‘കിങ് ഓഫ് ചാഞ്ചാട്ടം’: മോദിയെ പുറത്താക്കുമെന്ന് പ്രഖ്യാപനം; 7 മാസത്തിനുശേഷം മോദിക്കൊപ്പം
പട്ന∙ ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി പോരാടും’ – കഴിഞ്ഞ ജൂണിൽ ‘ഇന്ത്യ’ മുന്നണി രൂപീകരിച്ച ശേഷം തന്റെ വീട്ടിൽ പ്രതിപക്ഷ നേതാക്കളെ ചേർത്തുപിടിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞതാണിത്. ഇപ്പോൾ ‘ഇന്ത്യ’യെ കൈവിട്ട് മോദിക്കൊപ്പം ചേർന്ന നിതീഷിനെ ഏറ്റവും വലിയ
പട്ന∙ ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി പോരാടും’ – കഴിഞ്ഞ ജൂണിൽ ‘ഇന്ത്യ’ മുന്നണി രൂപീകരിച്ച ശേഷം തന്റെ വീട്ടിൽ പ്രതിപക്ഷ നേതാക്കളെ ചേർത്തുപിടിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞതാണിത്. ഇപ്പോൾ ‘ഇന്ത്യ’യെ കൈവിട്ട് മോദിക്കൊപ്പം ചേർന്ന നിതീഷിനെ ഏറ്റവും വലിയ
പട്ന∙ ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി പോരാടും’ – കഴിഞ്ഞ ജൂണിൽ ‘ഇന്ത്യ’ മുന്നണി രൂപീകരിച്ച ശേഷം തന്റെ വീട്ടിൽ പ്രതിപക്ഷ നേതാക്കളെ ചേർത്തുപിടിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞതാണിത്. ഇപ്പോൾ ‘ഇന്ത്യ’യെ കൈവിട്ട് മോദിക്കൊപ്പം ചേർന്ന നിതീഷിനെ ഏറ്റവും വലിയ
പട്ന∙ ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി പോരാടും’ – കഴിഞ്ഞ ജൂണിൽ ‘ഇന്ത്യ’ മുന്നണി രൂപീകരിച്ച ശേഷം തന്റെ വീട്ടിൽ പ്രതിപക്ഷ നേതാക്കളെ ചേർത്തുപിടിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞതാണിത്. ഇപ്പോൾ ‘ഇന്ത്യ’യെ കൈവിട്ട് മോദിക്കൊപ്പം ചേർന്ന നിതീഷിനെ ഏറ്റവും വലിയ അവസരവാദിയെന്നു വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാക്കൾ ഒരേസ്വരത്തിൽ തള്ളിപ്പറഞ്ഞു.
മോദിക്കെതിരായ പോരാട്ടത്തിന്റെ മുന്നിൽ നിന്ന നിതീഷ് മറുകണ്ടം ചാടിയത് ബിഹാറിൽ ‘ഇന്ത്യ’യ്ക്കു ക്ഷീണമായി എന്നതിൽ തർക്കമില്ല. എന്നാൽ, എന്തുവിലകൊടുത്തും അദ്ദേഹത്തെ തോൽപിക്കണമെന്ന വാശി ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡി, കോൺഗ്രസ്, ഇടതു കക്ഷികളുടെ പോരാട്ടവീര്യമുയർത്തിയാൽ പ്രതിപക്ഷത്തിന് അത് ഊർജമാകും.
∙ ‘ഇന്ത്യ’യെ കൈവിട്ടത് എന്തിന്?
മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി, അധ്യക്ഷൻ, കൺവീനർ പദവികളിലൊന്ന് ആഗ്രഹിച്ചെങ്കിലും നിതീഷിനു ലഭിച്ചില്ല. മല്ലികാർജുൻ ഖർഗെ അധ്യക്ഷനായി. കൺവീനറായി നിതീഷിന്റെ പേര് ഉയർന്നുവന്നെങ്കിലും മമത ബാനർജിയുടെ സമ്മതം വാങ്ങിയിട്ടു പ്രഖ്യാപിക്കാമെന്നു രാഹുൽ ഗാന്ധി പറഞ്ഞത് അദ്ദേഹത്തെ ചൊടിപ്പിച്ചു.
ജെഡിയുവിനെ പിളർത്തി തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാൻ ആർജെഡി നീക്കം നടത്തുന്നുവെന്ന സൂചനയും പ്രകോപിപ്പിച്ചു. രാമക്ഷേത്രം യാഥാർഥ്യമാക്കിയതിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വ്യക്തമായ മേൽക്കൈ ലഭിച്ചെന്ന പ്രതീതി ശക്തമായതും മനംമാറ്റത്തിനു പ്രേരിപ്പിച്ചു.
∙ ബിജെപി വീണ്ടും കൈകോർത്തത് എന്തിന്?
ആർജെഡി, ജെഡിയു, കോൺഗ്രസ്, ഇടതു കക്ഷികൾ എന്നിവയുൾപ്പെട്ട മഹാസഖ്യം ഉയർത്തിയ ജാതിരാഷ്ട്രീയത്തെ ബിജെപി ഭയപ്പെട്ടു. 40 സീറ്റുള്ള ബിഹാറിൽ അടിതെറ്റിയാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് ബിജെപി നിതീഷിലേക്കു പാലമിട്ടു. അതു മുതലാക്കി നിതീഷ് എൻഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി.
നിതീഷിനെ മുഖ്യമന്ത്രി പദത്തിൽനിന്നു പുറത്താക്കാതെ തന്റെ തലപ്പാവഴിക്കില്ലെന്നു മുൻപു പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ് സമ്രാട്ട് ചൗധരി, ഇന്നലെ അതേ തലപ്പാവണിഞ്ഞ് നിതീഷിനു കീഴിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു!
∙ നിതീഷ് ‘വിജയ’ ഫോർമുല എന്ത്?
2015 മുതൽ ഏതെങ്കിലും പാർട്ടിക്കു ബിഹാറിൽ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ചൂഷണം ചെയ്താണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനമുറപ്പിക്കുന്നത്. വിരുദ്ധ ചേരിയിലുള്ള ബിജെപിയുമായും ആർജെഡിയുമായും സഹകരിക്കാൻ മടിയില്ലാത്ത അദ്ദേഹം, തന്റെ പാർട്ടിയുടെ സീറ്റുകൾ കൂടി ചേർത്തു ഭരിക്കാനുള്ള ഭൂരിപക്ഷമുറപ്പാക്കുന്നു.
അതുവഴി മുഖ്യമന്ത്രി സ്ഥാനവും. മുന്നണി മാറ്റത്തിലൂടെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനമുറപ്പിച്ചത് 5 വട്ടം. കഴിഞ്ഞ 5 വർഷത്തിനിടെ മാത്രം സത്യപ്രതിജ്ഞ ചെയ്തത് 3 തവണ!
∙ അധികാരത്തിലേക്ക് കുറച്ച് നടന്നാലെന്താ!
നിതീഷ് കുമാർ ഇന്നലെ പകൽ രാജ്ഭവൻ സന്ദർശിച്ചത് 3 വട്ടം. രാവിലെ 11നു ഗവർണറെ കണ്ട് രാജിക്കത്തു കൈമാറി. 12.30ന് എൻഡിഎ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് രണ്ടാം സന്ദർശനം. വൈകിട്ട് അഞ്ചിനു സത്യപ്രതിജ്ഞ ചെയ്യാൻ വീണ്ടും രാജ്ഭവനിൽ. 11നു രാജിവച്ച അദ്ദേഹം വൈകിട്ട് 5 വരെ കാവൽ മുഖ്യമന്ത്രി പദവി വഹിച്ചു. പിന്നാലെ വീണ്ടും മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വീട്ടിൽനിന്ന് 50 മീറ്റർ മാത്രം അകലെയാണു രാജ്ഭവൻ. അടിക്കടി മുന്നണി മാറുന്ന നിതീഷിനു നടന്നെത്താൻ കഴിയുന്ന ദൂരം!
ഒരവസരവും പാഴാക്കില്ല
ബിഹാറിൽ അധികാരമേറ്റ എൻഡിഎ സർക്കാർ സംസ്ഥാനത്തിന്റെ വികസനം ഉറപ്പാക്കാനും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനുമുള്ള ഒരവസരവും പാഴാക്കില്ല.- പ്രധാനമന്ത്രി നരേന്ദ്ര മോദി
ജനങ്ങൾക്കായാണു നിലകൊണ്ടത്
ആർജെഡി എക്കാലവും ജനങ്ങൾക്കായാണു നിലകൊണ്ടത്. ബിഹാറിലെ രാഷ്ട്രീയക്കളികൾ അവസാനിച്ചിട്ടില്ല.-തേജസ്വി യാദവ് (ആർജെഡി)
ഓന്തുകൾക്കു കടുത്ത വെല്ലുവിളി
നിറം മാറുന്ന കാര്യത്തിൽ ഓന്തുകൾക്കു കടുത്ത വെല്ലുവിളി ഉയർത്തുകയാണ് നിതീഷ് കുമാർ.-ജയറാം രമേശ് (എഐസിസി ജനറൽ സെക്രട്ടറി)
എന്റെ പ്രതീക്ഷകൾ തകർത്തു
‘ഇന്ത്യ’ മുന്നണി രൂപീകരിച്ചെങ്കിലും കാര്യക്ഷമമായ തുടർ നടപടികൾ ഉണ്ടായില്ല. മുന്നണി എന്റെ പ്രതീക്ഷകൾ തകർത്തു.-നിതീഷ് കുമാർ