ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർ പ്രദേശ് അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്കു പുറമേ മറ്റൊരു സംഘടിത ശക്തി കൂടി ഇക്കുറി രംഗത്ത് – കർഷകർ. ബിജെപിയെ തോൽപിക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങാൻ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. കൃഷി നിയമങ്ങൾക്കെതിരെ ഒരു വർഷത്തിലധികം നടത്തിയ പ്രക്ഷോഭം നയിച്ചത് കിസാൻ മോർച്ചയാണ്. 

കൃഷി നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ വീഴ്ച വരുത്തിയതിനാൽ ബിജെപിക്കെതിരായ പ്രചാരണത്തിനു തുടക്കമിടുകയാണെന്നു കിസാൻ മോർച്ച നേതാക്കളായ രാകേഷ് ടിക്കായത്, ദർശൻ പാൽ, ജഗ്ജീത് സിങ് ദല്ലേവാൾ, ജൊഗീന്ദർ സിങ് ഉഗ്രാഹ, ഹനൻ മൊള്ള, ശിവ്കുമാർ കക്ക, യോഗേന്ദ്ര യാദവ്, യുദ്ധ്‌വീർ സിങ് എന്നിവർ പ്രഖ്യാപിച്ചു. 

‘ബിജെപിയെ ശിക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയാവും പ്രചാരണം. താങ്ങുവില ലഭ്യമാക്കുന്നതടക്കമുള്ള ഉറപ്പുകളിൽ നിന്നു ബിജെപി പിന്നോട്ടു പോയതും ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ അച്ഛൻ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്തു തുടരുന്നതും പ്രചാരണവിഷയമാക്കും. 

ബിജെപി വിരുദ്ധ പ്രചാരണത്തിന് യുപിയിൽ മോർച്ചയ്ക്കു കീഴിലുള്ള 57 കർഷക സംഘടനകളെ നിയോഗിച്ചു. ഏകോപനത്തിന് ഏഴംഗ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി. ഈ സംഘടനയുടെ അംഗങ്ങൾ വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തും. ഗ്രാമങ്ങൾ തോറും പൊതുയോഗങ്ങൾ സംഘടിപ്പിക്കും. 

കിസാൻ മോർച്ച തീരുമാനങ്ങൾ:

∙ യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപിയെ പുറത്താക്കാൻ ‘മിഷൻ യുപി’, ‘മിഷ‍ൻ ഉത്തരാഖണ്ഡ്’. 

∙ ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെടില്ല. ഒറ്റ ലക്ഷ്യം മാത്രം – ബിജെപിയുടെ വോട്ട് പരമാവധി കുറയ്ക്കുക. 

∙ ഹരിയാനയിൽ നിന്നുള്ള കർഷകരെ യുപിയിലെത്തിക്കും. 

∙ മീററ്റ്, മൊറാദാബാദ്, ലക്നൗ, കാൻപുർ, പ്രയാഗ്‌രാജ്, ഝാൻസി, ഗോരഖ്പുർ, വാരാണസി എന്നിവിടങ്ങളിൽ കിസാൻ മോർച്ച ദേശീയ നേതാക്കൾ രംഗത്തിറങ്ങും. 

English Summary: Farmers to politically fight bjp in election bound states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com