മുസ്‌ലിം ലീഗ് പരാമർശം: വിശദീകരിച്ച് ബിജെപി; തിരുത്തോ ഖേദപ്രകടനമോ ഇല്ല, ആരോപണത്തിന്റെ ആവർത്തനം
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ വടക്ക്, തെക്ക് എന്നിങ്ങനെയോ സാമ്പത്തിക അസമത്വം, ഭാഷ, സംസ്കാരം എന്നിവയുടെ അടിസ്ഥാനത്തിലോ വിഭജിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനാലാണ് അവരുടെ പ്രകടനപത്രിയിൽ മുസ്‌ലിം ലീഗിന്റെ ആശയം പ്രതിഫലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്ന് തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ മറുപടിയിൽ ബിജെപി വ്യക്തമാക്കി. മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ മുസ്‌ലിം ലീഗ് താൽപര്യപ്പെട്ടതു പോലെയാണ് കോൺഗ്രസിന്റെ ശ്രമമെന്നും പെരുമാറ്റച്ചട്ട ലംഘന വിഷയത്തിൽ നൽകിയ മറുപടിയിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു.
ചട്ടലംഘനത്തിന് ബിജെപിയും കോൺഗ്രസും നൽകിയ ന്യായീകരണങ്ങൾ കമ്മിഷൻ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. ഇതു വ്യക്തമാക്കി കമ്മിഷൻ നൽകിയ കത്തിലാണ്, നേരത്തെ നഡ്ഡയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും നൽകിയ മറുപടിയിലെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്തെ സമ്പത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാൻ സർവേ നടത്തുമെന്ന് രാഹുൽ ഗാന്ധിയും പാരമ്പര്യസ്വത്ത് നികുതിയെക്കുറിച്ച് സാം പിത്രോദയും പറഞ്ഞതു ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ ദുരുദ്ദേശ്യം തുറന്നുകാട്ടാനാണ് മോദി ശ്രമിച്ചതെന്നു നഡ്ഡ പറയുന്നു. തുടർന്ന് ഇങ്ങനെ വിശദീകരിച്ചു: സാധാരണ ജനത്തിനുമേൽ ഭീമമായ നികുതി അടിച്ചേൽപിക്കുകയെന്നത് കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടാണ്; അങ്ങനെ ലഭിക്കുന്ന പണം ഒരു വിഭാഗത്തിനു നൽകാനാണ് ഉദ്ദേശിക്കുന്നത്.
ബിജെപിയുടെയും കോൺഗ്രസിന്റെയും അധ്യക്ഷൻമാർക്ക് കഴിഞ്ഞ മാസം 25നാണ് കമ്മിഷൻ നോട്ടിസ് നൽകിയത്. അതിനുശേഷം ബിജെപി കോൺഗ്രസിനെതിരെ 4 പരാതി കൂടി നൽകി; ബിജെപിക്കെതിരെ കോൺഗ്രസ് 11 പരാതിയും – കമ്മിഷൻ വ്യക്തമാക്കി.
കോൺഗ്രസിനോട് കമ്മിഷൻ; ഭരണഘടന അപകടത്തിലെന്ന പ്രയോഗം അരാജകത്വത്തിന് വഴിവയ്ക്കും
ഭരണഘടന അപകടത്തിലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെക്കുറിച്ച് ബിജെപിയിൽനിന്നു ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടി കമ്മിഷൻ, ഖർഗെയ്ക്കുള്ള കത്തിൽ ഇങ്ങനെ വ്യക്തമാക്കി: ‘ഭരണഘടനയോടു കൂറും പൂർണവിശ്വാസവും വ്യക്തമാക്കിയാണ് എംപിമാരും എംഎൽഎമാരും പ്രതിജ്ഞയെടുക്കുന്നത്. ആർക്കെങ്കിലും ഭരണഘടന റദ്ദാക്കാനോ വിൽക്കാനോ വലിച്ചുകീറാനോ സാധിക്കുമെന്നു പറയുന്നത് വോട്ടർമാരുടെ മനസ്സിൽ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുകയും അത് അരാജകത്വത്തിന് വഴിവയ്ക്കുകയും ചെയ്യും. ഒരു സ്ഥാനാർഥിക്കോ പാർട്ടിക്കോ എതിരെ അങ്ങനെ പറയുന്നത് ജനപ്രാതിനിധ്യ നിയമത്തിൽ പറയുന്ന നടപടിപ്പിഴവിന്റെ പരിധിയിൽ വരാം.’