‘മാവോയിസ്റ്റ് പ്രശ്നം തീരാൻ കോൺഗ്രസ് തീരണം’: ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറയുന്നു
Mail This Article
കുറച്ചുകാലം മുൻപ് വരെ ഛത്തീസ്ഗഡ് ബിജെപി എന്നാൽ രമൺ സിങ് ആയിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രി, 15 വർഷം. ഡിസംബറിൽ ബിജെപി സംസ്ഥാനം പിടിച്ചപ്പോൾ രമൺ സിങ്ങിനു വീണ്ടും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ വിഷ്ണു ദേവ് സായി എന്ന സർപ്രൈസ് പേരാണ് കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡിലെ ആദ്യ ഗോത്രവർഗക്കാരനായ മുഖ്യമന്ത്രി. സ്പീക്കറായി തുടരുന്നുണ്ടെങ്കിലും രമൺ സിങ്ങിന്റെ പ്രതാപകാലം ഏറെക്കുറേ അവസാനിച്ചു. ഇപ്പോൾ ഛത്തീസ്ഗഡിലെ ബിജെപിയുടെ പ്രധാനമുഖം വിഷ്ണു ദേവ് സായിയാണ്. ഓരോ സ്ഥാനാർഥിയുടെയും പത്രികസമർപ്പണത്തിനടക്കം മുഖ്യമന്ത്രി നേരിട്ട് ഹാജർ.
-
Also Read
ഛത്തീസ്ഗഡിൽ മാവോയിസ്റ്റിനെ വധിച്ചു
സംസ്ഥാന ജനസംഖ്യയുടെ 32% ഗ്രോതവിഭാഗത്തിൽപ്പെടുന്നവരാണ്. കോൺഗ്രസിനൊപ്പം നിന്ന ഈ വോട്ടുകൾ പൂർണമായും വിഷ്ണു ദേവ് സായിയെ മുൻനിർത്തി ബിജെപിയിലെത്തിക്കാനാണ് ശ്രമം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 29 ആദിവാസി സംവരണ മണ്ഡലങ്ങളിൽ 17 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. അതുവരെ 27 സീറ്റ് കോൺഗ്രസിനൊപ്പമായിരുന്നു. 4 തവണ ലോക്സഭാംഗമായിരുന്നു. ഒന്നാം മോദി മന്ത്രിസഭയിൽ ഉരുക്കു സഹമന്ത്രി പദം വഹിച്ചു. 1990ലും 1993ലും അവിഭക്ത മധ്യപ്രദേശിൽ എംഎൽഎയായിരുന്നു. 2000ലാണ് ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിച്ചത്. 2006ലും 2020ലും ഛത്തീസ്ഗഡ് ബിജെപി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
ഗ്രാമമുഖ്യനായിട്ടാണ് വിഷ്ണുദേവിന്റെ തുടക്കം. തുടർന്ന് അവിഭക്ത മധ്യപ്രദേശിൽ രണ്ടു തവണ എംഎൽഎ ആയി. ജഷ്പുർ ജില്ലയിലെ ബഗിയ എന്ന ഗ്രാമത്തിലെ കാർഷിക കുടുംബത്തിലാണ് ജനനം. കുടുംബത്തിന് രാഷ്ട്രീയ പാരമ്പര്യവുമുണ്ടായിരുന്നു. സർക്കാർ സ്കൂളിലെ പഠനത്തിനു ശേഷം ബിരുദപഠനത്തിനായി പോയെങ്കിലും പാതിവഴിക്ക് ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് മടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അദ്ദേഹം 'മനോരമ'യോട് മനസ്സുതുറന്നപ്പോൾ.
Q ഛത്തീസ്ഗഡിൽ ബിജെപിയുടെ പ്രതീക്ഷ?
A മൂന്നാം തവണയും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കുന്നതിനായി ഛത്തീസ്ഗഡിലും രാജ്യത്താകെയും അഭൂതപൂർവമായ ആവേശമാണുള്ളത്. കേന്ദ്രത്തിലും സംസ്ഥാനത്തുമായി ബിജെപിയുടെ 'ഡബിൾ എഞ്ചിൻ' സർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. സംസ്ഥാനത്തെ 11 സീറ്റും ഇത്തവണ ബിജെപി നേടും. ഒപ്പം 400 സീറ്റെന്ന ദേശീയലക്ഷ്യവും.
Q മാവോയിസ്റ്റ് വിഷയത്തിൽ ഇനിയെന്ത്? വ്യാജ ഏറ്റുമുട്ടലുകളാണെന്ന കോൺഗ്രസ് ആരോപണവുമുണ്ട്.
A കോൺഗ്രസിന് എക്കാലത്തും ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്. മാവോയിസ്റ്റ് പ്രശ്നം ഇല്ലാതാക്കണമെങ്കിൽ കോൺഗ്രസിനെ തന്നെ ഇല്ലാതാക്കണം. ചരിത്രത്തിലെ ഏറ്റവും വലിയ നക്സൽ വേട്ടയ്ക്കാണ് സംസ്ഥാനം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. 29 പേരെയാണ് കൊലപ്പെടുത്തിയത്. നമ്മുടെ സേനാംഗങ്ങളുടെ കരുത്തിൽ അഭിമാനിക്കേണ്ട സമയത്ത് കോൺഗ്രസ് ഏറ്റുമുട്ടൽ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. മോദി വന്ന ശേഷം സംസ്ഥാനത്ത് നക്സൽ പ്രശ്നം ഗണ്യമായി കുറഞ്ഞു. അവശേഷിക്കുന്നവ കൂടി പൂർണമായും തുടച്ചുനീക്കും. വികസനപ്രവർത്തനം കൊണ്ടാണ് ഒരു വശത്ത് ഞങ്ങൾ നക്സൽവാദത്തെ നേരിടുന്നത്. ഇനി ഏറ്റുമുട്ടലാണ് ലക്ഷ്യമെങ്കിൽ, അതേ ഭാഷയിൽ മറുപടി നൽകാനും നമ്മുടെ സുരക്ഷാസേനയ്ക്കു കഴിയും.
Q നക്സൽവാദത്തെ ഇല്ലാതാക്കാൻ കോൺഗ്രസിനെ ഇല്ലാതക്കണമെന്ന് പറഞ്ഞതിന്റെ കാരണം?
A കോൺഗ്രസ് എക്കാലത്തും നക്സൽവാദത്തെ പിന്തുണയ്ക്കുന്നവരാണ്. അതുപയോഗിച്ച് വോട്ട് നേടുകയാണ് ശ്രമം. നക്സലൈറ്റുകളെ രക്തസാക്ഷികളെന്നു വിളിക്കുന്ന കോൺഗ്രസിന്റെ കരങ്ങളിൽ നക്സൽവാദത്തിന്റെ ചോരപുരണ്ടിട്ടുണ്ട്.
അവരുടെ ഉദ്ദേശം ജനങ്ങൾ തിരിച്ചറിഞ്ഞു. രാഷ്ട്രീയത്തിൽ ഓരോ വ്യക്തിക്കും പാർട്ടിക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവസരമുണ്ട്. പക്ഷേ ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കുകയും അവരുടെ പിന്തുണ തേടുകയും ചെയ്യുന്നത് ജനാധിപത്യത്തിനു തന്നെ വെല്ലുവിളിയാണ്. അടിയന്തരാവസ്ഥ കൊണ്ടുവന്ന കോൺഗ്രസിന് ജനാധിപത്യത്തിൽ ഒട്ടും വിശ്വാസമില്ല.
Q നിർബന്ധിത മതപരിവർത്തനം തടയാനുള്ള പുതിയ നിയമം കൊണ്ടുവരുമെന്നു കേട്ടു?
A മതപരിവർത്തനം ഒരുതരത്തിലും ഛത്തീസ്ഗഡിൽ അനുവദിക്കില്ല. പുതിയ നിയമം അന്തിമമാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. മതപരിവർത്തനം നടത്തുന്ന ഏത് മാർഗത്തിനെതിരെയും ശക്തമായ നടപടിയെടുക്കാൻ പര്യാപ്തമായിരിക്കുമിത്. നിലവിലെ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നവർ അതേക്കുറിച്ച് ഇനി ചിന്തിക്കുക പോലുമില്ല. സാമൂഹികസേവനമെന്ന വ്യാജേന പാവപ്പെട്ട ഗോത്രവിഭാഗങ്ങളെ മുതലെടുക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും.
Q ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഛത്തീസ്ഗഡിലെ ഗോത്രവിഭാഗ വോട്ടുകൾ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കാര്യമായി വന്നുവെന്ന് കരുതുന്നുണ്ടോ?
A ഗോത്രവിഭാഗങ്ങൾ കോൺഗ്രസിനു വോട്ടുബാങ്ക് ആയിരിക്കാം. ബിജെപിക്ക് അവർ സ്വന്തം കുടുംബമാണ്. ഗോത്രവിഭാഗങ്ങളുടെ വികസനത്തിനു മുൻതൂക്കം നൽകുന്ന ഏക പാർട്ടിയും ബിജെപിയാണ്. കേന്ദ്രത്തിൽ ഇതിനു പ്രത്യേക മന്ത്രാലയം പോലും രൂപീകരിച്ചു. ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയെ ഇന്ത്യയ്ക്കു ലഭിച്ചതും പ്രധാനമന്ത്രി മോദിയുടെ കാഴ്ചപാട് മൂലമാണ്. അതുപോലെ ഛത്തീസ്ഗഡിൽ ആദ്യമായി ഒരു ഗോത്രവർഗക്കാരനെ മുഖ്യമന്ത്രിയാക്കി. ആദിവാസ നേതാവ് ബിർസ മുണ്ടയുടെ ജന്മവാർഷികം ട്രൈബൽ പ്രൈഡ് ദിനമായി പ്രഖ്യാപിച്ചു.
4 മാസത്തിനിടെ ഗോത്രക്ഷേമത്തിനായി പല പദ്ധതികളും നടപ്പാക്കി. ഗോണ്ടി, ഹൽബി തുടങ്ങിയ ഗോത്രഭാഷകളുടെ പരിഭാഷയ്ക്കായി ആദിംജാതി ഭാഷാ പരിഷത്ത് രൂപീകരിക്കും. നൂറോളം വന ഉൽപന്നങ്ങളുടെ സംഭരണത്തിന് മിനിമം താങ്ങുവില ഉറപ്പാക്കും. ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനായി ഞങ്ങൾ പ്രവർത്തിക്കുമ്പോൾ കോൺഗ്രസും രാഹുൽ ഗാന്ധിയും അവർക്കെതിരെയാണ് പ്രവർത്തിക്കുന്നത്.
Q ഛത്തീസ്ഗഡ് ബിജെപിയുടെ മുഖമെന്ന നിലയിൽ, ഇവിടെ പാർട്ടിയുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?
A ബിജെപിയിലെ ഓരോ പ്രവർത്തകനും സംഘടനയുടെ മുഖമാണ്. മോദിയുടെ പല ഗാരന്റികളും 3 മാസത്തിനുള്ളിൽ തന്നെ സംസ്ഥാനത്ത് നടപ്പാക്കി. ക്വിന്റലിന് 3,100 രൂപയെന്ന നിരക്കിൽ നെല്ല് സംഭരിക്കാനുള്ള തീരുമാനവുമെടുത്തു. പിഎം ആവാസ് പദ്ധതിയിൽ 18 ലക്ഷം കുടുംബങ്ങൾക്ക് വീടു നൽകാനുള്ള ഫയൽ ഒപ്പിട്ട ശേഷമേ റായ്പൂരിലെ സിഎം ഹൗസിൽ കയറൂ എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ ഇത് നടപ്പാക്കി.
അഴിമതി ഒരുതരത്തിലും അംഗീകരിച്ചുകൊടുക്കില്ല. മഹാദേപ് ആപ് കേസ് ആണെങ്കിലും കൽക്കരി അഴിമതിയാണെങ്കിലും നിലപാട് ഒന്നുതന്നെ. പിഎസ്‍സി പരീക്ഷയിൽ അട്ടിമറി നടത്തുന്നവർക്കെതിരെ സിബിഐ അന്വേഷണത്തിനു ശുപാർശയും നൽകിക്കഴിഞ്ഞു. വാഗ്ദാനലംഘനം, അഴിമതി, സ്വജനപക്ഷപാതം എന്നിവ മുഖമുദ്രയാക്കിയ കോൺഗ്രസിനെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ജനങ്ങൾ പാഠം പഠിപ്പിക്കും.