത് ഉൾക്കൊള്ളാനാകുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രണബിന്റെ മകളും കോൺഗ്രസ് വക്താവുമായ ശർമിഷ്ഠ മുഖർജിക്കയച്ച കത്തിൽ പറഞ്ഞു. ഉയർച്ചയിലും താഴ്ചയിലും പാർട്ടിക്കു മാർഗനിർദേശം തന്ന വ്യക്തിയാണു പ്രണബ്.
പ്രണബിന്റെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. സമാനതകളില്ലാത്ത നഷ്ടമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.