ബിജെപി പുറത്താക്കിയ മന്ത്രി കോൺഗ്രസ് പടിവാതിൽക്കൽ
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് വാതിൽ തുറക്കുന്നതും കാത്ത്, ഉത്തരാഖണ്ഡിലെ മുൻ മന്ത്രി ഹഡക് സിങ് റാവത്ത്. മന്ത്രിസഭയിൽനിന്നും പാർട്ടിയിൽനിന്നും ബിജെപി കഴിഞ്ഞ ദിവസമാണു ഹഡക് സിങ്ങിനെ പുറത്താക്കിയത്. പിന്നാലെ, കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കുമെന്ന് ഹഡക് പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്തിട്ടില്ല.
നേരത്തെ, കോൺഗ്രസ് വിട്ടു ബിജെപിക്കൊപ്പം പോയ ഹഡക് വനംവകുപ്പു മന്ത്രിയായിരുന്നു. കോൺഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ട്, അഴിമതി, സ്വജനപക്ഷപാതം തുടങ്ങി പല ആരോപണങ്ങളും ഹഡക്കിനെതിരെ ബിജെപി ഉയർത്തി. എന്നാൽ, പൊട്ടിക്കരഞ്ഞാണ് ആരോപണങ്ങളോടു ഹഡക് സിങ് പ്രതികരിച്ചത്. തന്നോട് ഒരു വാക്കു പോലും പറയാതെയാണ് നടപടി എന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായെ കൂടി കാണാനായിരുന്നു ഡൽഹിയിലേക്ക് പോയത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ചെങ്കിലും ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ എത്താൻ വൈകി. അതിനിടെ തന്നെ പുറത്താക്കുകയാണെന്ന വിവരം പുറത്തുവിടുകയായിരുന്നു – റാവത്ത് പറഞ്ഞു.
2016– ൽ മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തുമായി കലഹിച്ചു ബിജെപിയിലേക്കു പോയ 10 എംഎൽഎമാരിൽ ഒരാളാണ് ഹഡക് സിങ്. കോൺഗ്രസ് വിട്ടതു തെറ്റായിരുന്നുവെന്നു സമ്മതിക്കുമെങ്കിൽ പാർട്ടിയിലേക്കു സ്വാഗതം ചെയ്യാമെന്നാണു ഹരീഷ് റാവത്ത് പ്രതികരിച്ചത്.
English Summary: Uttarakhand minister Harak Singh Rawat expelled from BJP