ദുരിതം കണ്ട് പകച്ച് പ്രതിപക്ഷ എംപിമാർ; പൊട്ടിക്കരഞ്ഞും പൊട്ടിത്തെറിച്ചും മണിപ്പുർ
ഇംഫാൽ ∙ മണിപ്പുരിലെ കൂട്ടക്കൊലയിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കലാപത്തെ നേരിടാൻ കഴിയാത്ത സംസ്ഥാന സർക്കാരിനുമെതിരായ രോഷവും പ്രതിഷേധവും പ്രതിപക്ഷ എംപിമാരെ നേരിട്ടറിയിച്ചു കുക്കി-മെയ്തെയ് വിഭാഗക്കാർ. മണിപ്പുർ സന്ദർശിച്ച 21 പ്രതിപക്ഷ എംപിമാർക്കു മുൻപിൽ പൊട്ടിത്തെറിച്ചും
ഇംഫാൽ ∙ മണിപ്പുരിലെ കൂട്ടക്കൊലയിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കലാപത്തെ നേരിടാൻ കഴിയാത്ത സംസ്ഥാന സർക്കാരിനുമെതിരായ രോഷവും പ്രതിഷേധവും പ്രതിപക്ഷ എംപിമാരെ നേരിട്ടറിയിച്ചു കുക്കി-മെയ്തെയ് വിഭാഗക്കാർ. മണിപ്പുർ സന്ദർശിച്ച 21 പ്രതിപക്ഷ എംപിമാർക്കു മുൻപിൽ പൊട്ടിത്തെറിച്ചും
ഇംഫാൽ ∙ മണിപ്പുരിലെ കൂട്ടക്കൊലയിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കലാപത്തെ നേരിടാൻ കഴിയാത്ത സംസ്ഥാന സർക്കാരിനുമെതിരായ രോഷവും പ്രതിഷേധവും പ്രതിപക്ഷ എംപിമാരെ നേരിട്ടറിയിച്ചു കുക്കി-മെയ്തെയ് വിഭാഗക്കാർ. മണിപ്പുർ സന്ദർശിച്ച 21 പ്രതിപക്ഷ എംപിമാർക്കു മുൻപിൽ പൊട്ടിത്തെറിച്ചും
ഇംഫാൽ ∙ മണിപ്പുരിലെ കൂട്ടക്കൊലയിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കലാപത്തെ നേരിടാൻ കഴിയാത്ത സംസ്ഥാന സർക്കാരിനുമെതിരായ രോഷവും പ്രതിഷേധവും പ്രതിപക്ഷ എംപിമാരെ നേരിട്ടറിയിച്ചു കുക്കി-മെയ്തെയ് വിഭാഗക്കാർ. മണിപ്പുർ സന്ദർശിച്ച 21 പ്രതിപക്ഷ എംപിമാർക്കു മുൻപിൽ പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും ഇരുവിഭാഗങ്ങളും തങ്ങളുടെ ദുരിതം പങ്കുവച്ചു. മണിപ്പുരിന്റെ ദുഃഖം ഇന്ത്യയുടെ ദുഃഖമാണെന്ന് ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായി സംസ്ഥാനം സന്ദർശിക്കുന്ന 16 പാർട്ടികളിലെ എംപിമാരുടെ സംഘത്തെ നയിച്ച കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. 2 ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ എംപിമാർ ഗവർണറെ കണ്ടു നിവേദനം സമർപ്പിച്ച ശേഷമാണു ഡൽഹിയിലേക്കു മടങ്ങിയത്.
മണിപ്പുരിൽ സർവകക്ഷി സംഘം സന്ദർശനം നടത്തണമെന്നും വിവിധ വിഭാഗങ്ങൾ തമ്മിൽ ചർച്ച നടത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടതായി അധീർ രഞ്ജൻ ചൗധരി പറഞ്ഞു. മണിപ്പുർ കലാപം രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്നതാണെന്നു പ്രതിപക്ഷ എംപിമാർ പറഞ്ഞു.
ഇന്ത്യ ടീമിൽപെട്ട വനിതാ എംപിമാരായ സുഷ്മിത ദേവ് (ടിഎംസി), ഫുലോ ദേവി (കോൺഗ്രസ്), കനിമൊഴി (ഡിഎംകെ) എന്നിവർ കൂട്ടബലാത്സംഗത്തിനിരയായ 2 കുക്കി വനിതകളെ നേരിൽ കണ്ടു. മേയ് 4ന് മെയ്തെയ് ആൾക്കൂട്ടം നഗ്നരാക്കി നടത്തിയവരാണ് ഇവർ. ഭയത്തിന്റെ അന്തരീക്ഷത്തിലാണ് കഴിയുന്നതെന്ന് ഇവർ വനിതാ എംപിമാരാടു പറഞ്ഞു. ഇവരുടെ ബന്ധുക്കളെ മറ്റ് എംപിമാരും കണ്ടു. ഇളയ പെൺകുട്ടിയുടെ അമ്മ എംപിമാരുടെ മുൻപിൽ നിർത്താതെ പൊട്ടിക്കരയുകയായിരുന്നു. ഇത്തരം ഒരു സാഹചര്യം രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉണ്ടായിട്ടില്ല- എ.എ.റഹീം എംപി പറഞ്ഞു.
പ്രധാനമന്ത്രിയും എൻഡിഎ നേതാക്കളും മണിപ്പുർ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കണമെന്ന് കോൺഗ്രസ് ലോക്സഭാ ഡപ്യൂട്ടി ലീഡർ ഗൗരവ് ഗൊഗോയ് പറഞ്ഞു. ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിൽ പരാജയപ്പെട്ട ബിരേൻ സിങ് സർക്കാരിനെ അധികാരത്തിലിരുത്തി മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനാവില്ലെന്നു കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി സമാധാന ചർച്ചകൾക്കു തുടക്കം കുറിക്കണം. പാതി വഴിയിൽ നിർത്തിച്ച ഇംഫാലിലെ കോളജിലെ പഠനം ഇനിയൊരിക്കലും തുടരാൻ പറ്റാത്ത സാഹചര്യമാണെന്ന് എംപിമാർക്ക് മുൻപിൽ കുക്കി വിദ്യാർഥികൾ പറഞ്ഞു. ഭക്ഷ്യസാമഗ്രികളുടെ കടുത്ത ക്ഷാമമാണെന്നും അതീവദുരിതമാണ് ക്യാംപിലെ അവസ്ഥയെന്നും നേരിട്ടു ബോധ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ബലാത്സംഗക്കേസുകളിൽ പൊലീസ് കേസെടുക്കാത്തതിനെക്കുറിച്ച് വനിതകൾ ഉൾപ്പെടെയുള്ളവർ പരാതിപ്പെട്ടു. പലകാരണങ്ങളാൽ 376 വകുപ്പു പ്രകാരം ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്യുന്നില്ല. ഇര കൊല്ലപ്പെട്ട കേസുകളിൽ കൊലപാതകത്തിനു മാത്രമാണു കേസ്. പേടി കാരണം പലരും ബലാത്സംഗം റിപ്പോർട്ട് ചെയ്യുന്നില്ല. തെളിവില്ല എന്നു പറഞ്ഞ് പൊലീസ് പല ബലാത്സംഗക്കേസുകളിലും തുടർനടപടി സ്വീകരിക്കുന്നില്ലെന്നും കുക്കി സംഘടനകൾ പറഞ്ഞു.
മുഖ്യമന്ത്രി ബിരേൻ സിങ് തങ്ങളുടെ ക്യാംപ് സന്ദർശിക്കാനെത്തിയിട്ടില്ലെന്നു മൊയ് രാങ്ങിലെ മെയ്തെയ് ക്യാംപിലെ അന്തേവാസികൾ പ്രതിപക്ഷ എംപിമാരോട് പറഞ്ഞു. തലമുറകളായി താമസിക്കുകയായിരുന്ന ചുരാചന്ദ്പുരിലെ വീടുകളും വ്യാപാരസ്ഥാപനങ്ങളും കുക്കികൾ തീയിട്ടതായി ഇവർ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രാദേശിക അഖണ്ഡതയ്ക്കു വേണ്ടി പ്രതിപക്ഷ എംപിമാർ നിലകൊള്ളമെന്നും അവർ ആവശ്യപ്പെട്ടു.
ഭരണസംവിധാനം പൂർണമായി തകർന്നെന്നും നീതിനിർവഹണം നടക്കുന്നില്ലെന്നും എംപിമാർ പറഞ്ഞു. പലപ്പോഴും ദുരിതാശ്വാസക്യാംപിലെ അന്തേവാസികളുടെ ചോദ്യങ്ങൾക്കു മുന്നിൽ പ്രതിപക്ഷ എംപിമാർക്ക് ഉത്തരമില്ലായിരുന്നു. നിങ്ങളുടെ ബുദ്ധിമുട്ടുകൾ ഞങ്ങൾ പാർലമെന്റിൽ പറയും. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ- എൻ.കെ.പ്രേമചന്ദ്രനും പി. സന്തോഷ് കുമാറും പറഞ്ഞു. സമാനതകളില്ലാത്ത ദുരിതമാണു മണിപ്പുർ ജനത അനുഭവിക്കുന്നതെന്ന് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.
കലാപം അവസാനിപ്പിക്കാൻ കഴിയുന്നില്ല എന്നു മാത്രമല്ല, ഇരകളുടെ പുനരധിവാസവും തകർന്നിരിക്കുകയാണെന്ന് അവർ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രാദേശിക അഖണ്ഡത നിലനിർത്തണമെന്നും നാർക്കോടെററിസം അവസാനിപ്പിക്കണമെന്നും മെയ്തെയ് വിഭാഗക്കാർ പ്രതിപക്ഷ എംപിമാരോട് ആവശ്യപ്പെട്ടു. മെയ്തെയ്-കുക്കി വിഭജനം പൂർണമായതായും സമാധാനമായി ജീവിക്കാൻ പ്രത്യേക ഭരണപ്രദേശം വേണമെന്നും കുക്കി സംഘടനകളും ആവശ്യപ്പെട്ടു.
English Summary: Manipur Unrest: INDIA Alliance Manipur Visit