ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ്: സുപ്രീംകോടതിയിൽ ഇന്ന് റീകൗണ്ടിങ്
Mail This Article
ന്യൂഡൽഹി ∙ എഎപി–കോൺഗ്രസ് സഖ്യത്തിന്റെ 8 വോട്ടുകൾ വരണാധികാരി അസാധുവാക്കിയതിനാൽ ബിജെപി ജയിച്ച ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറുകളും വിഡിയോ ദൃശ്യങ്ങളും സുപ്രീം കോടതി നേരിട്ടു പരിശോധിച്ചു വിധി പറയും. പഞ്ചാബ്–ഹരിയാന ഹൈക്കോടതി ചുമതലപ്പെടുത്തുന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥൻ ഇവയുമായി ഇന്നു രണ്ടിനു സുപ്രീം കോടതിയിൽ ഹാജരാകണം.
സുപ്രീം കോടതി ഇന്നലെ കേസ് പരിഗണിക്കാനിരിക്കെ, ഞായറാഴ്ച ബിജെപിയുടെ മേയർ മനോജ് സൊൻകർ രാജിവയ്ക്കുകയും എഎപിയുടെ 3 അംഗങ്ങൾ ബിജെപിയിലേക്കു കൂറുമാറുകയും ചെയ്തിരുന്നു. കുതിരക്കച്ചവടം ഗുരുതര പ്രശ്നമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ നിർദേശിച്ചിക്കില്ലെന്നു സൂചിപ്പിച്ചു.
ജനുവരി 30ന് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകൾ പരിശോധിച്ചു ഫലം തീരുമാനിച്ചേക്കുമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. 30നു വോട്ടെണ്ണൽ വേളയിൽ 8 ബാലറ്റ് പേപ്പറുകളിൽ ഗുണനചിഹ്നം വരച്ചതായി വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസി കോടതിയിൽ സമ്മതിച്ചു.