സിപിഐയുടെ പുതിയ നേതൃനിര ഇന്ന്; കേരള ക്വോട്ട കൂടും
Mail This Article
വിജയവാഡ ∙ സിപിഐയുടെ പുതിയ ദേശീയ നേതൃത്വത്തെ ഇന്നു തിരഞ്ഞെടുക്കുമ്പോൾ കേരളം മികച്ച പ്രാതിനിധ്യം പ്രതീക്ഷിക്കുന്നു. 125 അംഗ ദേശീയ കൗൺസിലിനാണു സാധ്യത. ഇതിൽ കേരള ക്വോട്ട 12–13 പേർ ആകാം. നിലവിൽ ഇത് 11 ആണ്. ഇക്കഴിഞ്ഞ പാർട്ടി കോൺഗ്രസ് കാലയളവിൽ ഏറ്റവും കൂടുതൽ അംഗത്വ വർധന ഉണ്ടായത് കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങൾ ഉള്ളതും കേരളത്തിൽ തന്നെ. ഈ കരുത്ത് നേതൃതിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.
കേന്ദ്ര സെന്ററിൽനിന്നുള്ള ക്വോട്ട കുറച്ചതും കേരളത്തിന്റെ സാധ്യത വർധിപ്പിക്കും. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ 21 പേർ പാർട്ടി സെന്ററിൽനിന്നു ദേശീയ കൗൺസിലിലേക്ക് നേരിട്ടു നിർദേശിക്കപ്പെട്ടവരായിരുന്നു. ഇത് 15 ആയി കുറച്ചേക്കും. ആ പങ്ക് സംസ്ഥാനങ്ങൾക്കു വീതിച്ചു കൊടുക്കുമ്പോഴും കേരളത്തിനു പ്രാതിനിധ്യം ലഭിക്കും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായി കാനം രാജേന്ദ്രനും ബിനോയ് വിശ്വവും തുടരാനാണ് സാധ്യത. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങൾ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ കാനം സ്വയം പിന്മാറിയാൽ മാത്രമേ മറിച്ചൊരു സാധ്യതയുള്ളൂ.
ദേശീയ നിർവാഹകസമിതിയിൽനിന്നു കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞാൽ പകരം സംസ്ഥാന അസി. സെക്രട്ടറി കൂടിയായ കെ.പ്രകാശ് ബാബുവിനാണ് കൂടുതൽ സാധ്യത. രാജ്യസഭാംഗവും കാനത്തിന്റെ വിശ്വസ്തനുമായ യുവ നേതാവ് പി.സന്തോഷ് കുമാർ ഒരുപക്ഷേ ദേശീയ നിർവാഹകസമിതിയിൽ ഇടം പിടിച്ചേക്കും. എംപി എന്ന നിലയിൽ അദ്ദേഹത്തിന് പാർട്ടി സെന്ററിൽ കേന്ദ്രീകരിക്കാം. കനയ്യകുമാർ പാർട്ടി വിട്ടതോടെ ദേശീയ നിർവാഹകസമിതിയിൽ യുവാക്കൾ ഇല്ലെന്ന ആക്ഷേപത്തിനും പരിഹാരമാകും.
75 കഴിഞ്ഞ ഇസ്മായിൽ, എൻ.അനിരുദ്ധൻ, പാർട്ടി കോൺഗ്രസിന് എത്തിച്ചേരാത്ത സി.എൻ.ജയദേവൻ എന്നിവർ ദേശീയ കൗൺസിലിൽനിന്ന് മാറുമ്പോൾ മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, മുൻ മന്ത്രി വി.എസ്.സുനിൽകുമാർ, രാജാജി മാത്യു തോമസ്, പി.പി.സുനീർ തുടങ്ങിയവർക്ക് സാധ്യത ഉണ്ട്. എൻ.രാജൻ മാറിയാൽ ചിറ്റയം ഗോപകുമാറിനാണ് സാധ്യത. ദേശീയ കൗൺസിലിലെ കാൻഡിഡേറ്റ് അംഗമായ മഹേഷ് കക്കത്തിനു പകരം എഐവൈഎഫിൽ നിന്ന് ടി.ടി.ജിസ്മോനോ എൻ.അരുണോ വരും.
കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാനായ പന്ന്യൻ രവീന്ദ്രൻ ആ പദവി ഒഴിയും. കൺട്രോൾ കമ്മിഷൻ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം ദേശീയ നിർവാഹകസമിതിയിൽ ഇപ്പോൾ എക്സ് ഒഫീഷ്യോ അംഗമാണ്. ഔദ്യോഗിക രേഖകളിൽ 75 പിന്നിട്ട സാഹചര്യത്തിൽ എല്ലാ ഘടകങ്ങളിൽനിന്നും മാറാനുള്ള സന്നദ്ധത പന്ന്യൻ നേതൃത്വത്തെ അറിയിച്ചു. എന്നാൽ, പാർട്ടിയുടെ കേരളത്തിലെ ജനകീയ മുഖമായ പന്ന്യൻ നേതൃനിരയുടെ ഭാഗമായി തുടരണമെന്ന വികാരവും നേതൃത്വത്തിൽ ഉണ്ട്. രേഖകളിൽ 75 കഴിഞ്ഞെങ്കിലും അദ്ദേഹത്തിന് യഥാർഥത്തിൽ പ്രായം 73 ആണ്.
Content Highlight: CPI Party Congress 2022