2035ൽ ഇന്ത്യയ്ക്ക് ബഹിരാകാശ നിലയം സ്വന്തം
Mail This Article
ന്യൂഡൽഹി ∙ 2035ൽ ഇന്ത്യ സ്വന്തമായി ബഹിരാകാശനിലയം ആരംഭിക്കുമെന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഒക്ടോബറിൽ ഗഗൻയാൻ പദ്ധതിയുടെ അവലോകനയോഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി 2035 ൽ ബഹിരാകാശനിലയം ആരംഭിക്കാൻ നിർദേശം നൽകിയത്. ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
2019 ൽ കെ.ശിവൻ ഐഎസ്ആർഒ ചെയർമാൻ ആയിരിക്കുമ്പോഴാണ് ബഹിരാകാശനിലയം സംബന്ധിച്ച ആദ്യ അവതരണം നടക്കുന്നത്. 20 ടൺ ഭാരം ഉദ്ദേശിക്കുന്ന നിലയം ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലത്തിലാകും പ്രവർത്തിക്കുക. ബഹിരാകാശയാത്രികർക്ക് 15 മുതൽ 20 ദിവസം വരെ അവിടെ തങ്ങാനാകും.
രാജ്യാന്തര ബഹിരാകാശ നിലയവും (ഐഎസ്എസ്) ചൈനയുടെ ടിയൻഗോങുമാണ് നിലവിലുള്ള നിലയങ്ങൾ. ബഹിരാകാശത്ത് മനുഷ്യൻ സ്ഥാപിച്ചിട്ടുള്ള ഏറ്റവും വലിയ ഒറ്റ നിർമിതിയാണ് ഐഎസ്എസ്. യുഎസ്, റഷ്യ, കാനഡ എന്നിവയടക്കം 15 രാഷ്ട്രങ്ങൾ ചേർന്നാണ് ഇതു നിർമിച്ചത്.