മത്സരിക്കുന്നത് ജയറാം; ജയിക്കേണ്ടത് നഡ്ഡയ്ക്ക്
Mail This Article
ഹിമാചലിൽ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയറാം ഠാക്കൂറല്ലാതെ മറ്റൊരു പേരില്ല. ആ ഉറപ്പിലേക്കു ബിജെപി എത്തിയതിനു പിന്നിൽ വലിയൊരു രാഷ്ട്രീയ ചരടുവലിയുടെ കഥയുണ്ട്. ഏതാനും നാളായി ഇവിടെ കഠിനാധ്വാനം ചെയ്യുന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ ശ്രദ്ധിക്കുക. സ്വന്തം സംസ്ഥാനത്തു തന്റെ വിശ്വസ്തനെ വാഴിച്ചശേഷമേ, ഡൽഹിക്കു മടങ്ങുവെന്ന തീരുമാനമെടുത്താണു നഡ്ഡ സംസ്ഥാനം ചുറ്റുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു ബിജെപിയിൽ മുഖ്യമന്ത്രി സഥാനത്തേക്ക് ഒറ്റപ്പേരെ ഉണ്ടായിരുന്നുള്ളു. 2 തവണ സംസ്ഥാനം ഭരിച്ച പ്രേംകുമാർ ധൂമലിന്റേത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ അച്ഛൻ. 2017ലെ തിരഞ്ഞെടുപ്പിൽ പാർട്ടി ജയിച്ചപ്പോൾ, പക്ഷേ ധൂമലിന് അപ്രതീക്ഷിത തോൽവി നേരിടേണ്ടി വന്നു. ആ ഒഴിവിലാണ് നഡ്ഡ തന്റെ വിശ്വസ്തനായ ജയറാം ഠാക്കൂറിനെ മുഖ്യമന്ത്രിയാക്കിയത്. 1990കളിൽ നരേന്ദ്ര മോദി പാർട്ടി പ്രവർത്തനത്തിനു ഹിമാചലിൽ വന്നുപോയിരുന്ന കാലത്തെ അടുപ്പവും ജയറാമിനു തുണയായി. അതുവരെ പാർട്ടിയിൽ എല്ലാമായിരുന്ന ധൂമൽ പെട്ടെന്ന് ഒന്നുമല്ലാതായി.
ജെ.പി.നഡ്ഡ 2007ൽ പ്രേംകുമാർ ധൂമൽ മന്ത്രിസഭയിൽ വനംമന്ത്രി മാത്രമായിരുന്നു. ധൂമലുമായി നേർക്കുനേർ കലഹിച്ചുനിന്ന നഡ്ഡയുടെ തലവര 2010ൽ നിതിൻ ഗഡ്കരി ബിജെപി ദേശീയ അധ്യക്ഷനായിരുന്ന കാലത്തു മാറിത്തുടങ്ങി. മന്ത്രിപദവി രാജിവപ്പിച്ചു ഗഡ്കരിയുടെ ടീമിൽ പാർട്ടി ജനറൽ സെക്രട്ടറിയാക്കപ്പെട്ട നഡ്ഡ പിന്നീടു മോദി-അമിത് ഷാ കൂട്ടുകെട്ടിലും ഇരിപ്പിടം നേടി. ഇതോടെ, സംസ്ഥാനത്തു ധൂമലിന്റെ കഷ്ടകാലം തുടങ്ങി. എന്തെല്ലാം നേടിയാലും സ്വന്തം ഹിമാചൽ കൈവിട്ടു പോകുന്നത് അപകടമാകുമെന്ന് ബോധ്യമുള്ള നഡ്ഡ കൈമെയ് മറന്നുള്ള പ്രചാരണത്തിലാണ്.
പേടിയുണ്ട് ജയറാമിനും
കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി 44 സീറ്റുമായി അധികാരത്തിലെത്തിയ ആത്മവിശ്വാസം ഇക്കുറി ജയറാമിന് ഇല്ല. കഴിഞ്ഞ നവംബറിൽ നടന്ന 4 ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനോടു ദയനീയമായി തോറ്റുനിൽക്കുകയാണ് ജയറാമും കൂട്ടരും. ഇതിനു പിന്നാലെ നഡ്ഡ പല യോഗങ്ങൾ വിളിച്ചു. മോശം പ്രകടനം നടത്തുന്ന എംഎൽഎമാരെ താക്കീതു ചെയ്തു. ചിലരെ സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതു വിമതശല്യമായി കൂടെയുണ്ട്. സ്വന്തം മണ്ഡലത്തിൽ നിൽക്കാതെ സീറ്റെണ്ണം കൂടിയ കാംഗ്ര പോലെ ജില്ലകളിൽ ക്യാംപ് ചെയ്തുള്ള പ്രചാരണമാണ് ജയറാം നടത്തുന്നത്. താൻ തോറ്റാൽ ദേശീയ നേതൃത്വം കൂടിയാണു തോൽക്കുന്നതെന്നു ജയറാമിന് അറിയാം.
മക്കൾരാഷ്ട്രീയം വരും
ഹിമാചൽ രാഷ്ട്രീയത്തിൽ ധൂമലിന്റെ മകൻ അനുരാഗ് ഠാക്കൂറും നഡ്ഡയുടെ മകൻ ഹരീഷ് നഡ്ഡയും നിർണായക ശക്തികളാകുന്ന കാലം വിദൂരമല്ലെന്നാണ് ബിജെപിയിലെ അടക്കംപറച്ചിൽ. നഡ്ഡയുടെ കാലത്തു തന്നെ കേന്ദ്രമന്ത്രിയും പാർട്ടിയുടെ യുവമുഖവുമാകാൻ അനുരാഗിനു കഴിഞ്ഞു. നഡ്ഡയുടെ സ്വന്തം തട്ടകമായ ബിലാസ്പുരിൽ മകൻ നരേഷ് നഡ്ഡ ഇത്തവണ സജീവമാണ്. അടുത്ത തവണ നരേഷ് ഇവിടെ സ്ഥാനാർഥിയാകുമെന്നാണു ബിജെപിക്കാർ പറയുന്നത്.
6 തവണ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിങ്ങിന്റെ മകനും എംഎൽഎയുമായ വിക്രമാദിത്യയും ഭാവിനേതാവായി ഉയർന്നുവരുന്നു.
ഹിമാചലിലും ഏക വ്യക്തിനിയമം:ബിജെപി
ഷിംല ∙ അധികാരത്തിലെത്തിയാൽ ഹിമാചൽ പ്രദേശിൽ ഏക വ്യക്തിനിയമം നടപ്പാക്കുമെന്നു ബിജെപിയുടെ പ്രകടനപത്രിക. പുറമേ സ്ത്രീക്ഷേമത്തിനായി പ്രത്യേക പത്രികയും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ പുറത്തിറക്കി.
സ്കൂൾ വിദ്യാർഥിനികൾക്കു സൈക്കിളും മുതിർന്ന വിദ്യാർഥിനികൾക്ക് സ്കൂട്ടിയും സൗജന്യം, സ്ത്രീകൾക്കു വിവാഹസമ്മാനമായി 51,000 രൂപ, ഗർഭിണികൾക്ക് 25,000 രൂപ സഹായം, സ്ത്രീകൾക്ക് ഹോംസ്റ്റേ തുടങ്ങാൻ പലിശരഹിത വായ്പ, സർക്കാർ ജോലിയിൽ 33% സംവരണം തുടങ്ങിയവ സ്ത്രീപക്ഷ പ്രകടനപത്രികയിലുണ്ട്.
8 ലക്ഷം പേർക്കു ജോലി, പുതിയ മെഡിക്കൽ കോളജുകൾ, ക്ഷേത്രാനുബന്ധ വികസനത്തിനായി 12000 കോടിയുടെ ഹിമതീർഥ് പദ്ധതി, വഖഫ് ഭൂമി ഒഴിപ്പിക്കൽ, ആപ്പിൾ കർഷകരുടെ ജിഎസ്ടി ബാധ്യതയിൽ ഒരുഭാഗം ഏറ്റെടുക്കും തുടങ്ങിയവ പ്രഖ്യാപനത്തിലുണ്ട്.
English Summary: Himachal Pradesh election: BJP politics and aim