അന്റാർട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യ
Mail This Article
കൊച്ചി ∙ അന്റാർട്ടിക്കയിൽ ഇന്ത്യ 4 വർഷത്തിനകം പുതിയ ഗവേഷണ കേന്ദ്രം ‘മൈത്രി 2’ സ്ഥാപിക്കും. അന്റാർട്ടിക്കയിലെ ഗവേഷണ പദ്ധതികൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ‘മൈത്രി 2’ സ്ഥാപിക്കുന്നതെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അന്റാർട്ടിക്കയുടെ സംരക്ഷണത്തിനായി ഒപ്പുവച്ച ഉടമ്പടിയിലുൾപ്പെട്ട അംഗരാജ്യങ്ങളുടെ കൂടിയാലോചന യോഗം (എടിസിഎം) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അന്റാർട്ടിക്കയിൽ മൈത്രി, ഭാരതി എന്നീ 2 ഗവേഷണ കേന്ദ്രങ്ങളാണ് ഇന്ത്യയ്ക്കുള്ളത്.2 കേന്ദ്രങ്ങളിലായി വേനൽക്കാലത്ത് 100 ഇന്ത്യൻ ശാസ്ത്രജ്ഞർക്കു വരെ പര്യവേക്ഷണം നടത്താനുള്ള സൗകര്യമാണു നിലവിലുള്ളത്. 1989ൽ പ്രവർത്തനം തുടങ്ങിയ മൈത്രിക്കു പകരമാണ് പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കുക. 2 വർഷത്തിനകം ഗവേഷണ കേന്ദ്രത്തിന്റെ രൂപകൽപന പൂർത്തിയാകുമെന്നു ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറിയും സമ്മേളനത്തിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ മേധാവിയുമായ ഡോ. എം. രവിചന്ദ്രൻ പറഞ്ഞു.
പുതിയ ഗവേഷണ കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതി എടിസിഎമ്മിൽ ഇന്ത്യ അവതരിപ്പിക്കും. സൗരോർജവും കാറ്റിൽ നിന്നുള്ള വൈദ്യുതിയും ഉപയോഗിക്കുന്ന തരത്തിലാണു പുതിയ ഗവേഷണ കേന്ദ്രം നിർമിക്കുക.
∙ നിയന്ത്രിത ടൂറിസം
അന്റാർട്ടിക്കയിലെ വിനോദസഞ്ചാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നയരൂപീകരണം ഇത്തവണത്തെ എടിസിഎമ്മിൽ നടക്കും. ഗവേഷണത്തിനു വേണ്ടിയല്ലാതെ അന്റാർട്ടിക്ക സന്ദർശിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ വർഷം 1.10 ലക്ഷം ടൂറിസ്റ്റുകളാണ് അന്റാർട്ടിക്ക സന്ദർശിച്ചത്. ഇതു മുൻകാലങ്ങളെക്കാൾ ഏറെ കൂടുതലാണ്. പരിസ്ഥിതി ലോല മേഖലയായ അന്റാർട്ടിക്കയുടെ സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ അവിടെ ടൂറിസം പ്രോത്സാഹിപ്പിക്കാവൂവെന്നാണ് ഇന്ത്യയുടെ നിലപാട്.
ദേശീയ സുരക്ഷ ഉപദേശക സമിതി അംഗവും എടിസിഎം ചെയർമാനുമായ പങ്കജ് ശരൺ, വിദേശകാര്യ മന്ത്രാലയം സെക്രട്ടറി പവൻ കപൂർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (എൻഐഎഎസ്) ഡയറക്ടർ ഡോ. ശൈലേഷ് നായിക് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ത്യ രണ്ടാം തവണയാണ് എടിസിഎമ്മിന് ആതിഥ്യം വഹിക്കുന്നത്. 2007ൽ ന്യൂഡൽഹിയിലാണ് മുൻപ് ഇന്ത്യയിലെ സമ്മേളനം നടന്നത്. 30നു സമാപിക്കുന്ന സമ്മേളനത്തിൽ 56 രാജ്യങ്ങളിൽ നിന്നായി 400 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.