ഓർമയിലെ തീക്കനലായി നക്സൽബാരി
പോരാട്ടങ്ങളിൽ കനൽ കോരിയിട്ട പേരാണ് നക്സൽബാരി. സായുധ വിപ്ലവമാണു ശരിയെന്നു വിശ്വസിച്ച ചാരു മജുംദാറിനോടും കനു സന്യാലിനോടും ചേർത്ത് ഒരു കാലത്തു യുവത്വം വായിച്ച വാക്ക് | West Bengal Assembly Elections 2021 | Malayalam News | Manorama Online
പോരാട്ടങ്ങളിൽ കനൽ കോരിയിട്ട പേരാണ് നക്സൽബാരി. സായുധ വിപ്ലവമാണു ശരിയെന്നു വിശ്വസിച്ച ചാരു മജുംദാറിനോടും കനു സന്യാലിനോടും ചേർത്ത് ഒരു കാലത്തു യുവത്വം വായിച്ച വാക്ക് | West Bengal Assembly Elections 2021 | Malayalam News | Manorama Online
പോരാട്ടങ്ങളിൽ കനൽ കോരിയിട്ട പേരാണ് നക്സൽബാരി. സായുധ വിപ്ലവമാണു ശരിയെന്നു വിശ്വസിച്ച ചാരു മജുംദാറിനോടും കനു സന്യാലിനോടും ചേർത്ത് ഒരു കാലത്തു യുവത്വം വായിച്ച വാക്ക് | West Bengal Assembly Elections 2021 | Malayalam News | Manorama Online
പോരാട്ടങ്ങളിൽ കനൽ കോരിയിട്ട പേരാണ് നക്സൽബാരി. സായുധ വിപ്ലവമാണു ശരിയെന്നു വിശ്വസിച്ച ചാരു മജുംദാറിനോടും കനു സന്യാലിനോടും ചേർത്ത് ഒരു കാലത്തു യുവത്വം വായിച്ച വാക്ക്. ഇന്ന് അതു വെറുമൊരു ബംഗാൾ ഗ്രാമം മാത്രമാണ്.
ചാരു മജുംദാറിന്റെയും കനു സന്യാലിന്റെയും പാർട്ടിയായ സിപിഐ(എംഎൽ) ഇന്നു നക്സൽബാരിയിൽപോലും ദുർബലമായിരിക്കുന്നു. ഇത്തവണ പാർട്ടിക്ക് അവിടെ സ്ഥാനാർഥി ഇല്ല. ഉള്ള പ്രവർത്തകർ കോൺഗ്രസിനു വോട്ട് ചെയ്യാനാണു സാധ്യത. വിപ്ലവ നിലപാടു മാറ്റിയതല്ല. ബിജെപിയെ തോൽപിക്കണം. അതിന്, പാർട്ടി സ്ഥാനാർഥി ഇല്ലാത്തിടത്ത് ബിജെപിക്കെതിരെ കരുത്തർ ആരെന്നു നോക്കി വോട്ട് ചെയ്യാനാണു തീരുമാനം.
വടക്കൻ ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ സിലിഗുരി സബ് ഡിവിഷനിലാണ് നക്സൽബാരി. നിയമസഭാ മണ്ഡലത്തിന്റെ പേര് മാട്ടിഗാര നക്സൽബാരി. പട്ടികജാതി സംവരണ മണ്ഡലം.
തിരക്കുള്ള കവലയും റെയിൽവേ സ്റ്റേഷനുമുണ്ട് അവിടെ. 1967 ലെ നക്സൽബാരി സംഭവത്തെപ്പറ്റി ചോദിച്ചാൽ പറഞ്ഞു തരാൻ അവിടെ അധികമാരുമില്ല. കവലയിലെ മൊബൈൽ ഫോൺ കടയിലിരുന്ന ചെറുപ്പക്കാരനോട് നക്സൽബാരി രക്തസാക്ഷികളുടെ സ്മാരകത്തിലേക്കു വഴി ചോദിച്ചപ്പോൾ അയാൾ ശങ്കിച്ചു. ഫോണിൽ സ്മാരകത്തിന്റെ ചിത്രം കാട്ടിയപ്പോൾ പിടികിട്ടി. ചാരു മജുംദാർ സ്മാരകം എന്നേ അയാൾക്കറിയൂ. ശരിയാണ്, പൊലീസ് വെടിവയ്പിൽ മരിച്ച 11 ആളുകളുടെ പേരുകൾ ആരും ഓർത്തുവയ്ക്കുന്നില്ല.
പട്ടണത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് വിപ്ലവ സ്മാരകം. ഒരു പ്രൈമറി സ്കൂളിനോടു ചേർന്ന്. ലെനിന്റെയും സ്റ്റാലിന്റെയും മാവോയുടെയും ചാരു മജുംദാറിന്റെയും മറ്റും പ്രതിമകൾ ചുവപ്പിൽ തിളങ്ങി നിരന്നുനിൽക്കുന്നു. വലത്തേയറ്റത്ത് ഒരു സ്തൂപത്തിൽ കുറെ പേരുകൾ. പൊലീസ് വെടിവയ്പിൽ മരിച്ചവർ. 8 സ്ത്രീകളും ഒരു പുരുഷനും 2 കുട്ടികളും. കുട്ടികൾ എന്നേയുള്ളൂ. പേരറിയാത്ത കുട്ടികൾ. ‘നിങ്ങളെ മറക്കില്ല’ എന്ന് രക്തസാക്ഷിപ്പട്ടികയുടെ ഒടുവിൽ ചേർത്തിട്ടുണ്ട്.
ഭൂവുടമകളുടെ ചൂഷണത്തെ ചെറുത്ത കൃഷിക്കാരുടെ മുന്നേറ്റമായിരുന്നു തുടക്കം. പാട്ടക്കൃഷിക്കാരനെ ജന്മിയുടെ ഗുണ്ടകൾ മർദിച്ചതിനോടുള്ള പ്രതികാരം. ഒരു പൊലീസ് ഇൻസ്പെക്ടറെ അവർ കൊന്നു. പിന്നെ പൊലീസ് നക്സൽബാരിയിലെ മനുഷ്യരെ കതിരെന്നപോലെ മെതിച്ചു. ജ്യോതി ബസുവായിരുന്നു ആഭ്യന്തര മന്ത്രി.
അന്നത്തെ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന പലരും ഇന്നുമുണ്ട്. ചാരു മജുംദാർ രൂപം കൊടുത്ത പാർട്ടി, സിപിഐ (എംഎൽ) ഇന്നു പല ഗ്രൂപ്പുകളായി പിരിഞ്ഞിരിക്കുന്നു. അതിലൊന്നിന്റെ നേതൃത്വത്തിൽ ചാരു മജുംദാറിന്റെ മകൻ അഭിജിത് മജുംദാർ ഉണ്ട്. കോളജ് അധ്യാപക ജോലിയിൽനിന്നു വിരമിച്ചു. ഇപ്പോൾ 61 വയസ്സ്.
‘കോൺഗ്രസിനു വോട്ട് ചെയ്യണമെന്നു ഞങ്ങൾ പറയുന്നില്ല. ബിജെപിക്കു വോട്ട് ചെയ്യരുത് എന്നു മാത്രമാണ് ആഹ്വാനം’ – അഭിജിത് പറഞ്ഞു. 12 സീറ്റിൽ പാർട്ടി ഒറ്റയ്ക്കു മത്സരിക്കും.
1972 ൽ ചാരു മജുംദാർ പൊലീസ് കസ്റ്റഡിയിൽ മരിക്കുമ്പോൾ കൗമാരക്കാരനാണ് അഭിജിത്. 25 വർഷം കഴിഞ്ഞാണ് രാഷ്ട്രീയക്കാരനായത്. അച്ഛനാണ് ഹീറോ എന്ന് അദ്ദേഹം പറയുന്നു. ആളെക്കൊല്ലുന്ന ക്രൂരനെന്ന, ഭരണകൂടം സൃഷ്ടിച്ച രൂപമായിരുന്നില്ല അച്ഛന്. സ്നേഹമുള്ള, ധാരാളം വായിക്കാൻ പ്രേരിപ്പിച്ചയാൾ.
നക്സൽബാരിയിലേക്കു വരാമോ എന്ന ചോദ്യം അഭിജിത് സ്നേഹപൂർവം മുടക്കി. സിലിഗുരിയിലാണു താമസം. തിരഞ്ഞെടുപ്പു ജോലികൾ ഏറെയുണ്ട്.
രക്തസാക്ഷി മണ്ഡപത്തിൽ ഇപ്പോൾ സന്ദർശകർ കുറവാണ്. പ്രതിമകൾക്കു സമീപം നാട്ടിയ മുളങ്കമ്പിൽ ഒരു ചെങ്കൊടി പറക്കുന്നുണ്ട്.