നികിതയ്ക്ക് അറസ്റ്റിൽനിന്ന് സംരക്ഷണം
Mail This Article
മുംബൈ ∙ കർഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ ‘ടൂൾകിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിൽ മുംബൈയിലെ മലയാളി അഭിഭാഷക നികിത ജേക്കബിന് അറസ്റ്റിൽ നിന്ന് 3 ആഴ്ച സംരക്ഷണം നൽകി ബോംബെ ഹൈക്കോടതിയിൽ നിന്നു ട്രാൻസിറ്റ് ജാമ്യം. ഈ കാലയളവിൽ നികിതയ്ക്കു ഡൽഹിയിലെ കോടതിയിൽ ജാമ്യാപേക്ഷ നൽകാം.
കേസിന്റെ ന്യായാന്യായങ്ങളിലേക്കു കടക്കുന്നില്ലെന്നു വ്യക്തമാക്കിയ ജസ്റ്റിസ് പി.ഡി. നായിക്, 25,000 രൂപ കെട്ടിവയ്ക്കാൻ നിർദേശിച്ചു.നികിതയ്ക്കൊപ്പം ഡൽഹി പൊലീസിന്റെ അറസ്റ്റ് വാറന്റ് ലഭിച്ച മഹാരാഷ്ട്രയിലെ പരിസ്ഥിതി പ്രവർത്തകൻ ശാന്തനു മുളുക്കിന് അറസ്റ്റിൽ നിന്നു 10 ദിവസത്തെ സംരക്ഷണം ലഭിച്ചിരുന്നു. നികിതയും ശാന്തനുവും ബെംഗളൂരുവിൽ അറസ്റ്റിലായ ദിശ രവിയും ചേർന്നാണു സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് പോസ്റ്റ് ചെയ്ത ‘ടൂൾ കിറ്റു’മായി ബന്ധപ്പെട്ട നടപടികൾ ഏകോപിപ്പിച്ചതെന്നാണു പൊലീസിന്റെ ആരോപണം.