ഒരിക്കൽ മാവോയിസ്റ്റ്; സീതക്ക ഇനി തെലങ്കാന മന്ത്രി
Mail This Article
തെലങ്കാനയിലെ ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏറെക്കാലം തോക്കെടുത്തിട്ടുണ്ട് സീതക്ക എന്ന ഡി.അനസൂയ. കോവിഡ് കാലത്ത് ആരും തിരിഞ്ഞുനോക്കാതിരുന്ന ആദിവാസി ഊരുകളിലേക്ക് തോളിൽ ഭക്ഷണസാധനങ്ങളും മരുന്നുമായി സീതക്ക എത്തി. അപ്പോൾ മുളുഗു മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്നു സീതക്ക.
ഇന്നലെ തെലങ്കാനയിലെ സത്യപ്രതിജ്ഞാവേദിയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയത് സീതക്കയ്ക്കായിരുന്നു. മറ്റുള്ളവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ദൃഢപ്രതിജ്ഞയായിരുന്നു സീതക്കയുടേത്. ‘പണ്ട് ഞാൻ ആദിവാസികളുടെ അവകാശങ്ങൾക്കായി തോക്ക് ഉപയോഗിച്ചു; ഇപ്പോൾ സർക്കാരിനെ ഉപയോഗിക്കുന്നു’ – മുളുഗുവിലെ പ്രചാരണത്തിനിടെ സീതക്ക ‘മനോരമ’യോടു പറഞ്ഞത് ഇങ്ങനെയായിരുന്നു.
പട്ടികവർഗ കുടുംബത്തിൽ ജനിച്ച അനസൂയ 16–ാം വയസ്സിലാണു ജനശക്തി ഗ്രൂപ്പിൽ ചേർന്നത്. വൈകാതെ ഗ്രൂപ്പ് കമാൻഡറായി. പൊലീസിനെതിരായ ഒട്ടേറെ ഏറ്റുമുട്ടലുകളിൽ പങ്കെടുത്തിട്ടുണ്ട്. ഒരു ഏറ്റുമുട്ടലിൽ ഭർത്താവും സഹോദരനും കൊല്ലപ്പെട്ടത് വഴിത്തിരിവായി. 1998ൽ കീഴടങ്ങി. ടിഡിപിയിലൂടെ രാഷ്ട്രീയത്തിലെത്തി. എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കി. കഴിഞ്ഞ വർഷം നിയമത്തിൽ പിഎച്ച്ഡി നേടി. 2009ൽ ടിഡിപി സ്ഥാനാർഥിയായി മുളുഗുവിൽ നിന്നു നിയമസഭയിലെത്തി. 2014 ൽ പരാജയപ്പെട്ടു. 2017ൽ രേവന്ത് റെഡ്ഡിക്കൊപ്പം കോൺഗ്രസിൽ ചേർന്നു. 2018ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചു.