‘ഭരണഘടന നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറല്ലെന്ന് പറയിപ്പിക്കരുത്’; ആഞ്ഞടിച്ച് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചാൽ പോലും കേന്ദ്ര സർക്കാരിനു മിണ്ടാട്ടമില്ലെന്നു സുപ്രീം കോടതിയുടെ അതിരൂക്ഷ വിമർശനം. മറ്റു സംസ്ഥാനങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കുമ്പോഴാണിതെന്നു രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു. ‘ഭരണഘടന നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറല്ലെന്ന് എന്നെക്കൊണ്ടു പറയിപ്പിക്കരുത്. എനിക്കതു പറയാൻ മടിയില്ല.’ – ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു.
എൻഡിപിപി–ബിജെപി സഖ്യം ഭരിക്കുന്ന നാഗാലാൻഡിലെ തദ്ദേശ സ്ഥാപനങ്ങളിൽ വനിതാസംവരണം ഇനിയും നടപ്പാക്കാത്തതു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണു കോടതിയുടെ രൂക്ഷപ്രതികരണം. സംസ്ഥാനത്ത് വനിതാ സംവരണം നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടാകുന്നില്ലെന്നും അഡ്വക്കറ്റ് ജനറലിന്റെ അഭ്യർഥന കണക്കിലെടുത്ത് അവസാനഅവസരം നൽകുകയാണെന്നും ജസ്റ്റിസ് സുധാംശു ധൂലിയ കൂടി അംഗമായ ബെഞ്ച് വ്യക്തമാക്കി.
സ്വന്തം പാർട്ടി ഭരിക്കുന്നിടത്തു കേന്ദ്ര സർക്കാരിനു കൈകഴുകാൻ കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ കേന്ദ്രം ഇടപെടണം. ഒരേ പാർട്ടിയായതിനാൽ കാര്യങ്ങൾ എളുപ്പമാകുമെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു. നാഗാലാൻഡ് സർക്കാർ വനിതാ സംവരണം നടപ്പാക്കാത്തതിനെതിരെ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസാണ് കോടതിയെ സമീപിച്ചത്.
ഭരണഘടനയുടെ 243ഡി വകുപ്പു പ്രകാരം പഞ്ചായത്തുകളിൽ 33% സീറ്റെങ്കിലും വനിതകൾക്കായി സംവരണം ചെയ്യണം. ഇക്കാര്യത്തിൽ നാഗാലാൻഡിന് ഇളവുണ്ടോയെന്നു വ്യക്തമാക്കാൻ കോടതി നിർദേശിച്ചെങ്കിലും കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിട്ടില്ല. ഇളവില്ലെന്നു കേന്ദ്രം ഇന്നലെ വാക്കാൽ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.
വനിതാസംവരണം നടപ്പാക്കാനുള്ള നിയമനിർമാണ നടപടികളിലേക്കു നാഗാലാൻഡ് കടന്നെന്നും സമയം അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജും നാഗാലാൻഡ് സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ.എൻ. ബാൽഗോപാലും ആവശ്യപ്പെട്ടു. എണ്ണമറ്റ തവണ സാവകാശം ചോദിച്ചെന്നും ഒരിക്കൽകൂടി സമയം നൽകുകയാണെന്നും കോടതി വ്യക്തമാക്കി.
∙ ജസ്റ്റിസ് കൗൾ: ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ
ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ സുപ്രീം കോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിയാണ് സഞ്ജയ് കിഷൻ കൗൾ. ജഡ്ജിമാരുടെ നിയമനത്തിനു സുപ്രീം കോടതി കൊളീജിയം നൽകുന്ന പേരുകൾ കേന്ദ്രം വൈകിപ്പിക്കുന്നതായി പരാതി ഉയർന്നപ്പോഴും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.
English Summary : Shouldn't you follow the Constitution in your states?': Supreme Court hits out at Central government