റായ്ബറേലി: രാഷ്ട്രീയം പറഞ്ഞ് രാഹുൽ, കല്യാണത്തീയതി തേടി ജനം
റായ്ബറേലി ∙ വീട്ടിലൊരാളെപ്പോലെ രാഹുൽ ഭയ്യ, തൊട്ടടുത്തു പ്രിയങ്ക ബഹൻ... ഗാന്ധി– നെഹ്റു കുടുംബത്തിന്റെ ‘കർമഭൂമി’യെന്ന് അമ്മ സോണിയ വിശേഷിപ്പിച്ച മണ്ണിൽ രാഹുൽ ഗാന്ധി പറയാൻ വന്നതു രാഷ്ട്രീയമാണെങ്കിലും നാട്ടുകാർക്കും അണികൾക്കും അറിയേണ്ടത് രാഹുലിന്റെ സ്വകാര്യവിശേഷങ്ങൾ.

ആൾക്കൂട്ടത്തിൽനിന്ന് ഉച്ചത്തിൽ ചോദ്യം: ഷാദി കബ് കരോഗെ ഭയ്യ? വൻജനാവലിയുടെ ആരവത്തിൽ രാഹുൽ ചോദ്യം ശരിക്കു കേട്ടില്ല. കല്യാണക്കാര്യമാണു ചോദിക്കുന്നതെന്നു നേതാക്കൾ അറിയിച്ചപ്പോൾ രാഹുലിനു നാണം. എത്രയും വേഗമെന്നു പറഞ്ഞു ചിരിച്ചുമാറിയ രാഹുൽ റായ്ബറേലിയിലാകെ നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ.
റായ്ബറേലി പിടിക്കാൻ ലക്ഷ്യമിട്ടു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ നേരിട്ടു പ്രചാരണം നടത്തിയ ദിവസമാണ് രാഹുലും പ്രിയങ്കയും ഇവിടെ ഒരുമിച്ചെത്തിയത്. മോദി സർക്കാർ വീണ്ടും വന്നാൽ അംബേദ്കർ സൃഷ്ടിച്ച ഭരണഘടന ഇല്ലായ്മ ചെയ്യുമെന്ന് ആവർത്തിച്ച്, ബിഎസ്പി വോട്ടുകൾകൂടി പോക്കറ്റിലാക്കുന്ന രാഷ്ട്രീയ തന്ത്രവും രാഹുൽ പ്രയോഗിച്ചു. ഭരണഘടനയില്ലെങ്കിൽ രാജ്യത്തു ജനങ്ങളുടെ സർക്കാരല്ലെന്നു രാഹുൽ. മോദിക്കുള്ള മറുപടിയെന്നോണം അദാനിയുടെയും അംബാനിയുടെയും സർക്കാരാകും ഉണ്ടാകുകയെന്നു കൂട്ടിച്ചേർത്തു. ‘ചാർസോ പാർ’ മുദ്രാവാക്യവുമായി നേരത്തേ 400 കടക്കുമെന്നു പറഞ്ഞുനടന്നവർ 150 പോലും എത്തില്ലെന്നും രാഹുൽ പറഞ്ഞു.
കഥ പറഞ്ഞും കളം നിറഞ്ഞും പ്രിയങ്ക
അമേഠിയിലും റായ്ബറേലിയിലും ബിജെപിക്കെതിരെ ‘മത്സരിക്കുന്നത്’ പ്രിയങ്ക ഗാന്ധിയാണ്. ഇവിടെ ക്യാംപ് ചെയ്ത് പ്രചാരണം നയിക്കുന്ന പ്രിയങ്ക ഓർമകൾ പങ്കുവച്ചും ആളുകളോടു നേരിട്ടു സംവദിച്ചും രാഹുലിനും കുടുംബത്തിന്റെ വിശ്വസ്തനായ കെ.എൽ.ശർമയ്ക്കുമായി (അമേഠിയിൽ) വോട്ടുതേടുന്നു.
ഭർതൃവീട്ടുകാർ എതിർത്തപ്പോൾ തുന്നൽപണി ചെയ്ത് മകളെ ബിരുദപഠനത്തിനു വിട്ട കഥ ഒരമ്മ പറഞ്ഞു. അവരെ വേദിയിലേക്കു വിളിച്ച് ഒപ്പമിരുത്തി പ്രിയങ്ക ആദരിച്ചു. അച്ഛൻ രാജീവ് ഗാന്ധിക്കൊപ്പം കുട്ടിക്കാലത്തു തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്കെത്തിയത് ഉൾപ്പെടെയുള്ള കഥകൾ പങ്കിട്ടപ്പോൾ നാട്ടുകാരുടെ കണ്ണിൽ ഓർമകളുടെ നനവ്. പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടു പ്രതിപക്ഷത്തിരുന്ന അച്ഛനു കരുത്തു കിട്ടാൻ പ്രാർഥനയോടെ ഞായറാഴ്ച ഉപവാസം നടത്തിയ കാലത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. ഇതെക്കുറിച്ചു രാജീവ് ഗാന്ധി ചോദിച്ചുവത്രേ.
ഞായറാഴ്ചയാകുമ്പോൾ അച്ഛനോടു സംസാരിക്കാൻ സമയം കിട്ടുമല്ലോ എന്നായിരുന്നു തന്റെ മറുപടിയെന്നും പ്രിയങ്ക വെളിപ്പെടുത്തി. രാജീവിന്റെ വിയോഗത്തിനു പിന്നാലെ അമ്മ സോണിയ അനുഭവിച്ച വേദനയെപ്പറ്റിയും കുടുംബസദസ്സുകളിൽ പ്രിയങ്ക പറഞ്ഞുവയ്ക്കുന്നു. ഒന്നിനോടും ഭയപ്പെടാതെ ജീവിതമാകെ പോരാടുന്ന സഹോദരനു വോട്ടു നൽകണമെന്ന അഭ്യർഥനയ്ക്കൊപ്പം ഒരു ഉറപ്പുകൂടി അവർ നൽകുന്നു– ഈ നാടിന്റെ വികസനത്തിനു നിങ്ങൾക്കൊപ്പം രാഹുൽ തോളോടുതോൾ ചേർന്നു പോരാടും.
രാഹുലിനു പ്രതീക്ഷ; ജൂലൈ 1ന് ഇന്ത്യാസഖ്യം അധികാരമേൽക്കും
അമേഠിയിൽനിന്നു ഭയപ്പെട്ടോടിയ ആളാണെന്ന ബിജെപി പ്രചാരണത്തിനു രാഹുൽ തന്നെ മറുപടി നൽകുന്നു. ‘റായ്ബറേലിക്കു വേണ്ടി സേവ ചെയ്യാൻ ഇറങ്ങിത്തിരിച്ച ഗാന്ധി–നെഹ്റു കുടുംബത്തിന് ഈ നാടുമായി 100 വർഷത്തെ ബന്ധമുണ്ട്. നെഹ്റു രാഷ്ട്രീയ ജീവിതം തുടങ്ങിയത് ഇവിടെയാണ്. എന്റെ രണ്ടമ്മമാരും– ഇന്ദിരയും സോണിയയും– അവരുടെ കർമഭൂമിയാക്കിയത് ഇവിടമാണ്.
അതുകൊണ്ടാണു ഞാനിവിടെ മത്സരിക്കാൻ വന്നത്’. റായ്ബറേലിക്കായി ചെയ്ത വികസന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തി. അമേഠിയിൽ എകെ 47 റൈഫിൾ ഉണ്ടാക്കുന്ന ഫാക്ടറി താൻ സജ്ജമാക്കിയെങ്കിലും മോദി സർക്കാർ അതിന്റെ പ്രവർത്തനം തുടങ്ങാൻ അനുവദിച്ചില്ല. കരാർ അദാനിക്കു കൊടുക്കാനാണു മോദിയുടെ പദ്ധതിയെന്നും രാഹുൽ ആരോപിച്ചു.
കോൺഗ്രസ് പ്രകടനപത്രികയെയും തന്റെ ഉറപ്പുകളെയും കുറിച്ചു പറയുമ്പോൾ രാഹുൽ ഒരു തീയതി കൂടി പറഞ്ഞു. ജൂലൈ 1– അന്ന് ഇന്ത്യാസഖ്യം സർക്കാർ രാജ്യത്ത് അധികാരമേൽക്കുമെന്ന രാഹുലിന്റെ പ്രഖ്യാപനത്തിനു നിറഞ്ഞ കയ്യടിയായിരുന്നു മറുപടി.