കാഴ്ചകളുടെ റിപ്പബ്ലിക്
Mail This Article
ഇന്നത്തെ രൂപത്തിൽ അല്ലെങ്കിലും 1950 മുതൽ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാണ് ഫ്ലോട്ടുകൾ. ആദ്യകാലത്ത് രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങൾക്കാണു പ്രാധാന്യം നൽകിയിരുന്നത്. വികസനത്തിന്റെ പ്രതീകമെന്ന നിലയിൽ അന്ന് റിപ്പബ്ലിക് ദിന പരേഡുകളിൽ ട്രാക്ടറുകൾക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. 1952ലെ പരേഡിൽ വ്യവസായ രംഗത്തെ പുരോഗതിയിലേക്കു വിരൽ ചൂണ്ടി ട്രാക്ടറിനു മുന്നിൽ യന്ത്രരൂപം സ്ഥാപിച്ച ഒരു ഫ്ലോട്ട് ഉണ്ടായിരുന്നു. മറ്റൊരു ട്രാക്ടറിൽ സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിന്റെ രൂപമായിരുന്നു. 1956ൽ ഉത്തർപ്രദേശ് സർക്കാർ ട്രാക്ടറിനു മുകളിൽ ശാകുന്തളത്തിലെ ഒരു രംഗം അവതരിപ്പിച്ചു. പിന്നീട് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള ഫ്ലോട്ടുകൾ പതിവായി.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പുറമേ, ഏതാനും മന്ത്രാലയങ്ങൾക്കും ഫ്ലോട്ടുകൾ അവതരിപ്പിക്കാൻ അനുമതി ലഭിക്കും.
റിപ്പബ്ലിക് ദിനത്തെക്കുറിച്ചുളള അറിവ് അളക്കാം, പങ്കെടുക്കൂ
പ്രതിരോധ മന്ത്രാലയം രൂപീകരിച്ച, പത്മ പുരസ്കാര ജേതാക്കൾ ഉൾപ്പെടെയുള്ളവരുടെ വിദഗ്ധ സമിതിയാണ് ഫ്ലോട്ട് തിരഞ്ഞെടുക്കുന്നത്. നൃത്തം, സംഗീതം, ചിത്രകല, വാസ്തുവിദ്യ, ശിൽപകല തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഈ സമിതിയിലുണ്ടാകും. ഓരോ 3 വർഷം കൂടുമ്പോഴും എല്ലാ സംസ്ഥാനങ്ങൾക്കും ഫ്ലോട്ട് അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന വിധം ക്രമീകരണം നടത്താനുള്ള നടപടികളിലാണ് സർക്കാർ.