മരണത്തോട് നേഗി പറഞ്ഞു, ഈ വോട്ട് കൂടി...
Mail This Article
കിന്നോർ (ഹിമാചൽപ്രദേശ്) ∙ മത്സരപ്പരീക്ഷകളിലെ ഒരു ചോദ്യം - സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആര് ? ഉത്തരം: ശ്യാം സരൺ നേഗി. 1951 ൽ ആദ്യത്തെ വോട്ട് ചെയ്തു ചരിത്രത്തിൽ ഇടംപിടിച്ച മനുഷ്യൻ ഇന്നലെ 106–ാം വയസ്സിൽ മരിക്കുന്നതിനു 3 ദിവസം മുൻപും വോട്ടവകാശം വിനിയോഗിച്ചു. 12നു നടക്കുന്ന ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇക്കഴിഞ്ഞ രണ്ടിനു നേഗി പോസ്റ്റൽ വോട്ട് സൗകര്യം പ്രയോജനപ്പെടുത്തി. – ജീവിതത്തിലെ 34–ാം വോട്ട്.
ഇന്നലെ പുലർച്ചെ രണ്ടിനു ജന്മഗ്രാമമായ കൽപയിലായിരുന്നു നേഗിയുടെ അന്ത്യം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. പ്രതികൂല കാലാവസ്ഥയിലും തിരഞ്ഞെടുപ്പു കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥർ സംസ്കാരച്ചടങ്ങിനെത്തിയത് മരണം വരെ ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിച്ച പൗരനോടുള്ള രാജ്യത്തിന്റെ ആദരമായി.
ഇത്തവണയും വീടിനടുത്തുള്ള എൽപി സ്കൂളിൽ പോയി വോട്ട് ചെയ്യാനായിരുന്നു നേഗിയുടെ ആദ്യ തീരുമാനം. 80 വയസ്സിനു മുകളിലുള്ളവർക്കുള്ള പോസ്റ്റൽ വോട്ട് സൗകര്യം പ്രയോജനപ്പെടുത്താൻ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം തീരുമാനിക്കുകയായിരുന്നു.
താളമേളങ്ങളോടെയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി നേഗിയുടെ വോട്ട് സ്വീകരിച്ചത്. സമ്മാനമായി പൂച്ചെണ്ടും പരമ്പരാഗത കിന്നോർ തൊപ്പിയും കമ്പിളിപ്പുതപ്പും നൽകി. നേഗി പക്ഷേ, ഇത്തവണത്തെ കൊടുംതണുപ്പിനെ അതിജീവിച്ചില്ല, കൽപ ഗ്രാമത്തിൽ ഇപ്പോൾ രാത്രി മൈനസ് 2 ഡിഗ്രി വരെയാണ് തണുപ്പ്.
ഇതേ അതിശൈത്യമാണ് നേഗിയെ ആദ്യ വോട്ടറാക്കിയത്. 1952 ൽ ആയിരുന്നു രാജ്യത്ത് ആദ്യ പൊതുതിരഞ്ഞെടുപ്പെങ്കിലും നേഗിയുടെ ഗ്രാമത്തിൽ അതിശൈത്യം പരിഗണിച്ച് 1951 ഒക്ടോബർ 25നു തന്നെ വോട്ടെടുപ്പു നടന്നു. ഇതാണ് നേഗിയെ ആദ്യ വോട്ടറാക്കിയത്. നേഗി 4 വർഷം വനപാലകനും പിന്നീടു കൽപ എൽപി സ്കൂളിൽ അധ്യാപകനുമായിരുന്നു. പ്രായം തൊണ്ണൂറുകളുടെ അവസാനത്തിലെത്തിയ ഹീരാ മണിയാണ് ഭാര്യ. പതിറ്റാണ്ടുകളായി കൽപ സ്കൂൾ ബൂത്തിലെ ആദ്യ വോട്ടർ നേഗിയും രണ്ടാം വോട്ടർ ഹീരയുമായിരുന്നു.
English Summary: Independent India's first voter Shyam Saran Negi passes away