പുതിയ വാക്സീനുകൾ ‘ബൂസ്റ്റർ’ ആയേക്കും; കോർബെവാക്സ് മൂന്നാമത്തെ തദ്ദേശീയ വാക്സീൻ
Mail This Article
ന്യൂഡൽഹി ∙ പൂർണമായി ഇന്ത്യയിൽ വികസിപ്പിച്ച മൂന്നാമത്തെ വാക്സീനാണ് കോർബെവാക്സ്. കോവാക്സിനും സൈകോവ്–ഡിയുമാണ് മറ്റു രണ്ടെണ്ണം. അനുമതി ലഭിച്ച പുതിയ 2 വാക്സീനുകളും ലഭ്യമായി തുടങ്ങുന്ന മുറയ്ക്ക് ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനാണ് സാധ്യത. കോവോവാക്സ് മറ്റു വാക്സീനുകൾക്കൊപ്പം നൽകുന്നതിനു പ്രശ്നമില്ലെന്ന ലോകാരോഗ്യ സംഘടന ഉപദേശക സമിതി അറിയിച്ചിരുന്നു. കോർബെവാക്സിന്റെ 30 കോടി ഡോസിനു കേന്ദ്രം ബയോളജിക്കൽ– ഇ കമ്പനിക്കു മുൻകൂർ തുകയായി 1500 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഉന്നം സ്പൈക് പ്രോട്ടീൻ; ദീർഘകാല സുരക്ഷ
കൊറോണ വൈറസിനെ മനുഷ്യകോശത്തിലേക്കു തുളച്ചുകയറാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനിലെ മാറ്റമാണ് ഒമിക്രോണിനെ കൂടുതൽ അപകടകാരിയാക്കുന്നത്. മുപ്പതിലധികം ജനിതക മാറ്റങ്ങൾ സ്പൈക് പ്രോട്ടീനിൽ സംഭവിച്ചിട്ടുണ്ടെന്നും ഇത് ഒമിക്രോണിനെ കൂടുതൽ വ്യാപനശേഷിയുള്ളതാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ ആശങ്കയ്ക്കു പരിഹാരമാണ് പുതിയ വാക്സീനുകൾ. നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യ അനുമതി നൽകിയ കോർബെവാക്സും കോവോവാക്സും പ്രോട്ടീൻ വാക്സീനുകളാണ്. ഇവ ഉയർന്ന ഫലപ്രാപ്തിയും ദീർഘകാല സുരക്ഷയും നൽകുമെന്നാണു വിലയിരുത്തൽ.
കോർബെവാക്സ്
യുഎസിൽ 10 വർഷമായി നടക്കുന്ന ഗവേഷണങ്ങളുടെ തുടർച്ചയാണിത്. ഹെപ്പറ്റൈറ്റിസ് ബി വാക്സീനുകൾ രൂപപ്പെടുത്താൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഹൂസ്റ്റണിലെ ബെയ്‌ലോർ കോളജ് ഓഫ് മെഡിസിനിലെ (ബിസിഎം) ഗവേഷകരാണ് കോവിഡ് വാക്സീനിലും പരീക്ഷിച്ചത്. ഇതിനോടു ഹൈദരാബാദിലെ ബയോളജിക്കൽ ഇ സഹകരിച്ചു. കോവാക്സിനിൽ, നിർദോഷകാരിയായ കൊറോണ വൈറസുകളുടെ പകർപ്പുകൾ സൃഷ്ടിക്കുമ്പോൾ കോർബെവാക്സിൽ സ്പൈക് പ്രോട്ടീനുകളെ മാത്രം ഉപയോഗിക്കും.
കോവോവാക്സ്
ഇന്ത്യ അംഗീകരിക്കും മുൻപ് ലോകാരോഗ്യ സംഘടന അനുമതി നൽകിയ വാക്സീനാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നാക്കരാജ്യങ്ങളിലേക്കു സീറം ഇൻസ്റ്റിറ്റ്യൂട്ട് കയറ്റുമതി നടത്തിയിരുന്നു. ഉയർന്ന ഫലപ്രാപ്തി പ്രധാന പ്രത്യേകതയാണ്. യഥാർഥ വൈറസിന്റെ സ്പൈക് പ്രോട്ടീനിൽ നിന്ന് എസ് ജീനിനെ വേർതിരിച്ചെടുത്താണ് ഉപയോഗിക്കുന്നത്.
മോൽനുപിരാവിർ എന്ത്, എങ്ങനെ?
മനുഷ്യകോശത്തിലെത്തി കൊറോണ വൈറസിനെ പെരുകാൻ സഹായിക്കുന്ന എൻസൈമിന്റെ ഘടന മാറ്റുകയാണ് ഈ ഗുളിക ചെയ്യുക. വൈറസിന്റെ പെരുക്കം തടയുന്നതോടെ രോഗം കടുക്കില്ല. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാൻസർ, വൃക്കരോഗം, ശ്വാസകോശരോഗം തുടങ്ങിയവയിലേതെങ്കിലുമുള്ളതിനാൽ കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ള വിഭാഗക്കാർക്കാണു മരുന്ന് നിർദേശിച്ചിരിക്കുന്നത്.
പരീക്ഷണഘട്ടത്തിലെ ഫലം അനുസരിച്ചു കോവിഡ് ബാധിതരെന്ന് ഉറപ്പിച്ചാൽ ഉടൻ മരുന്നു നൽകാം. ആശുപത്രിയിലെത്താതെ ഗുളിക കഴിക്കാമെന്നതും നേട്ടം. തുടക്കത്തിൽ തന്നെ (5 ദിവസത്തിനുള്ളിൽ) മരുന്ന് നൽകിയാൽ പകുതിപേർക്കും ആശുപത്രിവാസവും മരണവും ഒഴിവാക്കാൻ കഴിയുമെന്ന് മാതൃകമ്പനിയായ മെർക്ക് അവകാശപ്പെട്ടു. അതേസമയം, കോശത്തിൽ നേരിട്ടു ബാധിക്കുമെന്നതിനാൽ പാർശ്വഫലങ്ങളെക്കുറിച്ച് ആശങ്കകളുമുണ്ട്. ദീർഘകാല ഉപയോഗം ഇല്ലാത്തതിനാൽ ആ പ്രശ്നമില്ലെന്നാണു കമ്പനിയുടെ വാദം.
കോർബെവാക്സ്
2 ഡോസ്; ഇടവേള 28 ദിവസം
ഫലപ്രാപ്തി 90 ശതമാനത്തിലേറെ (ട്രയൽ ഡേറ്റ പ്രസിദ്ധീകരിച്ചില്ല)
കുത്തിവയ്ക്കുന്നത് തോളിൽ
സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ സൂക്ഷിക്കാം
കോവോവാക്സ്
2 ഡോസ്; ഇടവേള 21 ദിവസം
ഫലപ്രാപ്തി 90.4%
കുത്തിവയ്ക്കുന്നത് തോളിൽ
സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ സൂക്ഷിക്കാം
മോൽനുപിരാവിർ ഗുളിക
രക്തത്തിലെ ഓക്സിജന്റെ അളവ് 93 % മുകളിലുള്ളവർക്ക് (നേരിയ, ഇടത്തരം കോവിഡ് ബാധിതർ)
ദിവസം 2 വീതം 5 ദിവസം (800 മില്ലിഗ്രാം ഗുളിക)
കുട്ടികൾക്ക് നൽകാൻ പാടില്ല
കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ള ‘റിസ്ക്’ വിഭാഗക്കാരായിരിക്കണം
നിലവിൽ യുകെയിലും യുഎസിലും അനുമതി
മറികടക്കേണ്ടത്, മരുന്നില്ലായ്മ
ന്യൂഡൽഹി ∙ ഫലപ്രദമായ ആന്റിവൈറൽ മരുന്നില്ലെന്നതായിരുന്നു മുൻതരംഗങ്ങളിൽ രാജ്യം നേരിട്ട പ്രതിസന്ധി. ഇനിയൊരു വൈറസ് വ്യാപനമുണ്ടായാൽ ആ പ്രതിസന്ധി മറികടക്കാനാണ് യുഎസും യുകെയും നേരത്തേ അംഗീകരിച്ച, മോൽനുപിരാവിറിനെ ഇന്ത്യ അംഗീകരിച്ചതും ആഭ്യന്തര ഉൽപാദനത്തിന് 13 കമ്പനികൾക്ക് അനുമതി നൽകിയതും. മറ്റാവശ്യങ്ങൾക്കുള്ള ചില ആന്റിവൈറൽ മരുന്നുകളും സ്റ്റിറോയിഡുകളുമാണു നിലവിൽ കോവിഡ് ചികിത്സയിൽ ഉപയോഗിച്ചുവരുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘2 ഡിഓക്‌സി ഡി ഗ്ലൂക്കോസ്’ (2ഡിജി) കോവിഡ് മരുന്നാക്കി അവതരിപ്പിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഇവയ്ക്കു പുറമേ, യുഎസ് കമ്പനിയായ റോഷ് വികസിപ്പിച്ച ആന്റിബോഡി കോക്ടെയിൽ, സൈഡസ് കാഡില വികസിപ്പിച്ച ‘ZRC-3308’ ആന്റിബോഡി കോക്ടെയിൽ തുടങ്ങിയവയും പരിമിതമായി ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഉയർന്ന വിലയാണു പ്രശ്നം.
അനുമതി ലഭിച്ചെങ്കിലും വാക്സീൻ ലഭ്യമല്ല
ന്യൂഡൽഹി ∙ മൂന്നാമത്തെ തദ്ദേശീയ വാക്സീന് രാജ്യം അനുമതി നൽകിയെങ്കിലും ഇതിൽ ഇപ്പോഴും ലഭ്യമായിട്ടുള്ളത് കോവാക്സിൻ മാത്രം. ഓഗസ്റ്റിൽ അനുമതി ലഭിച്ച സൈകോവ്–ഡി ഇനിയും കുത്തിവയ്പു പരിപാടിയുടെ ഭാഗമായിട്ടില്ല.
ആകെ 8 വാക്സീനുകൾക്ക് ഇന്ത്യ അംഗീകാരം നൽകിയിട്ടുണ്ട്. പക്ഷേ, കോവിഷീൽഡും കോവാക്സിനും മാത്രമാണ് വ്യാപകമായി ലഭിക്കുന്നത്. സ്പുട്നിക് V നിയന്ത്രിത അളവിൽ എത്തുന്നുണ്ട്. അനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും യുഎസ് കമ്പനികളായ മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയുടെ വാക്സീൻ എത്തിത്തുടങ്ങിയിട്ടില്ല.
പ്രതിമാസം ഏഴര കോടി ഡോസ് വാക്സീൻ ഉൽപാദിപ്പിക്കാൻ കഴിയുമെന്നും ഫെബ്രുവരിയോടെ ഇത് 10 കോടിയാക്കി വർധിപ്പിക്കാനാകുമെന്നുമാണ് കോർബെവാക്സ് ഉൽപാദകരായ ബയോളജിക്കൽ ഇ അവകാശപ്പെടുന്നത്.
ഇന്ത്യയിൽ അനുമതിയുള്ള മറ്റു വാക്സീനുകൾ: കോവിഷീൽഡ്, കോവാക്സീൻ, സ്പുട്നിക് V, മൊഡേണ, ജാൻസെൻ
Content Highlights: Covid vaccine, Corbevax