ഫാ. സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടറിലും കൃത്രിമ തെളിവ് സൃഷ്ടിച്ചതായി റിപ്പോർട്ട്
Mail This Article
ന്യൂയോർക്ക് ∙ ഭീമ– കൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടറിൽ കൃത്രിമമായി സൃഷ്ടിച്ച ഡിജിറ്റൽ തെളിവുകൾ തിരുകിക്കയറ്റുകയായിരുന്നെന്ന് യുഎസ് ഫൊറൻസിക് കമ്പനിയുടെ റിപ്പോർട്ട്. മാസച്യുസിറ്റ്സ് ആസ്ഥാനമായ ആർസനൽ കൺസൾട്ടിങ്ങിന്റെ കണ്ടെത്തലുകൾ വാഷിങ്ടൻ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. കംപ്യൂട്ടർ ഹാർഡ് ഡ്രൈവിൽ വ്യാജ തെളിവുകൾ ഉണ്ടാക്കുകയായിരുന്നു.
സ്റ്റാൻ സ്വാമി ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഇലക്ട്രോണിക് കോപ്പി യുഎസ് കമ്പനി വിശദമായി പരിശോധിച്ചിരുന്നു. റോണ വിൽസൻ, സുരേന്ദ്ര ഗാഡ്‌ലിങ് എന്നീ മനുഷ്യാവകാശപ്രവർത്തകരുടെ കാര്യത്തിലും ഇത്തരം വ്യാജ ഡിജിറ്റൽ തെളിവുകൾ ഉണ്ടാക്കുകയായിരുന്നെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അൻപതിലേറെ ഫയലുകളാണ് സ്റ്റാൻ സ്വാമിയുടെ ഹാർഡ് ഡ്രൈവിൽ സൃഷ്ടിച്ചത്. ഏറ്റവുമവസാനമായി 2019 ജൂൺ 5നാണ് കൃത്രിമ തെളിവ് സൃഷ്ടിച്ചത്.
2017 ഡിസംബറിൽ ഭീമ– കൊറേഗാവിലുണ്ടായ അക്രമസംഭവങ്ങളിലേക്കു നയിച്ചത് വിവാദപ്രസംഗങ്ങളാണെന്ന പേരിൽ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത് കംപ്യൂട്ടറിലെ ഇത്തരം വ്യാജ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു. അസുഖബാധിതനായി ഇടക്കാല ജാമ്യം കാത്തു കഴിയവേ 2021 ജൂലൈയിൽ മരിച്ചു.
English Summary: Evidence planted on activist Stan Swamy's laptop: US Report