സിദ്ദു - മജീതിയ പോരാട്ടം; പഞ്ചാബിൽ അമൃത്‍സർ ഈസ്റ്റ് വാശിയേറിയ താരമണ്ഡലം
Mail This Article
അമൃത്‍സർ∙ അമൃത്‍സർ ഈസ്റ്റ് മണ്ഡലത്തിലെ രാഷ്ട്രീയ മൈതാനം എത്ര നനച്ചിട്ടാലും ഇക്കുറി പൊടിപാറും. കോൺഗ്രസ് പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിനെ ശിരോമണി അകാലിദളിന്റെ തീപ്പൊരി നേതാവ് ബിക്രം സിങ് മജീതിയ ആണ് ഇവിടെ നേരിടുന്നത്. പഞ്ചാബിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന്റെ വേദി. കുറിക്കുകൊള്ളുന്ന വാചകങ്ങളും മൂർച്ചയേറിയ പ്രയോഗങ്ങളുമായി പ്രചാരണത്തിൽ ഇരുവരും കത്തിക്കയറുകയാണ്. നിലവിൽ, മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണു സിദ്ദു.
മജീത, അമൃത്‍സർ ഈസ്റ്റ്, എന്നീ 2 മണ്ഡലങ്ങളിൽ മത്സരിക്കാനായിരുന്നു മജീതിയയുടെ പദ്ധതി. ധൈര്യമുണ്ടെങ്കിൽ അമൃത്‍സർ ഈസ്റ്റിൽ മാത്രം മത്സരിക്കൂ എന്ന് സിദ്ദു വെല്ലുവിളിച്ചു. അത് ഏറ്റെടുത്ത മജീതിയ തന്റെ സ്ഥിരം മണ്ഡലമായ മജീതയിൽ ഭാര്യ ജെനീവ് കൗറിനെ സ്ഥാനാർഥിയാക്കി അമൃത്‌സറിലെത്തി.
മുൻപ് ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇത്തവണ പോരടിക്കുന്നത്. ലഹരിമരുന്ന് കേസിൽ മജീതിയയ്ക്കെതിരെ അടുത്തിടെ പഞ്ചാബ് പൊലീസ് കേസെടുത്തത് ചൂണ്ടിക്കാട്ടിയാണു സിദ്ദുവിന്റെ പ്രചാരണം. താൻ ജയിച്ചാൽ ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് അദ്ദേഹം പറയുന്നു.
തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് 23 വരെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീം കോടതി ഉത്തരവ് കൈപ്പറ്റിയാണു മജീതിയ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയത്. സിദ്ദു തട്ടിപ്പുകാരനും കോമാളിയുമാണെന്നു മജീതിയ ആരോപിക്കുന്നു; ഗുണ്ടയായ മജീതിയയുടെ സർട്ടിഫിക്കറ്റ് തനിക്കു വേണ്ടെന്ന് സിദ്ദു തിരിച്ചടിക്കുന്നു.
മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പിടിമുറുക്കുന്ന കോൺഗ്രസിൽ കരുത്തനായി നിൽക്കാൻ സിദ്ദുവിന് വിജയം അനിവാര്യം. പാർട്ടിക്കായി സംസ്ഥാനം മുഴുവൻ പ്രചാരണത്തിനിറങ്ങുന്ന പതിവ് മാറ്റിവച്ച്, മണ്ഡലത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണു സിദ്ദു. താരപ്രചാരകനായ സിദ്ദുവിന്റെ അസാന്നിധ്യം മറ്റു മണ്ഡലങ്ങളിൽ ദോഷം ചെയ്യുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്.
സിദ്ദു ‘മനോരമ’യോട്:
∙ താങ്കൾ തോൽക്കുമെന്ന് അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ ഉറപ്പിച്ചു പറയുന്നു.
നമുക്ക് കാത്തിരുന്നു കാണാം. 2007ലെ തിരഞ്ഞെടുപ്പിൽ അകാലിദളിന്റെ പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കാൻ പ്രകാശ് സിങ് ബാദൽ എന്നെയാണു കൊണ്ടുപോയിരുന്നത്. കാരണം ബാദലിന്റെ മകനായ സുഖ്ബീറിന് പ്രസംഗിക്കാൻ പോലുമറിയില്ല.
∙ മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് താങ്കൾക്കെതിരെ നിരന്തരം വിമർശനമുന്നയിക്കുന്നു.
അമരിന്ദർ വെടിയുണ്ട തീർന്ന തോക്കാണ്.
∙ മണ്ഡലത്തിലെ വിജയപ്രതീക്ഷ എങ്ങനെ?
കളിക്കുന്നതും പോരാടുന്നതും വിജയത്തിനു വേണ്ടി മാത്രമാണ്. കോൺഗ്രസിന്റെ വിജയമുറപ്പാക്കി സംസ്ഥാനം രാഹുൽ ഗാന്ധിക്കു നൽകുകയാണു ഞങ്ങളുടെ ലക്ഷ്യം.
Content Highlight: Punjab Assembly Elections 2022