മാർബിൾ പോലെ കളം മിനുക്കി കിഷൻഗഡും പിന്നെ സ്വതന്ത്രരും
ഇന്ത്യയുടെ മാർബിൾ സിറ്റിയാണു കിഷൻഗഡ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാർബിൾ മാർക്കറ്റുകളിലൊന്നായ ഇവിടെ ആയിരത്തിലധികം മാർബിൾ മൊത്തവ്യാപാര സ്ഥാപനങ്ങളുണ്ട്. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിൽ കിഷൻഗഡിൽ ഞങ്ങൾ ചെല്ലുമ്പോൾ ദീപാവലി അവധിയാണ്. മാർബിൾ ലോഡ് പോകുന്നില്ല. എന്നാൽ, അതിനെക്കാൾ മിനുസമുള്ള വാഗ്ദാനങ്ങളുമായി സ്ഥാനാർഥികൾ തലങ്ങും വിലങ്ങും ഓടുന്നു.
ഇന്ത്യയുടെ മാർബിൾ സിറ്റിയാണു കിഷൻഗഡ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാർബിൾ മാർക്കറ്റുകളിലൊന്നായ ഇവിടെ ആയിരത്തിലധികം മാർബിൾ മൊത്തവ്യാപാര സ്ഥാപനങ്ങളുണ്ട്. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിൽ കിഷൻഗഡിൽ ഞങ്ങൾ ചെല്ലുമ്പോൾ ദീപാവലി അവധിയാണ്. മാർബിൾ ലോഡ് പോകുന്നില്ല. എന്നാൽ, അതിനെക്കാൾ മിനുസമുള്ള വാഗ്ദാനങ്ങളുമായി സ്ഥാനാർഥികൾ തലങ്ങും വിലങ്ങും ഓടുന്നു.
ഇന്ത്യയുടെ മാർബിൾ സിറ്റിയാണു കിഷൻഗഡ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാർബിൾ മാർക്കറ്റുകളിലൊന്നായ ഇവിടെ ആയിരത്തിലധികം മാർബിൾ മൊത്തവ്യാപാര സ്ഥാപനങ്ങളുണ്ട്. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിൽ കിഷൻഗഡിൽ ഞങ്ങൾ ചെല്ലുമ്പോൾ ദീപാവലി അവധിയാണ്. മാർബിൾ ലോഡ് പോകുന്നില്ല. എന്നാൽ, അതിനെക്കാൾ മിനുസമുള്ള വാഗ്ദാനങ്ങളുമായി സ്ഥാനാർഥികൾ തലങ്ങും വിലങ്ങും ഓടുന്നു.
ജയ്പുർ∙ ഏതു ‘തറ’യെയും നന്നാക്കാൻ ശേഷിയുള്ള നിയോജകമണ്ഡലമാണു കിഷൻഗഡ്. ഇന്ത്യയുടെ മാർബിൾ സിറ്റി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാർബിൾ മാർക്കറ്റുകളിൽ ഒന്നായ കിഷൻഗഡിൽ ആയിരത്തിലധികം മാർബിൾ മൊത്തവ്യാപാരസ്ഥാപനങ്ങളുണ്ട്. രാജ്യത്തിനകത്തുമാത്രമല്ല, വിദേശത്തേക്കും പടർന്നു പന്തലിച്ച വ്യാപാരശൃംഖല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുമായും അവിടങ്ങളിലെ ചെറുതും വലുതുമായ പട്ടണങ്ങളുമായും ഇത്രയേറെ ബന്ധം പുലർത്തുന്ന മറ്റൊരു നഗരമുണ്ടോയെന്നു സംശയമാണ്. നാലാളറിയുന്ന നാടുണ്ടോ? എങ്കിൽ എല്ലാദിവസവും അവിടേക്കുണ്ടാകും കിഷൻഗഡിൽനിന്നു മാർബിൾ ലോഡ് കയറ്റിയ ഒരു ലോറിയെങ്കിലും. രാജ്യത്തിന്റെ തന്നെ നിലമൊരുക്കുന്ന കിഷൻഗഡ് പക്ഷേ, ഇപ്പോൾ മറ്റൊരു ‘തറപ്പണി’യുടെ തിരക്കിലാണ്. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ. കിഷൻഗഡിൽ ഞങ്ങൾ ചെല്ലുമ്പോൾ ദീപാവലി അവധിയാണ്. മാർബിൾ ലോഡ് പോകുന്നില്ല. എന്നാൽ അതിനെക്കാൾ മിനുസമുള്ള വാഗ്ദാനങ്ങളുമായി സ്ഥാനാർഥികൾ തലങ്ങും വിലങ്ങും ഓടുന്നുണ്ട്. പ്രധാനമായും കോൺഗ്രസിന്റെ സ്ഥാനാർഥി വികാസ് ചൗധരി, ബിജെപിയുടെ ഭാഗീരഥ് ചൗധരി, ഒപ്പം കഴിഞ്ഞ തവണ ഇതേ മണ്ഡലത്തിൽനിന്നു വിജയിച്ച സ്വതന്ത്രൻ സുരേഷ് ടാക്ക്.
മാർബിൾ ബ്ലോക്കും എൻ ബ്ലോക്ക് വോട്ടും
വ്യാപാരസ്ഥാപനങ്ങളുടെ മുറ്റത്തിട്ടിരിക്കുന്നതു മുപ്പതും നാൽപ്പതും ടൺ വരുന്ന വലിയ മാർബിൾ ബ്ലോക്കുകളാണെങ്കിൽ എൻ ബ്ലോക്കായി വീഴുന്ന ജാട്ട് വോട്ടുകളാണ് കിഷൻഗഡ് മണ്ഡലത്തിന്റെ പ്രത്യേകത. ഈ ട്രെൻഡിനെ പിൻപറ്റിയാണു കോൺഗ്രസും ബിജെപിയുമുൾപ്പെടെയുള്ള മുൻനിര പാർട്ടികൾ സ്ഥാനാർഥികളെ നിശ്ചയിക്കാറ്. വലിയ മാർബിൾ ബ്ലോക്കുകൾക്കുള്ള ഒരു പ്രശ്നം സൂക്ഷിച്ചില്ലങ്കിൽ അവ പണിതരുമെന്നുള്ളതാണ്. തലനാരിഴയെക്കാൾ കനംകുറഞ്ഞ ചില വരകളുണ്ടാകും മാർബിൾ ബ്ലോക്കിൽ. കണ്ണുകൊണ്ടു കാണാൻ പോലും പറ്റില്ല ചിലപ്പോൾ. പക്ഷേ, മുറിച്ചുനോക്കിയാൽ അകത്ത് വലിയ വിള്ളലും വിടവുമായിരിക്കും. ഉപയോഗശൂന്യം. വോട്ട് ബ്ലോക്കിലെ ഇതുപോലൊരു വിള്ളൽ കോൺഗ്രസിനും ബിജെപിക്കും കാണാൻ പറ്റാതെ പോയതാണ് കിഷൻഗഡിൽ കഴിഞ്ഞ തവണ മാർബിൾ വ്യാപാരിയായ സ്വതന്ത്രൻ സുരേഷ് ടാക്കിന്റെ വിജയത്തിലെത്തിച്ചത്. ഇരു പാർട്ടികളും ജാട്ട് വോട്ട് വീഴുമെന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ജാട്ട് വോട്ടുൾപ്പെടെ വീണതു സുരേഷിന്റെ പെട്ടിയിലാണെന്നു മാത്രം. കലാൽ സമുദായക്കാരനായ സുരേഷ് ടാക്കിന്റെ വിജയം 17,452 വോട്ടുകൾക്കായിരുന്നു. ഇത്തവണ വിജയം മാത്രം ലക്ഷ്യമിട്ടു നിലവിൽ എംപിയായ ഭാഗീരഥ് ചൗധരിയെയാണു ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ഇതേ മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കു 2013ൽ അദ്ദേഹം വിജയം നേടിയിരുന്നു. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയായി ഈ മണ്ഡലത്തിൽ മത്സരിച്ച വികാസ് ചൗധരി പാർട്ടി മാറി ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും മത്സരത്തിനിറങ്ങുന്നു. സുരേഷ് ടാക്കുമുണ്ട് സ്വതന്ത്രനായി കളത്തിൽ.
സർക്കാർ രൂപീകരണവും ‘സ്വതന്ത്ര’ ബ്ലോക്കുകളും
പ്രത്യേകിച്ചൊരു സൂര്യനു ചുറ്റുമല്ലാതെ വെറുതെ ചുറ്റിയടിക്കുന്ന ഗ്രഹങ്ങളായാണു സ്വതവേ സ്വതന്ത്രരെ പരിഗണിക്കാറ്. എന്നാൽ രാജസ്ഥാൻ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം സർക്കാർ രൂപീകരണത്തിന്റെ അടിസ്ഥാന ബിൽഡിങ് ബ്ലോക്കുകളാണു സ്വതന്ത്രന്മാർ. ആർക്കുമാർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ പ്രത്യേകിച്ചും. 1993 മുതൽ 2018 വരെയുള്ള തിരഞ്ഞെടുപ്പുകൾ നോക്കിയാൽ നിയമസഭയിൽ കോൺഗ്രസിനും ബിജെപിക്കും പിന്നിലെ മൂന്നാമത്തെ അംഗസംഖ്യ സ്വതന്ത്രന്മാരുടേതാണ്. കഴിഞ്ഞ തവണ മാത്രം 13 സ്വതന്ത്രരാണ് നിയമസഭയിലെത്തിയത്. വിഭാഗീയതമൂലം സീറ്റ് നിഷേധിക്കപ്പെടുമ്പോൾ നേതാക്കൾ സ്വതന്ത്രരായി മത്സരത്തിനിറങ്ങി ജയിക്കുന്നു. അതേ പാർട്ടിയിലെ എതിർവിഭാഗത്തിന്റെ രഹസ്യപിന്തുണയും ഇവർക്കുണ്ടായിരിക്കും. പിന്നീടു സർക്കാർ രൂപീകരണ സമയമെത്തുമ്പോൾ ഈ സ്വതന്ത്രന്മാരെ കൂടി കൂട്ടിയാണു മുഖ്യമന്ത്രി പദത്തിലേക്കും മറ്റു പ്രധാന പദവികളിലേക്കുമുള്ള വിലപേശൽ. 2018ൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേടിയത് 100 സീറ്റ്. ഭരിക്കാൻ വേണം 101 എങ്കിലും. സ്വതന്ത്ര സ്ഥാനാർഥികൾ അശോക് ഗെലോട്ടിനു പിന്തുണയുമായെത്തിയതോടെ അദ്ദേഹം മുഖ്യമന്ത്രിയായി. 2020ൽ സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ ശ്രമിച്ചപ്പോഴും ഗെലോട്ടിന്റെ രക്ഷയ്ക്കെത്തിയതു സ്വതന്ത്രരാണ്. ഇവരിൽ പലരും ഇത്തവണത്തെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിലും ഇടംപിടിച്ചു. 2018ൽ ബിജെപി സീറ്റ് നിഷേധിച്ചതിനാൽ കിഷൻഗഡിൽ സ്വതന്ത്രനായി മത്സരിച്ചതാണു സുരേഷ് ടാക്ക്. പക്ഷേ, 2020ലെ പ്രതിസന്ധി ഘട്ടത്തിൽ ഗെലോട്ട് സർക്കാരിനെ സുരേഷ് പുറത്തുനിന്നു പിന്തുണച്ചിരുന്നു. ഇത്തവണ രാജസ്ഥാനിൽ കോൺഗ്രസും ബിജെപിയും തുല്യനില പാലിച്ചാൽ, സ്വതന്ത്രർ ആർക്ക് തറയൊരുക്കുന്നുവോ അവരിരിക്കും സംസ്ഥാനത്തിന്റെ ഭരണക്കസേരയിൽ.