ADVERTISEMENT

ന്യൂഡൽഹി ∙ മുഖ്യമന്ത്രി പദം ഉറപ്പിച്ച ശേഷവും തന്ത്രം പയറ്റി അശോക് ഗെലോട്ട്. രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അക്കാര്യം സോണിയ ഗാന്ധി തീരുമാനിക്കുമെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സോണിയയെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കാൻ ഞായറാഴ്ച ഹൈക്കമാൻഡ് വിളിച്ച നിയമസഭാ കക്ഷി യോഗം ഗെലോട്ട് പക്ഷ എംഎൽഎമാർ അട്ടിമറിച്ചിരുന്നു.

മുഖ്യമന്ത്രി പദവിയിൽ താൻ തന്നെ തുടരുമെന്ന് ഉറപ്പിച്ച ശേഷമാണ് അതിനുള്ള അധികാരം സോണിയയ്ക്കു നൽകുന്നുവെന്ന് ഗെലോട്ട് ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സോണിയയെ ചുമതലപ്പെടുത്തുന്ന പ്രമേയം ഒൗപചാരികതയുടെ പേരിൽ വരും ദിവസങ്ങളിൽ നിയമസഭാ കക്ഷി യോഗം പാസാക്കും. രാജസ്ഥാനിൽ നടത്തിയ അണിയറക്കളിയിലൂടെ മുഖ്യമന്ത്രി പദം നിലനിർത്തിയെങ്കിലും മറ്റൊന്ന് ഗെലോട്ടിനു നഷ്ടപ്പെട്ടു – ഗാന്ധി കുടുംബത്തിന്റെ വിശ്വാസം. 

ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു നിർണായക ചർച്ചയ്ക്കായി ഗെലോട്ടും കെ.സി.വേണുഗോപാലും സോണിയ ഗാന്ധിയുടെ വസതിയിലെത്തിയത്. പ്രസിഡന്റ് സ്ഥാനാർഥിത്വത്തെക്കാൾ രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കുന്നതിലായിരുന്നു സോണിയയുടെ ശ്രദ്ധ. മുഖ്യമന്ത്രിയാക്കാമെന്നു സച്ചിൻ പൈലറ്റിനു മുൻപ് ഉറപ്പു നൽകിയിരുന്നതിനാൽ അതു നടപ്പാക്കാൻ ഹൈക്കമാൻ‍ഡ് കണ്ട വഴിയായിരുന്നു ഗെലോട്ടിനെ പ്രസിഡന്റാക്കുക എന്നത്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനം മതിയെന്ന് മനസ്സിലുറപ്പിച്ചാണു ഗെലോട്ട് കൂടിക്കാഴ്ചയ്ക്കെത്തിയത്. പ്രസിഡന്റ് സ്ഥാനാർഥിയാകണമെങ്കിൽ മുഖ്യമന്ത്രി പദമൊഴിയണമെന്ന് സോണിയ ഉറച്ച നിലപാടെടുത്തു.

സർക്കാരിനെ അട്ടിമറിക്കാൻ മുൻപ് നീക്കം നടത്തിയ സച്ചിനെ താനും ഭൂരിപക്ഷം എംഎൽഎമാരും അംഗീകരിക്കില്ലെന്നു ഗെലോട്ട് മറുപടി നൽകി. സച്ചിൻ അഹങ്കാരിയും പ്രതികാര സ്വഭാവക്കാരനുമാണെന്നും ആരോപിച്ചു. ഇതോടെ, ഗെലോട്ടിനെ സ്ഥാനാർഥിയാക്കേണ്ടെന്നു തീരുമാനമായി. പിന്നാലെ വേണുഗോപാലിനൊപ്പം പുറത്തേക്കു വന്ന ഗെലോട്ട് മാധ്യമങ്ങളെ കണ്ടു. ജയ്പുരിൽ നടന്ന സംഭവങ്ങൾക്കെല്ലാം സോണിയയോടു ക്ഷമ ചോദിച്ചെന്നും താൻ മത്സരിക്കാനില്ലെന്നും അറിയിച്ചു. 

ആകാംക്ഷ; മൂന്നാമൻ ആര്?

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ദിഗ്‌വിജയ് സിങ്, ശശി തരൂർ എന്നിവർ മത്സരരംഗത്തുണ്ടെങ്കിലും മൂന്നാമനായി ഒരു അപ്രതീക്ഷിത സ്ഥാനാർഥി ഇന്നു രംഗത്തിറങ്ങുമെന്ന സൂചന ശക്തം. ദിഗ്‍വിജയിന്റെ സ്ഥാനാർഥിത്വം ഉറപ്പാക്കുന്നതിൽ ഹൈക്കമാൻ‍ഡിന്റെ ഇടപെടലുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരുടെ പട്ടികയിൽ അദ്ദേഹം മുകളിലല്ല. മനസ്സിൽ വരുന്നതു വിളിച്ചുപറയുന്ന അദ്ദേഹത്തിന്റെ രീതി പാർട്ടിക്കു ദോഷം ചെയ്യുമെന്നും നേതൃത്വം വിലയിരുത്തുന്നു. 

ഈ സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ എന്ന മേൽവിലാസത്തിൽ ഒരാൾ ഇന്നു രംഗത്തുവന്നാലും അദ്ഭുതപ്പെടാനില്ല. കഴിഞ്ഞ ദിവസം വാങ്ങിയ പത്രിക മറ്റൊരാൾക്കു വേണ്ടിയാണെന്നു പാർട്ടി ട്രഷറർ പവൻകുമാർ ബൻസൽ വ്യക്തമാക്കിയിരുന്നു. ആ പത്രികയിലാണു നേതൃത്വം രഹസ്യമൊളിപ്പിച്ചിരിക്കുന്നത്. 

∙ ‘രാഹുൽ ഗാന്ധിയുമായി കേരളത്തിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രസിഡന്റായി മത്സരിക്കാൻ ഞാൻ തീരുമാനിച്ചതാണ്. പക്ഷേ, ഞായറാഴ്ച നടന്ന സംഭവങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് തിരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കാൻ തീരുമാനിച്ചു. നടന്ന സംഭവങ്ങൾക്കെല്ലാം ഞാൻ സോണിയ ഗാന്ധിയോടു ക്ഷമ ചോദിച്ചിട്ടുണ്ട്.’ – അശോക് ഗെലോട്ട് (രാജസ്ഥാൻ മുഖ്യമന്ത്രി). 

∙ ‘ ദി‍ഗ്‌വിജയ് സിങ് ഇന്നു സന്ദർശിച്ചിരുന്നു. ശത്രുക്കൾ തമ്മിലുള്ളതല്ല; സുഹൃത്തുക്കളായ സഹപ്രവർത്തകർ തമ്മിലുള്ള മത്സരമായിരിക്കും ഞങ്ങളുടേത്. ആരു ജയിച്ചാലും ആത്യന്തികമായി ജയിക്കുക കോൺഗ്രസ് ആയിരിക്കും.’ – ശശി തരൂർ എംപി. 

∙ ‘എനിക്കു പറയാനുള്ളതു സോണിയ ശാന്തമായി കേട്ടു. രാജസ്‌ഥാന്റെ കാര്യത്തിൽ സോണിയ ഗാന്ധി തീരുമാനമെടുക്കും. അടുത്ത വർഷം സംസ്ഥാനത്ത് കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ കഠിനാധ്വാനം ചെയ്യും’ - സച്ചിൻ പൈലറ്റ്

English Summary: Ashok Gehlot loses trust of Congress high command

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com