ADVERTISEMENT

ന്യൂഡൽഹി ∙ ടിക്കറ്റ് ലഭിക്കില്ലെന്ന് സൂചന ലഭിച്ചതോടെ ‘ഇത്തവണ മത്സരിക്കില്ല’ എന്നു പ്രഖ്യാപിച്ച ബിജെപിക്കാരുടെ ഗണത്തിലല്ല വരുൺ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടെ വേണ്ടത്ര വിമർശിച്ചിരുന്നെങ്കിലും, യുപിയിലെ പിലിബിത്തിൽ വീണ്ടും സ്ഥാനാർഥിയാകാമെന്ന് വരുൺ മോഹിച്ചു. ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ വരുൺ മൗനത്തിലാണ്.

വരുണിന് ഇത്തവണ ടിക്കറ്റില്ലെന്ന് അദ്ദേഹമൊഴികെ എല്ലാവർക്കും ഏതാണ്ട് ഒരു വർഷമായി അറിയാമായിരുന്നു. വരുൺ സമാജ്‌വാദി പാർട്ടിയിൽ (എസ്പി) ചേരാനുള്ള സാധ്യതയും കേട്ടിരുന്നു. സുഹൃത്തായ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് മാത്രമല്ല, കോൺഗ്രസ് നേതാക്കളും വിളിച്ച് പിന്തുണ അറിയിച്ചെന്നും ഇഷ്ട മണ്ഡലം ചോദിച്ചെന്നുമാണ് വരുണുമായി അടുപ്പമുള്ളവർ പറയുന്നത്. 

ഉടനെയൊരു തീരുമാനത്തിനു താൽപര്യമില്ലെന്ന് വരുൺ നേതാക്കളോടു പറഞ്ഞതായാണ് സൂചന. അമ്മ ബിജെപി സ്ഥാനാർഥിയാണെന്നതും പാർട്ടിയെ എതിർക്കാൻ ശ്രമിച്ചവരുടെ ചരിത്രവും കാരണങ്ങളാണ്. കോൺഗ്രസ് നേതാവായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനും ഇപ്പോൾ യുപിയിൽ മന്ത്രിയുമായ ജിതിൻ പ്രസാദയാണ് പിലിബിത്തിലെ സ്ഥാനാർഥി. കുടുംബാധിപത്യ രാഷ്ട്രീയമല്ല വരുണിനെ ഒഴിവാക്കിയതിനു കാരണമെന്ന് അതിൽ വ്യക്തം. കുടുംബപശ്ചാത്തലം മാത്രം പരിഗണിച്ചല്ല ടിക്കറ്റ് നൽകുന്നതെന്നും വ്യാഖ്യാനിക്കാം.

2004 ലാണ് മേനകയും വരുണും ബിജെപിയിൽ ചേർന്നത്. സഞ്ജയ് ഗാന്ധിയുടെ പുത്രൻ 2013 ൽ 33–ാം വയസ്സിൽ ബിജെപി ജനറൽ സെക്രട്ടറിയായത് ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന സവിശേഷതയോടെയാണ്. 2004 മുതൽ അമ്മയ്ക്കും 2009 മുതൽ മകനും ബിജെപി ടിക്കറ്റ് നൽകി, 2 പേരും തുടർച്ചയായി ജയിച്ചു. മേനക ആദ്യ മോദി സർക്കാരിൽ മന്ത്രിയായി.

യുപി മുഖ്യമന്ത്രിയാവാൻ താൻ യോഗ്യനെന്ന് 2016 ൽ വരുണിനു തോന്നി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രയാഗ്‌രാജിൽ നടന്ന ബിജെപി ദേശീയ നിർവാഹക സമിതിയുടെ വേദിക്കു സമീപം മോദി, അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവർക്കൊപ്പം വരുണിന്റെയും മുഖമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് അതിന്റെ സൂചനയായിരുന്നു. ബിജെപിയുടെ സർവേയിൽ പാർട്ടിക്കുള്ളിൽ‍ വരുണിന് പിന്തുണയുണ്ടെന്നു ബോധ്യപ്പെട്ടതുമാണ്.

അന്നു തഴയപ്പെട്ടതിന്റെ രോഷം വരുൺ പരമാവധി പ്രകടിപ്പിച്ചു: മോദിയുടെ നയങ്ങളെ വിമർശിച്ചു, കർഷക സമരത്തെ പിന്തുണച്ചു, യുപി സർക്കാർ മദ്യ വിൽപനയിലൂടെ വരുമാനം വർധിപ്പിക്കുന്നതിനെ പരിഹസിച്ചു, രാജ്യത്തെ തൊഴിലില്ലായ്മയിൽ ആശങ്കപ്പെട്ടു. എന്നിട്ടും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ടിക്കറ്റ് ലഭിച്ചു. 2021 ൽ അമ്മയെയും മകനെയും പാർട്ടി ദേശീയ നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കി. എങ്കിലും അമ്മ പാർട്ടിക്കും നേതാവിനുമെതിരെ തിരിഞ്ഞില്ല, പാർലമെന്ററി പാർട്ടി യോഗങ്ങളിലും ലോക്സഭയിലും കൃത്യമായി പങ്കെടുത്തു. മകൻ അങ്ങനെയൊരു അച്ചടക്കംപോലും കാണിച്ചില്ലെന്നതും രണ്ടുതരം പരിഗണനയ്ക്ക് കാരണമായെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. രാഷ്ട്രീയ ലോക്ദളിനെ ഇന്ത്യാ മുന്നണിയുടെ ഭാഗമാക്കാനും പിന്നീട് എൻഡിഎയിൽ ചേരുന്നതു തടയാനും വരുണാണ് ഉത്സാഹിച്ചതെന്ന ആരോപണവും യുപിയിൽനിന്ന് എത്തിയിരുന്നു.

മേനകയുടെ 4 പതിറ്റാണ്ട്

പാർലമെന്റിലെ സീനിയർ എംപിമാരിലൊരാളായ മേനക ഗാന്ധിയുടെ 11–ാം മത്സരമാണ് ഇത്തവണ. സ്വതന്ത്രയായി തുടങ്ങി, ജനതാദൾ വഴി ബിജെപിയിലെത്തിയ മേനകയ്ക്ക് ഇതുവരെ 8 ജയം, 2 തോൽവി.

∙1984: അമേഠി (സ്വതന്ത്ര) : രാജീവ് ഗാന്ധിക്കെതിരെ തോൽവി

∙1989: പിലിബിത് (ജനതാദൾ) : ജയം

∙1991: പിലിബിത് (ജനതാപാർട്ടി) : പരാജയം

∙1996: പിലിബിത് (ജനതാദൾ): ജയം

∙1998: പിലിബിത് (ബിജെപി സ്വതന്ത്ര) : ജയം

∙1999: പിലിബിത് (ബിജെപി സ്വതന്ത്ര) : ജയം

∙2004: പിലിബിത് (ബിജെപി) : ജയം

∙2009: ഓവ്‍ല (ബിജെപി): ജയം

∙2014: പിലിബിത് (ബിജെപി) : ജയം

∙2019: സുൽത്താൻപുർ (ബിജെപി) : ജയം

വരുൺ ഗാന്ധി

∙ 2009: പിലിബിത് (ബിജെപി): ജയം

∙ 2014: സുൽത്താൻപുർ (ബിജെപി): ജയം

∙ 2009: പിലിബിത് (ബിജെപി): ജയം

English Summary:

Varun is silent after being denied the seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com