പൗരത്വത്തിനു മതം മാനദണ്ഡമാകുന്നത് ഭരണഘടനാവിരുദ്ധം; കോടതികൾ കണ്ണുതുറക്കട്ടെ
ഭരണഘടനയുടെ അഞ്ചാം വകുപ്പു പ്രകാരം 3 വിഭാഗം ആളുകൾക്കാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനാവുക: 1. ഇന്ത്യൻ ഭൂപരിധിയിൽ ജനിച്ചവർ. 2. ഇന്ത്യയിൽ ജനിച്ച മാതാപിതാക്കളുടെ മക്കൾ. 3. ചുരുങ്ങിയത് 5 വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ. ജനനം, പൈതൃകം, റജിസ്ട്രേഷൻ, ഭൂപരിധിയിലെ താമസം, നിയമനടപടികളിലൂടെയുള്ള പൗരത്വസ്വീകരണം തുടങ്ങിയവയാണ് ഒരാൾക്കു പൗരത്വം ലഭിക്കാൻ പൗരത്വനിയമമനുസരിച്ചുള്ള മാർഗങ്ങൾ.
ഭരണഘടനയുടെ അഞ്ചാം വകുപ്പു പ്രകാരം 3 വിഭാഗം ആളുകൾക്കാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനാവുക: 1. ഇന്ത്യൻ ഭൂപരിധിയിൽ ജനിച്ചവർ. 2. ഇന്ത്യയിൽ ജനിച്ച മാതാപിതാക്കളുടെ മക്കൾ. 3. ചുരുങ്ങിയത് 5 വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ. ജനനം, പൈതൃകം, റജിസ്ട്രേഷൻ, ഭൂപരിധിയിലെ താമസം, നിയമനടപടികളിലൂടെയുള്ള പൗരത്വസ്വീകരണം തുടങ്ങിയവയാണ് ഒരാൾക്കു പൗരത്വം ലഭിക്കാൻ പൗരത്വനിയമമനുസരിച്ചുള്ള മാർഗങ്ങൾ.
ഭരണഘടനയുടെ അഞ്ചാം വകുപ്പു പ്രകാരം 3 വിഭാഗം ആളുകൾക്കാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനാവുക: 1. ഇന്ത്യൻ ഭൂപരിധിയിൽ ജനിച്ചവർ. 2. ഇന്ത്യയിൽ ജനിച്ച മാതാപിതാക്കളുടെ മക്കൾ. 3. ചുരുങ്ങിയത് 5 വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ. ജനനം, പൈതൃകം, റജിസ്ട്രേഷൻ, ഭൂപരിധിയിലെ താമസം, നിയമനടപടികളിലൂടെയുള്ള പൗരത്വസ്വീകരണം തുടങ്ങിയവയാണ് ഒരാൾക്കു പൗരത്വം ലഭിക്കാൻ പൗരത്വനിയമമനുസരിച്ചുള്ള മാർഗങ്ങൾ.
ഭരണഘടനയുടെ അഞ്ചാം വകുപ്പു പ്രകാരം 3 വിഭാഗം ആളുകൾക്കാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനാവുക:
1. ഇന്ത്യൻ ഭൂപരിധിയിൽ ജനിച്ചവർ.
2. ഇന്ത്യയിൽ ജനിച്ച മാതാപിതാക്കളുടെ മക്കൾ.
3. ചുരുങ്ങിയത് 5 വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ.
ജനനം, പൈതൃകം, റജിസ്ട്രേഷൻ, ഭൂപരിധിയിലെ താമസം, നിയമനടപടികളിലൂടെയുള്ള പൗരത്വസ്വീകരണം തുടങ്ങിയവയാണ് ഒരാൾക്കു പൗരത്വം ലഭിക്കാൻ പൗരത്വനിയമമനുസരിച്ചുള്ള മാർഗങ്ങൾ. പൗരത്വം ക്രമീകരിക്കാൻ പാർലമെന്റിനു സവിശേഷ അധികാരവുമുണ്ട്. 2019ലെ പൗരത്വ നിയമ ഭേദഗതിയിലൂടെ (സിഎഎ), പൗരത്വത്തിന് അപേക്ഷിക്കാൻ ഒരു മാനദണ്ഡം കൂടി ഉൾപ്പെടുത്തി. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നോ അതിനു മുൻപോ ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗക്കാർക്ക് ഇനി ഇവിടത്തെ പൗരത്വത്തിന് അപേക്ഷിക്കാം എന്നതാണത്.
2019 ഡിസംബർ 11നാണ് ഭേദഗതി പാർലമെന്റ് പാസാക്കിയത്. പിറ്റേന്നു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. അന്നുതന്നെ അതിനെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി. സിഎഎയുടെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ലെന്നും അതിനാൽ സിഎഎ ഇപ്പോൾ നടപ്പാക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നുമായിരുന്നു അറ്റോർണി ജനറലിന്റെ വിശദീകരണം. ഇപ്പോൾ, പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സർക്കാർ കൊണ്ടുവന്ന ചട്ടങ്ങളും കോടതിയിൽ ചോദ്യം ചെയ്യപ്പെടും. അതിനു കാരണങ്ങൾ പലതാണ്.
1. സിഎഎയെ ചോദ്യം ചെയ്യുന്ന ഏകദേശം 250 ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. സിഎഎ ഭരണഘടനാവിരുദ്ധമാണെന്നു കോടതിയുടെ തീർപ്പുണ്ടായാൽ, സിഎഎ പ്രകാരം പൗരത്വം ലഭിച്ചവർക്കു പൗരത്വം നഷ്ടപ്പെടും. അത് അസുഖകരമായ സാഹചര്യത്തിനിടയാക്കും. ഹർജികളിൽ അന്തിമതീരുമാനം വരുന്നതു വരെ സിഎഎ നടപ്പാക്കുന്നതു നീട്ടിവയ്ക്കുകയാണു രാജ്യത്തിന്റെ വിശാല താൽപര്യത്തിന് ഉത്തമം.
2. സിഎഎ വേഗം നടപ്പാക്കുകയെന്നത് അത്ര പ്രധാനമാണെന്ന് ഈ നാലര വർഷവും കേന്ദ്രസർക്കാർ കരുതിയിട്ടില്ലെന്നു വേണം ചട്ടങ്ങൾ കൊണ്ടുവരാൻ ഇത്രയും വൈകിയതിൽനിന്നു മനസ്സിലാക്കാൻ. അതിനാൽ, കോടതിയുടെ അന്തിമതീരുമാനത്തിനു വേണ്ടി മൂന്നോ നാലോ മാസം കൂടി കാത്തിരിക്കുന്നത് ആരുടെയും അവകാശങ്ങളോ താൽപര്യങ്ങളോ ഹനിക്കില്ല.
3. മൂന്നു രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നോ അതിനു മുൻപോ ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ 6 വിഭാഗക്കാർക്ക് ഇവിടത്തെ പൗരത്വത്തിന് അപേക്ഷിക്കാം എന്നാണു സിഎഎ പറയുന്നത്. ഈ ആളുകൾ ആ തീയതി മുതൽ ഇന്ത്യയിൽ താമസിക്കുന്നവരാണ്. അവരെ ഇന്ത്യയിൽനിന്നു പുറത്താക്കാനോ നാടുകടത്താനോ ഒരു നീക്കവും ഉണ്ടായിട്ടില്ല. അഥവാ, തിരക്കിട്ടു സിഎഎ നടപ്പാക്കേണ്ട ആവശ്യം അവരെ സംബന്ധിച്ചുമില്ല.
4. അഭയാർഥികൾക്കു പൗരത്വം നൽകുന്നതിനു തങ്ങൾ എതിരല്ലെന്നു മുസ്‌ലിം ലീഗ് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മതത്തെ മാത്രം ഒഴിച്ചുനിർത്തിക്കൊണ്ടുള്ളതാണ് ഈ നിയമനിർമാണം എന്നതാണു പ്രശ്നം. മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നതിലൂടെ, ഭരണഘടനയുടെ അടിസ്ഥാനശിലയായ മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തിവയ്ക്കുകയാണ് സിഎഎ ചെയ്യുന്നത്. എല്ലാ മതങ്ങൾക്കും തുല്യപരിഗണന നൽകിയും കുടിയേറ്റക്കാരിലെ എല്ലാ മതക്കാർക്കും പൗരത്വം അനുവദിച്ചും സിഎഎ നടപ്പാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാം.
5. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപായാണ് ഇപ്പോൾ സിഎഎ ചട്ടങ്ങളുടെ വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്. സിഎഎക്കെതിരെ 2019ലും 2020ലും ഉണ്ടായ വ്യാപകമായ പ്രതിഷേധങ്ങളും അതുമൂലമുണ്ടായ സംഘർഷങ്ങളും രാജ്യം മറന്നിട്ടില്ല. ഈ സമയത്ത് സിഎഎ നടപ്പാക്കുന്നതിലെ ഉദ്ദേശ്യശുദ്ധി കോടതി ഗൗരവപൂർവം പരിശോധിക്കണം.
6. സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുള്ളതു പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്കു മാത്രമാണ്. ഈ രാജ്യങ്ങൾ മാത്രം തിരഞ്ഞെടുത്തതിലെ യുക്തിരാഹിത്യം കോടതി പരിശോധിക്കണം. ശ്രീലങ്ക, മ്യാൻമർ തുടങ്ങിയ അയൽരാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളും ഇന്ത്യയിലുണ്ട്. പൗരത്വത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയോ പീഡിപ്പിക്കപ്പെട്ടേക്കാമെന്ന ഭയത്തിൽ കഴിയുകയോ ചെയ്യുന്ന ആളുകൾക്കു പൗരത്വം നൽകുകയാണു ലക്ഷ്യമെന്നു സിഎഎയിൽ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ മതഭേദമില്ലാതെ, പീഡനം നേരിടുന്ന മുഴുവൻ അഭയാർഥികൾക്കും ഈ നിയമം ബാധകമാകേണ്ടതല്ലേ?
7. അസമിൽ ദേശീയ പൗര റജിസ്റ്ററുമായി ബന്ധപ്പെട്ട് (എൻആർസി) ഉണ്ടായ പ്രശ്നങ്ങളും മറക്കാൻ പാടില്ല. പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാതെ 19 ലക്ഷം ആളുകളാണ് എൻആർസിയിൽനിന്നു പുറത്തായത്. അതിൽ 14–15 ലക്ഷം പേർ ഹിന്ദുക്കളായിരുന്നു. നിയമപ്രകാരമാണെങ്കിൽ, അത്രയും പേർക്കെതിരെ നടപടിയെടുക്കുകയോ അവരെ നാടുകടത്തുകയോ വേണം. സിഎഎ നടപ്പാകുന്നതോടെ, ഈ 14–15 ലക്ഷം പേർക്കു പൗരത്വം നേടാം. ബാക്കി 5 ലക്ഷത്തോളം പേരിൽ ബഹുഭൂരിപക്ഷവും മുസ്‌ലിംകളാണ്. അവർ പൗരത്വമില്ലാതെ നിയമനടപടി നേരിടേണ്ടി വരും. തികഞ്ഞ അനീതിയും അന്യായവുമാണ് അത്.
പൗരത്വത്തിനുള്ള അവകാശം പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ്. അടിസ്ഥാനപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനുള്ള ആധാരശില കൂടിയാണു പൗരത്വം. പൗരത്വം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമിക്കുമ്പോൾ അതിസൂക്ഷ്മവും കർശനവുമായി പരിശോധനകൾ ആവശ്യമാണ്. താമസിക്കുന്ന രാജ്യത്തെ സാമൂഹിക–രാഷ്ട്രീയ പ്രക്രിയകളിൽ പങ്കെടുക്കാനോ സ്വന്തം ആവശ്യങ്ങൾ ഉന്നയിക്കാനോ അവസരമോ അർഹതയോ ഇല്ലാത്ത മനുഷ്യരാണ് അഭയാർഥികൾ. അവരുടെ അവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നതമായ നീതിബോധത്തോടെ കൈകാര്യം ചെയ്യേണ്ടവയാണ്.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒഴിവാക്കൽ നടപടികൾ ഭരണഘടനയുടെ അന്തഃസത്തയ്ക്കു വിരുദ്ധമാണെന്നു സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.എം.ലോധ സിഎഎയെക്കുറിച്ചു പറഞ്ഞത് ഓർമിക്കേണ്ടതുണ്ട്. നിയമനിർമാണത്തിനു മതം മാനദണ്ഡമാക്കുകയാണെങ്കിൽ അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണു രാജ്യം നീങ്ങുന്നത്. ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ നടപ്പിലായാൽ ഭരണഘടനയുടെ അടിസ്ഥാനശിലയായ മതനിരപേക്ഷത മാത്രമല്ല, ഇന്ത്യ എന്ന ആശയംതന്നെ അപകടത്തിലാകും.
പൗരത്വ ഭേദഗതി നിയമത്തിനു ഭരണഘടനാപരമായി സാധുതയുണ്ടെന്നു സുപ്രീം കോടതി വിധിക്കുന്ന പക്ഷം, മതം മാത്രം മാനദണ്ഡമാകുന്ന മറ്റു പല നടപടികളും അതിനു പിന്നാലെ ഉണ്ടായേക്കാം. ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊള്ളാനും ഭരണഘടനയെ ഉയർത്തിപ്പിടിക്കാനും അതിനനുസരിച്ചു തീരുമാനമെടുക്കാനും കോടതികൾക്കു കഴിയട്ടെയെന്നു പ്രത്യാശിക്കാം.
(സുപ്രീം കോടതിയിലെ അഭിഭാഷകനാണ് ലേഖകൻ)