മഹാരാഷ്ട്ര പണപ്പിരിവ് വിവാദം: സിബിഐ വരണമെന്ന് ബിജെപി
Mail This Article
മുംബൈ∙ ബാറുകളിൽ നിന്നു പ്രതിമാസം 100 കോടി രൂപ പിരിച്ചെടുക്കാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പൊലീസിനോട് ആവശ്യപ്പെട്ടെന്ന ആരോപണത്തിനു പിന്നാലെ, സംസ്ഥാന സർക്കാരിനെതിരെ ബിജെപി കരുനീക്കം ശക്തമാക്കി. പൊലീസ് നിയമനത്തിലും സ്ഥലംമാറ്റത്തിലുമുള്ള അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കണ്ടു. സമഗ്രാന്വേഷണം തേടി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും രംഗത്തെത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെയുടെ ആവശ്യം.
മുംബൈയിലെ മുൻ പൊലീസ് മുൻ കമ്മിഷണർ പരംബീർ സിങ്ങാണു ദേശ്മുഖിനെതിരെ ആരോപണം ഉന്നയിച്ചത്. മുകേഷ് അംബാനിയുടെ വീടിനടുത്തു സ്ഫോടക വസ്തുക്കളുമായി കാർ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോടാണു പണം പിരിക്കാൻ ആവശ്യപ്പെട്ടതെന്നും പരംബീർ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്നു സുപ്രീം കോടതി പരിഗണിക്കും.
അതിനിടെ, സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ കാർ കൈവശം വച്ചിരുന്ന മൻസുക് ഹിരൺ എന്നയാൾ മരിച്ച കേസിൽ സച്ചിൻ വാസെ തന്നെയാണു മുഖ്യപ്രതിയെന്നു മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറിയിച്ചു.
അതിനിടെ, അംബാനിക്കുള്ള വധഭീഷണിക്കത്ത് അച്ചടിച്ച പ്രിന്റർ പൊലീസ് കോൺസ്റ്റബിളിന്റെ ഫ്ലാറ്റിൽ നിന്നു പിടിച്ചെടുത്തു. എടിഎസ് അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് കോൺസ്റ്റബിൾ വിനായക് ഷിൻഡെയുടെ ഫ്ലാറ്റിൽ നിന്നാണിത്.
Content Highlights: BJP demands CBI investigation on Anil Deshmukh case